ദിവ്യബലി വായനകൾ – The Most Holy Trinity – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 30/5/2021

The Most Holy Trinity – Solemnity 

Liturgical Colour: White.

പ്രവേശകപ്രഭണിതം

പിതാവായ ദൈവവും ദൈവത്തിന്റെ ജാതനായ ഏകപുത്രനും
പരിശുദ്ധാത്മാവും വാഴ്ത്തപ്പെട്ടവനാകട്ടെ.
എന്തെന്നാല്‍, അവിടന്ന് തന്റെ കാരുണ്യം നമ്മിലേക്കു ചൊരിഞ്ഞു.

സമിതിപ്രാര്‍ത്ഥന

പിതാവായ ദൈവമേ,
സത്യത്തിന്റെ വചനവും വിശുദ്ധീകരണത്തിന്റെ ആത്മാവും
ലോകത്തിലേക്ക് അയച്ചുകൊണ്ട്,
അങ്ങേ അദ്ഭുതകരമായ രഹസ്യം
മനുഷ്യര്‍ക്ക് അങ്ങു വെളിപ്പെടുത്തിയല്ലോ.
സത്യവിശ്വാസത്തിന്റെ പ്രഘോഷണംവഴി
നിത്യമായ ത്രിത്വത്തിന്റെ മഹത്ത്വം അംഗീകരിക്കാനും
മഹാപ്രാഭവമുള്ള ഏകത്വം ആരാധിക്കാനും
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നിയ 4:32-34,39-40b
മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ല.

മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്ടിച്ചതു മുതലുള്ള കാലത്തെപ്പറ്റി, ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ചോദിക്കുക; ഇതുപോലൊരു മഹാസംഭവം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ? ഏതെങ്കിലും ജനത എന്നെങ്കിലും അഗ്‌നിയുടെ മധ്യത്തില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍ വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തിപ്രകടനം, ഭയാനകപ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മധ്യത്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും ദൈവം എന്നെങ്കിലും ഉദ്യമിച്ചിട്ടുണ്ടോ?
മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍. ആകയാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകാനും ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു ശാശ്വതമായിത്തരുന്ന ദേശത്തു ദീര്‍ഘകാലം വസിക്കാനും വേണ്ടി കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:4-5,6,9,18-19,20,22

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു;
അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി;
അവിടുന്നു കല്‍പിച്ചു, അതു സുസ്ഥാപിതമായി.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ
മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

നാം കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ!
ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

രണ്ടാം വായന

റോമാ 8:14-17
പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണ് നാം ആബാ –പിതാവേ- എന്നുവിളിക്കുന്നത്.

ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു. നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 28:16-20
സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.

യേശു നിര്‍ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി. അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു. യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങേ നാമം വിളിച്ചപേക്ഷിക്കുന്നതു വഴി,
ഞങ്ങളുടെ ശുശ്രൂഷയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
അങ്ങ് പവിത്രീകരിക്കുകയും
അവയാല്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ ഒരു കാഴ്ചവസ്തുവായി മാറ്റുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ഗലാ 4:6

എന്തെന്നാല്‍, നിങ്ങള്‍ മക്കളായതുകൊണ്ട്,
അബ്ബാ – പിതാവേ, എന്നു വിളിക്കുന്ന
തന്റെ പുത്രന്റെ ആത്മാവിനെ
ദൈവം നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഈ കൂദാശയുടെ സ്വീകരണവും
നിത്യവും പരിശുദ്ധവുമായ ത്രിത്വത്തിന്റെയും
അവിടത്തെ വ്യക്തിപരമായ ഏകത്വത്തിന്റെയും പ്രഖ്യാപനവും
ഞങ്ങളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും
ആരോഗ്യത്തിന് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment