ദിവ്യബലി വായനകൾ – Saint Boniface / Saturday of week 9 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 5/6/2021

Saint Boniface, Bishop, Martyr 
on Saturday of week 9 in Ordinary Time

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, രക്തസാക്ഷിയായ വിശുദ്ധ ബോനിഫസ്
ഞങ്ങള്‍ക്ക് മധ്യസ്ഥനായിരിക്കട്ടെ.
അങ്ങനെ, അദ്ദേഹം അധരം കൊണ്ട് പഠിപ്പിച്ചതും
രക്തംകൊണ്ട് മുദ്രണം ചെയ്തതുമായ വിശ്വാസം
ദൃഢമായി ഞങ്ങള്‍ മുറുകെപ്പിടിക്കുകയും
പ്രവൃത്തികളിലൂടെ വിശ്വസ്തതാപൂര്‍വം
പ്രഖ്യാപിക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

തോബി 12:1,5-15,20b
ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുക. ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു മടങ്ങുകയാണ്.

അക്കാലത്ത്, തോബിത് മകന്‍ തോബിയാസിനെ വിളിച്ചുപറഞ്ഞു: മകനേ, നിന്നോടൊപ്പം വന്നവന്റെ കൂലി കൊടുക്കുക. പറഞ്ഞിരുന്നതിലും കൂടുതല്‍ കൊടുക്കണം. അവന്‍ ദൂതനെ വിളിച്ചുപറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നതിന്റെയെല്ലാം പകുതി എടുത്തുകൊള്ളുക.
ദൂതന്‍ രണ്ടുപേരെയും രഹസ്യമായി വിളിച്ചുപറഞ്ഞു: ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദിപറയുകയും ചെയ്യുവിന്‍. അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്മയെപ്രതി സകല ജീവികളുടെയും മുന്‍പില്‍ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുവിന്‍. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രഘോഷിച്ച് അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെ നാമത്തിനു മഹത്വം നല്‍കുകയും ചെയ്യുന്നത് ഉചിതമത്രേ. അവിടുത്തേക്കു നന്ദിപറയാന്‍ അമാന്തമരുത്. രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നതു നല്ലത്; ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രസിദ്ധമാക്കുന്നതു മഹനീയമാണ്. നന്മ ചെയ്യുക. നിനക്കു തിന്മ ഭവിക്കുകയില്ല. ഉപവാസം, ദാനധര്‍മം, നീതി എന്നിവയോടു കൂടിയാവുമ്പോള്‍ പ്രാര്‍ഥന നല്ലതാണ്. നീതിയോടുകൂടിയ അല്‍പമാണ് അനീതിയോടു കൂടിയ അധികത്തെക്കാള്‍ അഭികാമ്യം. സ്വര്‍ണം കൂട്ടിവയ്ക്കുന്നതിനെക്കാള്‍ ദാനം ചെയ്യുന്നത് നന്ന്. ദാനധര്‍മം മരണത്തില്‍ നിന്നു രക്ഷിക്കുന്നു; അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ പൂര്‍ണത ആസ്വദിക്കും.
പാപം ചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ്. ഞാന്‍ നിങ്ങളില്‍ നിന്ന് ഒന്നും ഒളിച്ചുവയ്ക്കുകയില്ല. രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നത് നല്ലത്. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രസിദ്ധമാക്കുന്നതു മഹനീയം എന്നു ഞാന്‍ പറഞ്ഞല്ലോ. നീയും നിന്റെ മരുമകള്‍ സാറായും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ്‌കരിച്ചപ്പോള്‍ ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നു. ഭക്ഷണമേശയില്‍ നിന്ന് എഴുന്നേറ്റു ചെന്ന് മൃതദേഹം സംസ്‌കരിക്കാന്‍ മടിക്കാതിരുന്ന നിന്റെ സത്പ്രവൃത്തി എനിക്ക് അജ്ഞാതമായിരുന്നില്ല; ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരുന്നു. ആകയാല്‍, നിന്നെയും നിന്റെ മരുമകള്‍ സാറായെയും സുഖപ്പെടുത്താന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു. ഞാന്‍ റഫായേലാണ്; വിശുദ്ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരില്‍ ഒരുവന്‍.
ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുക. ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു മടങ്ങുകയാണ്. സംഭവിച്ചതെല്ലാം എഴുതി സൂക്ഷിക്കുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

തോബി 13:2,6-8

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

അവിടുന്ന് ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു.
പാതാളത്തിലേക്കു താഴ്ത്തുകയും
അവിടെനിന്നു വീണ്ടും ഉയര്‍ത്തുകയും ചെയ്യുന്നു.
അവിടുത്തെ കരങ്ങളില്‍ നിന്ന് ആരും രക്ഷപെടുകയില്ല.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്മയെപ്പറ്റി ചിന്തിക്കുവിന്‍.
ഉച്ചത്തില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
നീതിയുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍.
യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിന്‍.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച്
ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു.
പാപികളായ ജനതയോട്
അവിടുത്തെ ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

പാപികളേ, പിന്‍തിരിയുവിന്‍;
അവിടുത്തെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍.
അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും
നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 12:38-44
ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു.

അക്കാലത്ത്, യേശു ജനങ്ങളെ ഇപ്രകാരം പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളില്‍ മുഖ്യസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.
അവന്‍ ഭണ്ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകള്‍ നിക്‌ഷേപിച്ചു. അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു. അവന്‍ ശിഷ്യന്മാരെ അടുത്തു വിളിച്ചുപറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ N ന്റെ
രക്തസാക്ഷിത്വം അനുസ്മരിച്ചുകൊണ്ട്,
ഞങ്ങളുടെ ഈ കാണിക്കകള്‍
അങ്ങേ അള്‍ത്താരയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
കര്‍ത്താവിന്റെ പീഡാസഹന രഹസ്യങ്ങള്‍
ആഘോഷിക്കുന്ന ഞങ്ങള്‍
അനുഷ്ഠിക്കുന്നത് അനുകരിക്കാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മര്‍ക്കോ 8:35

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എനിക്കു വേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ
സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയവിരുന്ന് ആഘോഷിച്ചുകൊണ്ട്
അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
മഹത്തായ വിശ്വാസത്തിന്റെ മാതൃക പിഞ്ചെല്ലാന്‍,
രക്തസാക്ഷി(ണി)യായ വിശുദ്ധ N ന്റെ സ്മരണ
ഞങ്ങളെ ഉത്തേജിപ്പിക്കുകയും
അദ്ദേഹത്തിന്റെ സമുചിതമായ പ്രാര്‍ഥന
നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment