ദിവ്യബലി വായനകൾ – Monday of week 10 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 7/6/2021

Monday of week 10 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,
അങ്ങേ പ്രചോദനത്താല്‍,
ശരിയായവമാത്രം ചിന്തിക്കാനും
അങ്ങേ മാര്‍ഗനിര്‍ദേശത്താല്‍
അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 കോറി 1:1-7b
ഞങ്ങള്‍ ദൈവത്തില്‍ നിന്ന് അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.

ദൈവതിരുമനസ്സാല്‍ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധര്‍ക്കും എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!
ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍ നിന്ന് അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്‌ളേശങ്ങളിലും സമാശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു. ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്, ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്കു ശക്തി ലഭിക്കുന്നതിനു വേണ്ടിയാണ്. ഞങ്ങള്‍ക്കു നിങ്ങളില്‍ ഉറച്ച പ്രത്യാശയുണ്ട്. ഞങ്ങളുടെ ക്ലേശങ്ങളില്‍ നിങ്ങള്‍ പങ്കുചേരുന്നതു പോലെ ഞങ്ങളുടെ സമാശ്വാസത്തിലും നിങ്ങള്‍ പങ്കുചേരും എന്നു ഞങ്ങള്‍ക്കറിയാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 34:1-8

കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!

കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി.

കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.

കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച്
അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 5:1-12b
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷ
കരുണയോടെ കടാക്ഷിക്കണമേ.
ഞങ്ങളര്‍പ്പിക്കുന്നത് അങ്ങേക്കു സ്വീകാര്യമായ അര്‍പ്പണവും
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനവും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 18:2

കര്‍ത്താവാണ് എന്റെ രക്ഷാശിലയും കോട്ടയും
വിമോചകനും എന്റെ ദൈവവും എന്റെ സഹായകനും.

Or:
1 യോഹ 4:16

ദൈവം സ്‌നേഹമാണ്,
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും
ദൈവം അവനിലും വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സൗഖ്യദായകമായ പ്രവര്‍ത്തനം
ഞങ്ങളെ ഞങ്ങളുടെ പാപങ്ങളില്‍നിന്ന്
കാരുണ്യപൂര്‍വം മോചിപ്പിക്കുകയും
നേരായവയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s