ദിവ്യബലി വായനകൾ – The Most Sacred Heart of Jesus – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 11/6/2021

The Most Sacred Heart of Jesus – Solemnity 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ പ്രിയപുത്രന്റെ ഹൃദയത്തില്‍ അഭിമാനിച്ചുകൊണ്ട്
അവിടത്തെ സ്‌നേഹത്തിന്റെ വിസ്മയനീയമായ അനുഗ്രഹങ്ങള്‍
അനുസ്മരിക്കുന്ന ഞങ്ങള്‍,
ആ സ്വര്‍ഗീയ നീരുറവയില്‍ നിന്ന് നിറഞ്ഞു കവിയുന്ന
കൃപ സ്വീകരിക്കാന്‍ അര്‍ഹരാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, ഞങ്ങളുടെ പാപങ്ങളാല്‍
മുറിവേല്പിക്കപ്പെട്ട അങ്ങേ പുത്രന്റെ
ഹൃദയത്തിലുള്ള സ്‌നേഹത്തിന്റെ അനന്തനിധി
ഞങ്ങള്‍ക്ക് കാരുണ്യപൂര്‍വം പ്രദാനംചെയ്യാന്‍ തിരുവുള്ളമാകണമേ.
അങ്ങനെ, ഞങ്ങളുടെ ഭക്തിയുടെ സ്‌നേഹാദരങ്ങള്‍
അവിടത്തേക്കു നല്കി,
അനുയുക്തമായ പാപപരിഹാരത്തിന്റെ ശുശ്രൂഷ
ഞങ്ങള്‍ പ്രകടമാക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹോസി 11:1,3-4,8-9
എന്റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരിക്കുന്നു.

കര്‍ത്താവിന്റെ വാക്കുകള്‍ ശ്രവിക്കുക:

ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്‌നേഹിച്ചു;
ഈജിപ്തില്‍ നിന്ന് ഞാന്‍ എന്റെ മകനെ വിളിച്ചു.
എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്.
ഞാന്‍ അവരെ എന്റെ കരങ്ങളിലെടുത്തു;
എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു
ഞാനാണെന്ന് അവര്‍ അറിഞ്ഞില്ല.
കരുണയുടെ കയര്‍ പിടിച്ച് ഞാന്‍ അവരെ നയിച്ചു-
സ്‌നേഹത്തിന്റെ കയര്‍തന്നെ.
ഞാന്‍ അവര്‍ക്കു താടിയെല്ലില്‍ നിന്നു
നുകം അയച്ചുകൊടുക്കുന്നവനായി.
ഞാന്‍ കുനിഞ്ഞ് അവര്‍ക്കു ഭക്ഷണം നല്‍കി.

എഫ്രായിം, ഞാന്‍ നിന്നെ എങ്ങനെ ഉപേക്ഷിക്കും?
ഇസ്രായേല്‍, ഞാന്‍ നിന്നെ എങ്ങനെ കൈവിടും?
ഞാന്‍ നിന്നെ എങ്ങനെ അദ്മായെ പോലെയാക്കും?
സെബോയിമിനോടെന്ന പോലെ നിന്നോട് എങ്ങനെ പെരുമാറും?
എന്റെ ഹൃദയം എന്നെ വിലക്കുന്നു.
എന്റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരിക്കുന്നു.
ഞാന്‍ എന്റെ ഉഗ്രകോപം നടപ്പാക്കുകയില്ല.
എഫ്രായിമിനെ വീണ്ടും നശിപ്പിക്കുകയില്ല;
ഞാന്‍ ദൈവമാണ്, മനുഷ്യനല്ല.
നിങ്ങളുടെ ഇടയില്‍ വസിക്കുന്ന പരിശുദ്ധന്‍ തന്നെ.
ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഏശ 12:2-6

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

ദൈവമാണ് എന്റെ രക്ഷ,
ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

രണ്ടാം വായന

എഫേ 3:8-12,14-19
അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാന്‍ ഇടയാകട്ടെ.

സഹോദരരേ, വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തില്‍ യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്തമാക്കി കൊടുക്കാനും ഉതകുന്ന വരം വിശുദ്ധരില്‍ ഏറ്റവും നിസ്സാരനായ എനിക്കു നല്‍കപ്പെട്ടു. സ്വര്‍ഗീയ ഇടങ്ങളിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്റെ ബഹുമുഖജ്ഞാനം വ്യക്തമാക്കി കൊടുക്കാന്‍വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെ നിത്യമായ ഉദ്ദേശ്യത്തിനനുസൃതമാണ്. അവനിലുള്ള വിശ്വാസം മൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.
ഇക്കാരണത്താല്‍, സഹോദരരേ, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


യോഹ 19:31-37
പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.

അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു. അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കിനില്‍ക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേ പ്രിയപുത്രന്റെ
ഹൃദയത്തിലെ അവാച്യമായ സ്‌നേഹം കടാക്ഷിക്കണമേ.
ഞങ്ങള്‍ സമര്‍പ്പിക്കുന്നത് അങ്ങേക്ക് സ്വീകാര്യമായ കാഴ്ചയും
ഞങ്ങളുടെ പാപങ്ങളുടെ പരിഹാരവും ആയിത്തീരട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 7:37-38

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വരട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്‍ പാനം ചെയ്യുകയും ചെയ്യട്ടെ.
അവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.


Or:
യോഹ 19:34

പടയാളികളില്‍ ഒരുവന്‍
അവന്റെ വിലാവില്‍ കുന്തംകൊണ്ട് കുത്തി;
ഉടനേ അതില്‍നിന്ന് രക്തവും ജലവും പുറപ്പെട്ടു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്‌നേഹത്തിന്റെ ഈ കൂദാശ
ഞങ്ങളെ ദിവ്യസ്‌നേഹത്താല്‍ തീക്ഷ്ണത ഉള്ളവരാക്കട്ടെ.
അതുവഴി, അങ്ങേ പുത്രനിലേക്ക് നിരന്തരം ആകര്‍ഷിക്കപ്പെട്ട്,
സഹോദരങ്ങളില്‍ അവിടത്തെ ദര്‍ശിക്കാന്‍ വേണ്ട അറിവ്
ഞങ്ങള്‍ സമ്പാദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment