ദിവ്യബലി വായനകൾ – Tuesday of week 11 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 15/6/2021

Tuesday of week 11 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 കോറി 8:1-9
അവന്‍ നിങ്ങളെപ്രതി ദരിദ്രനായി.

സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി. അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്ന മനസ്സോടെ ദാനം ചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും. വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടി ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോട് തീവ്രമായി അപേക്ഷിച്ചു. ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല; പ്രത്യുത, ആദ്യമേതന്നെ അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനും ദൈവഹിതമനുസരിച്ച് ഞങ്ങള്‍ക്കും സമര്‍പ്പിച്ചു. അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവനോട് അഭ്യര്‍ഥിച്ചു. നിങ്ങള്‍ എല്ലാ കാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണമായ ഉത്സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതു പോലെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ചുനില്‍ക്കുവിന്‍.
ഞാന്‍ നിങ്ങളോടു കല്‍പിക്കുകയല്ല, നിങ്ങളുടെ സ്‌നേഹം യഥാര്‍ഥമാണെന്ന് മറ്റുള്ളവരുടെ ഉത്സാഹത്തിലൂടെ തെളിയിക്കുകയാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 146:2,5-6ab,6c- 7,8-9a

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

ആയുഷ്‌കാലമത്രയും
ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും;
ജീവിതകാലം മുഴുവന്‍ ഞാന്‍
എന്റെ ദൈവത്തിനു കീര്‍ത്തനം പാടും.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍,
തന്റെ ദൈവമായ കര്‍ത്താവില്‍
പ്രത്യാശ വയ്ക്കുന്നവന്‍, ഭാഗ്യവാന്‍.
അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു;
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 5:43-48
നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍ പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.


Or:
യോഹ 17:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment