ദിവ്യബലി വായനകൾ Tuesday of week 12 in Ordinary Time / John Fisher / Thomas More

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

🔵 ചൊവ്വ, 22/6/2021

Tuesday of week 12 in Ordinary Time 
or Saints John Fisher, Bishop, and Thomas More, Martyrs 
or Saint Paulinus of Nola, Bishop 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍
അങ്ങ് പണിതുയര്‍ത്തിയവരെ
അങ്ങേ സംരക്ഷണത്തില്‍ നിന്ന്
അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.
അങ്ങേ നാമത്തോട് എപ്പോഴും ഞങ്ങള്‍
ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 13:2,5-18
നമ്മള്‍ സഹോദരന്മാരാണ്; അതിനാല്‍ നമ്മള്‍ തമ്മില്‍ കലഹമുണ്ടാകരുത്.

അബ്രാമിനു ധാരാളം കന്നുകാലികളും സ്വര്‍ണവും വെള്ളിയും ഉണ്ടായിരുന്നു. അവന്റെ കൂടെ പുറപ്പെട്ട ലോത്തിനും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും കൂടാരങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ ആ ദേശം മതിയായില്ല. കാരണം, അവര്‍ക്കു വളരെയേറെ സമ്പത്തുണ്ടായിരുന്നു. ഒന്നിച്ചു പാര്‍ക്കുക വയ്യാതായി. അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്ക്കുന്നവര്‍ തമ്മില്‍ കലഹമുണ്ടായി. അക്കാലത്ത് കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു. അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്. ഇതാ! ദേശമെല്ലാം നിന്റെ കണ്‍മുമ്പിലുണ്ടല്ലോ. എന്നെപ്പിരിഞ്ഞു പോവുക. ഇടത്തുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം. വലത്തുഭാഗമാണു നിനക്ക് ഇഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം. ജോര്‍ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു. അതു കര്‍ത്താവിന്റെ തോട്ടംപോലെയും സോവാറിനു നേരേയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. കര്‍ത്താവ് സോദോമും ഗൊമോറായും നശിപ്പിക്കുന്നതിനുമുമ്പുള്ള അവസ്ഥയായിരുന്നു അത്. ലോത്ത് ജോര്‍ദാന്‍ സമതലം തിരഞ്ഞെടുത്തു. അവന്‍ കിഴക്കോട്ടു യാത്ര തിരിച്ചു. അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു. അബ്രാം കാനാന്‍ ദേശത്തു താമസമാക്കി. ലോത്ത് സമതലത്തിലെ നഗരങ്ങളിലും വസിച്ചു. അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു. സോദോമിലെ ആളുകള്‍ ദുഷ്ടന്മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു.
അബ്രാം ലോത്തില്‍ നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും. ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. പൂഴി ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും. എഴുന്നേറ്റ് ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക. അത് നിനക്ക് ഞാന്‍ തരും. അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 15:2-3a,3bc-4ab,5

കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ ആരു വസിക്കും?

നിഷ്‌കളങ്കനായി ജീവിക്കുകയും
നീതിമാത്രം പ്രവര്‍ത്തിക്കുകയും
ഹൃദയം തുറന്നു സത്യം പറയുകയും
പരദൂഷണം പറയുകയോ ചെയ്യാത്തവന്‍.

കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ ആരു വസിക്കും?

സ്‌നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ
അപവാദം പരത്തുകയോ ചെയ്യാത്തവന്‍;
ദുഷ്ടനെ പരിഹാസ്യനായി കരുതുകയും
ദൈവഭക്തനോട് ആദരം കാണിക്കുകയും ചെയ്യുന്നവന്‍.

കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ ആരു വസിക്കും?

കടത്തിനു പലിശ ഈടാക്കുകയോ
നിര്‍ദോഷനെതിരേ കൈക്കൂലി
വാങ്ങുകയോ ചെയ്യാത്തവന്‍;
ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.

കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ ആരു വസിക്കും?

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 7:6,12-14
മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.
മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സംപ്രീതിയുടെയും സ്തുതിയുടെയും
ഈ ബലി സ്വീകരിക്കണമേ.
അതിന്റെ പ്രവര്‍ത്തനത്താല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേക്ക് പ്രീതികരമായ ഞങ്ങളുടെ മാനസങ്ങളുടെ
സ്‌നേഹാര്‍പ്പണം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 145:15

കര്‍ത്താവേ, എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിച്ചിരിക്കുകയും
അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുകയും ചെയ്യുന്നു.


Or:
യോഹ 10:11,15

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, തിരുശരീരത്തിന്റെയും
അമൂല്യമായ രക്തത്തിന്റെയും പോഷണത്താല്‍ നവീകൃതരായി,
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, നിരന്തരഭക്തിയാല്‍ അനുഷ്ഠിക്കുന്നത്
സുനിശ്ചിതമായ രക്ഷയിലൂടെ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment