ദിവ്യബലി വായനകൾ Wednesday of week 15 in Ordinary Time | Saint Camillus of Lellis

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

14-July-2021, ബുധൻ

Wednesday of week 15 in Ordinary Time or Saint Camillus of Lellis, Priest 

Liturgical Colour: Green.

____

ഒന്നാം വായന

പുറ 3:1-6,9-12

ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു.

അക്കാലത്ത്, മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല. അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.
അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളി കേട്ടു: ഇതാ ഞാന്‍! അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്. അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.
ഇതാ, ഇസ്രായേല്‍മക്കളുടെ നിലവിളി എന്റെയടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദിക്കുന്നുവെന്നു ഞാന്‍ കണ്ടു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവരണം. മോശ ദൈവത്തോടു പറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവരാനും ഞാന്‍ ആരാണ്? അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 103:1-2,3-4,6-7

R. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

R. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.

R. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു. അവിടുന്നു തന്റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍ ഇസ്രായേല്‍ ജനത്തിനും വെളിപ്പെടുത്തി.

R. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 11:25

അല്ലേലൂയാ, അല്ലേലൂയാ!
യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍
ഞാന്‍ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയാ!

____

സുവിശേഷം

മത്താ 11:25-27

നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരില്‍ നിന്നു മറച്ച്, ശിശുക്കള്‍ക്ക് വെളിപ്പെടുത്തി.

അക്കാലത്ത്, യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment