ദിവ്യബലി വായനകൾ Our Lady of Mount Carmel  / Friday of week 15 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 16/7/2021


Our Lady of Mount Carmel 
or Friday of week 15 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെ
ധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,
ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 11:10-12:14
സായാഹ്നത്തില്‍ ആട്ടിന്‍കുട്ടിയെ കൊല്ലണം. രക്തം കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും.

അക്കാലത്ത്, മോശയും അഹറോനും ഫറവോയുടെ സന്നിധിയില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, കര്‍ത്താവു ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ ഇസ്രായേല്‍ക്കാരെ തന്റെ രാജ്യത്തു നിന്നു വിട്ടയച്ചില്ല. കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം. ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍. കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍ നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമററതുമായ മുട്ടാട് ആയിരിക്കണം. ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം. അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം. ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം. പ്രഭാതമാകുമ്പോള്‍ അതില്‍ യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം. ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന്റെ പെസഹായാണ്.
ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറ തോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 116:12-13,15,16bc,17-18

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു
ഞാന്‍ എന്തുപകരം കൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.
കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ;
അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു
ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 12:1-8
മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്,പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? അല്ലെങ്കില്‍, സാബത്തുദിവസം ദേവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തു ലംഘിക്കുകയും അതേസമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment