ദിവ്യബലി വായനകൾ Saint Bonaventure | Thursday of week 15 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 15/7/2021

Saint Bonaventure, Bishop, Doctor 
on Thursday of week 15 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനം
ആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,
അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനും
അദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനും
അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 3:13-20
ഞാന്‍ ഞാന്‍ തന്നെ… അവിടുന്ന് എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.

അക്കാലത്ത്, മുള്‍പ്പടര്‍പ്പിന്റെ മദ്ധ്യത്തില്‍ കര്‍ത്താവിന്റെ സ്വരം കേട്ടപ്പോള്‍ മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.
നീ പോയി ഇസ്രായേല്‍ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു പ്രവര്‍ത്തിക്കുന്നതു കാണുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ഈജിപ്തിലെ കഷ്ടതകളില്‍ നിന്നു മോചിപ്പിച്ച്, കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക്, തേനും പാലും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നീ പറയുന്നത് അവര്‍ അനുസരിക്കും. ഇസ്രായേല്‍ ശ്രേഷ്ഠന്മാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെയടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം. കരുത്തുറ്റ കരംകൊണ്ട് നിര്‍ബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവു നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം. ഞാന്‍ കൈനീട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടയയ്ക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 105:1,6,8-9,24-25,26-27

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍;
അവിടുത്തെ പ്രവൃത്തികള്‍
ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.
അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ,
ഓര്‍മിക്കുവിന്‍.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

അവിടുന്നു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും;
തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും.
അബ്രാഹത്തോടു ചെയ്ത ഉടമ്പടി,
ഇസഹാക്കിനു ശപഥപൂര്‍വം നല്‍കിയ വാഗ്ദാനം തന്നെ.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

ദൈവം തന്റെ ജനത്തെ സന്താനപുഷ്ടിയുള്ളവരാക്കി;
തങ്ങളുടെ വൈരികളെക്കാള്‍ ശക്തരാക്കി.
തന്റെ ജനത്തെ വെറുക്കാനും തന്റെ ദാസരോടു
കൗശലം കാണിക്കാനും വേണ്ടി അവിടുന്ന് അവരെ പ്രേരിപ്പിച്ചു.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

അവിടുന്നു തന്റെ ദാസനായ മോശയെയും
താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു.
അവര്‍ അവരുടെ ഇടയില്‍ അവിടുത്തെ അടയാളങ്ങളും
ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!


സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 11:28-30
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമത്രേ.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.


Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment