ദിവ്യബലി വായനകൾ Saturday of week 15 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 17/7/2021

Saturday memorial of the Blessed Virgin Mary 
or Saturday of week 15 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,
മനസ്സിന്റെയും ശരീരത്തിന്റെയും ശാശ്വതമായ ആരോഗ്യത്തില്‍
അങ്ങേ ദാസരായ ഞങ്ങള്‍ക്ക് സന്തോഷിക്കാനും
പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ മാധ്യസ്ഥ്യത്താല്‍,
ഇക്കാലയളവിലെ വിഷമതകളില്‍ നിന്ന് വിമുക്തരായി
നിത്യാനന്ദം അനുഭവിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 12:37-42
അവരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി കര്‍ത്താവു ജാഗ്രത്തായി വര്‍ത്തിച്ച രാത്രിയാണത്.

അക്കാലത്ത്, ഇസ്രായേല്‍ക്കാര്‍ റമ്‌സേസില്‍ നിന്നു സുക്കോത്തിലേക്കു കാല്‍നടയായി യാത്ര തിരിച്ചു. അവര്‍ സ്ത്രീകളെയും കുട്ടികളെയും കൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരുണ്ടായിരുന്നു. ഇതരവിഭാഗത്തില്‍പ്പെട്ട വലിയൊരു ജനസമൂഹവും അവരോടൊപ്പം പുറപ്പെട്ടു. വളരെ ആടുകളും കന്നുകാലികളും അവരോടുകൂടെ ഉണ്ടായിരുന്നു. ഈജിപ്തില്‍ നിന്നു കൊണ്ടുപോന്ന മാവു പുളിപ്പിക്കാത്തതായിരുന്നതിനാല്‍, അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. തിടുക്കത്തില്‍ പുറത്താക്കപ്പെട്ടതിനാല്‍ യാത്രയ്ക്കായി ആഹാരമൊരുക്കാന്‍ അവര്‍ക്കു സമയം ലഭിച്ചില്ല. ഇസ്രായേല്‍ക്കാരുടെ ഈജിപ്തിലെ വാസകാലം നാനൂററി മുപ്പതു വര്‍ഷമായിരുന്നു. നാനൂററിമുപ്പതു വത്സരം പൂര്‍ത്തിയായ അന്നുതന്നെ കര്‍ത്താവിന്റെ ജനസമൂഹം മുഴുവന്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ടു. അവരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി കര്‍ത്താവു ജാഗ്രത്തായി വര്‍ത്തിച്ച രാത്രിയാണത്. അക്കാരണത്താല്‍, തലമുറതോറും ഇസ്രായേല്‍ക്കാര്‍ ഉറക്കമിളച്ചിരുന്ന്, ആ രാത്രി കര്‍ത്താവിന്റെ ബഹുമാനാര്‍ഥം ആചരിക്കണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 136:1,23-24,10-12,13-15

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.
or
അല്ലേലൂയ!

കര്‍ത്താവിനു നന്ദി പറയുവിന്‍; അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം അനന്തമാണ്.
അവിടുന്നു നമ്മെ ശത്രുക്കളില്‍ നിന്നു രക്ഷിച്ചു;
അവിടുന്ന് എല്ലാ ജീവികള്‍ക്കും ആഹാരം കൊടുക്കുന്നു;
അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.
or
അല്ലേലൂയ!

ഈജിപ്തിലെ ആദ്യജാതരെ അവിടുന്നു സംഹരിച്ചു;
അവിടുന്ന് അവരുടെയിടയില്‍ നിന്ന്
ഇസ്രായേലിനെ മോചിപ്പിച്ചു;
കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും
അവിടുന്ന് അവരെ മോചിപ്പിച്ചു.

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.
or
അല്ലേലൂയ!

അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു;
അതിന്റെ നടുവിലൂടെ അവിടുന്ന് ഇസ്രായേലിനെ നടത്തി;
ഫറവോയെയും അവന്റെ സൈന്യത്തെയും
അവിടുന്നു ചെങ്കടലില്‍ ആഴ്ത്തി;
അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 12:14-21
തന്നെ പരസ്യപ്പെടുത്തരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.

അക്കാലത്ത്, ഫരിസേയര്‍ അവിടെനിന്നു പോയി, യേശുവിനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന നടത്തി. ഇതു മനസ്സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി. തന്നെ പരസ്യപ്പെടുത്തരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു. ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനു വേണ്ടിയാണ്: ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവു പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെമേല്‍ എന്റെ ആത്മാവിനെ അയയ്ക്കും; അവന്‍ വിജാതീയരെ ന്യായവിധി അറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ ശബ്ദം ആരും കേള്‍ക്കുകയില്ല. നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല. അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശവയ്ക്കും.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment