ദിവ്യബലി വായനകൾ 16th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 18/7/2021

16th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയും
അങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വം
അവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.
അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹം
എന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,
അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായി
ഇവ കാത്തുപാലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 23:1-6
എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. അവയെ മേയ്ക്കുന്നതിന് ഇടയന്മാരെ ഞാന്‍ നിയോഗിക്കും.

എന്റെ മേച്ചില്‍സ്ഥലത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാര്‍ക്കു ശാപം – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് തന്റെ ജനത്തെ സംരക്ഷിക്കേണ്ട ഇടയന്മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ ആട്ടിന്‍പറ്റത്തെ ചിതറി ച്ചോടിച്ചു. നിങ്ങള്‍ അവയെ പരിപാലിച്ചില്ല. നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ക്കു ഞാന്‍ പകരം വിട്ടും. അവയെ ആട്ടിപ്പായിച്ച എല്ലാ ദേശങ്ങളില്‍ നിന്നും എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാന്‍ അവയെ കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകുകയും ചെയ്യും. അവയെ മേയ്ക്കുന്നതിന് ഇടയന്മാരെ ഞാന്‍ നിയോഗിക്കും. ഇനിമേല്‍ അവ ഭയപ്പെടുകയോ വേവലാതിപ്പെടുകയോ ഇല്ല; ഒന്നും കാണാതെ പോവുകയുമില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയും ന്യായവും അവന്‍ നടപ്പാക്കും. അവന്റെ നാളുകളില്‍ യൂദാ രക്ഷിക്കപ്പെടും; ഇസ്രായേല്‍ സുരക്ഷിതമായിരിക്കും. കര്‍ത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവന്‍ അറിയപ്പെടുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

രണ്ടാം വായന

എഫേ 2:13-18
ഇരുകൂട്ടരെയും ഒന്നിപ്പിക്കുന്ന ക്രിസ്തു നമ്മുടെ സമാധാനമാണ്.

സഹോദരരേ, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസ്തുവില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു. കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു. കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേ ശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്തത്. വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു. അതിനാല്‍, അവനിലൂടെ ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മാര്‍ക്കോ 6:30-34
അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു.

അക്കാലത്ത്, അപ്പോസ്തലന്മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം. അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേ അവിടെയെത്തി. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഏകബലിയുടെ സമ്പൂര്‍ണതയാല്‍
പഴയനിയമത്തിലെ വ്യത്യസ്ത ബലികളെല്ലാം
അങ്ങ് പൂര്‍ത്തീകരിച്ചുവല്ലോ.
അങ്ങേക്കു പ്രതിഷ്ഠിതരായ ദാസരില്‍നിന്ന്
ഈ ബലി സ്വീകരിക്കുകയും
ആബേലിന്റെ കാണിക്കകള്‍പോലെ ഇതിനെയും
അതേ അനുഗ്രഹത്താല്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങേ മഹിമയുടെ സ്തുതിക്കായി
അര്‍പ്പിക്കപ്പെടുന്ന ഓരോ ബലിയും
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 111:4-5

തന്റെ അദ്ഭുതപ്രവൃത്തികള്‍ അവിടന്ന് സ്മരണീയമാക്കി;
കര്‍ത്താവ് കൃപാലുവും വാത്സല്യനിധിയുമാണ്.
തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടന്ന് ആഹാരം നല്കുന്നു.


Or:
വെളി 3:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, ഞാന്‍ വാതില്ക്കല്‍നിന്നു മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കുവരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജന്മത്തിലേക്കു കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

ഉറങ്ങും മുൻപ്‌. 🙏


സ്നേഹമുള്ള ഈശോയെ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു. അങ്ങു നൽകിയ അനുഗ്രഹങ്ങൾക്കു ഞാൻ നന്ദി പറയുന്നു. എൻറെ ശരീരവും ആത്മാവും ഇവയുടെ എല്ലാ കഴിവുകളും എൻറെ എല്ലാ പ്രവൃത്തികളും പ്രാർത്ഥനകളും സന്തോഷങ്ങളും സങ്കടങ്ങളും വിചാരങ്ങൾ പോലും പരിശുദ്ധ മറിയത്തിൻറെ വിമലഹൃദയം വഴി, എൻറെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടെ യോഗ്യതകളോട് കൂടെ, അങ്ങേക്കു സമർപ്പിക്കുന്നു. എൻറെ എല്ലാ ഉദ്യമങ്ങളെയും അങ്ങ് ആശീർവദിക്കണമേ. പ്രവൃത്തികളെ അങ്ങു നിയന്ത്രിക്കണമേ. അങ്ങേ തിരുരക്തത്തിൽ പൊതിഞ്ഞ് എന്നെ സൂക്ഷിക്കണമേ. അങ്ങേ സ്നേഹത്തിൽ നിന്ന് ഒരു ശക്തിക്കും എന്നെ അകറ്റാൻ കഴിയാതിരിക്കട്ടെ. എല്ലാവരിലും അങ്ങയുടെ സ്നേഹം പകർന്നു കൊടുക്കുവാൻ കൃപ തരേണമേ. ഞാൻ കാണുന്ന എല്ലാറ്റിനെയും അങ്ങ് ആഗ്രഹിക്കുന്നതു പോലെ കാണുവാൻ സാധിക്കട്ടെ. സ്നേഹമുള്ള ഈശോയെ, എൻറെ മാതാപിതാക്കളേയും സഹോദരീസഹോദരന്മാരെയും സ്നേഹിതരെയും ഗുരുജനങ്ങളെയും ഉപകാരികളെയും എൻറെ പ്രാർത്ഥന ആഗ്രഹിക്കുന്ന ഏവരെയും അങ്ങ് അനുഗ്രഹിക്കണമേ. അവരെയെല്ലാം അങ്ങയോടുള്ള ഐക്യത്തിൽ സദാ കാത്തുകൊള്ളണമേ. ആദ്ധ്യാത്മീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ അവർക്കു നൽകണമേ. വേദനയിൽ സഹനശക്തിയും അപകടങ്ങളിൽ ധൈര്യവും രോഗത്തിൽ ശാന്തിയും പ്രയാസങ്ങളിൽ സന്തോഷവും കൊടുത്തനുഗ്രഹിക്കണമേ. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു നിത്യശാന്തി നൽകണമേ. പ്രലോഭനങ്ങളിൽ അകപ്പെടുന്നവർക്ക് കരുണയും പുണ്യജീവിതം നയിക്കുന്നവർക്ക് സ്ഥിരതയും കൊടുക്കണമേ.
ആമേൻ 🙏

Advertisements

Leave a comment