ദിവ്യബലി വായനകൾ Saint Mary Magdalen – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 22/7/2021

Saint Mary Magdalen – Feast 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ഏകജാതന്‍,
പെസഹാ സന്തോഷം മറ്റുള്ളവരെക്കാളും മുമ്പേ അറിയിക്കാന്‍
വിശുദ്ധ മേരി മഗ്ദലേനയെ ഭരമേല്പിച്ചുവല്ലോ.
ആ വിശുദ്ധയുടെ മാധ്യസ്ഥ്യത്താലും മാതൃകയാലും
ജീവിക്കുന്നവനായ ക്രിസ്തുവിനെ പ്രഘോഷിക്കാനും
അങ്ങേ മഹത്ത്വത്തില്‍ വാണരുളുന്ന
അവിടത്തെ ദര്‍ശിക്കാനും അനുഗ്രഹം നല്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്ത 3:1-4
എന്റെ പ്രാണപ്രിയനെ ഞാന്‍ കണ്ടെത്തി.

മണവാട്ടി പറഞ്ഞു:

എന്റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു,
ഞാനവനെ അന്വേഷിച്ചു; കണ്ടില്ല.
ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല.
ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും;
തെരുവീഥികളിലും തുറസ്സായ സ്ഥലങ്ങളിലും
എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും.
ഞാനവനെ അന്വേഷിച്ചു; കണ്ടില്ല.
നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി.
എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി.
ഞാന്‍ അവരെ കടന്നുപോയതേയുള്ളു;
അതാ, എന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെ പിടിച്ചു.
എന്റെ അമ്മയുടെ ഭവനത്തിലേക്ക്,
എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ
അവനെ ഞാന്‍ വിട്ടില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 63:63:1-4,6bc,7-8

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

ദൈവമേ, അവിടുന്നാണ് എന്റെ ദൈവം;
ഞാനങ്ങയെ തേടുന്നു.
എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
ഉണങ്ങിവരണ്ട ഭൂമിയെന്ന പോലെ
എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

അങ്ങേ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍
ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു.
അങ്ങേ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്;
എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
ഞാന്‍ കൈകളുയര്‍ത്തി അങ്ങേ നാമം വിളിച്ചപേക്ഷിക്കും.
ഞാന്‍ മജ്ജയും മേദസും കൊണ്ടെന്ന പോലെ സംതൃപ്തിയടയുന്നു.
എന്റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

അവിടുന്ന് എന്റെ സഹായമാണ്;
അങ്ങേ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും.
എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു;
അങ്ങേവലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.

യോഹ 20:1-2,11-18
സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്?

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
മറിയം കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി. വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു. അവര്‍ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള്‍ പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല. യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം. യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്‌ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു വേഗുരു എന്നര്‍ഥം. യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക. മഗ്ദലേനമറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്‍
വിശുദ്ധ മറിയം മഗ്ദലേനയുടെ സ്‌നേഹാര്‍പ്പണം
കനിവാര്‍ന്ന് സ്വീകരിച്ചുവല്ലോ.
ഈ വിശുദ്ധയുടെ സ്മരണ ആഘോഷിച്ചുകൊണ്ട്
അര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളും
പ്രീതിപൂര്‍വം സ്വീകരിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

2 കോറി 5:14,15

ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കു വേണ്ടി ജീവിക്കാതെ,
തങ്ങളെ പ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനു വേണ്ടി ജീവിക്കാന്‍,
ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ മറിയം മഗ്ദലേനയ്ക്ക്
തന്റെ ഗുരുവായ ക്രിസ്തുവിനോടുണ്ടായിരുന്ന നിരന്തരസ്‌നേഹം,
അങ്ങേ രഹസ്യങ്ങളുടെ വിശുദ്ധമായ സ്വീകരണം വഴി,
ഞങ്ങളിലേക്കും ചൊരിയുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment