ദിവ്യബലി വായനകൾ Saint Peter Chrysologus | Friday of week 17 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 30/7/2021

Saint Peter Chrysologus, Bishop, Doctor 
or Friday of week 17 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ വിശുദ്ധ പീറ്റര്‍ ക്രിസോലഗസിനെ അങ്ങ്,
അവതരിച്ച വചനത്തിന്റെ
നിസ്തുല പ്രഘോഷകനാക്കിത്തീര്‍ത്തുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ രക്ഷാകര രഹസ്യങ്ങള്‍
ഹൃദയങ്ങളില്‍ സദാ ധ്യാനിക്കാനും
പ്രവൃത്തികളില്‍ വിശ്വസ്തതയോടെ പ്രകടിപ്പിക്കാനും
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ലേവ്യ 23:1,4-11,15-16,27,34-37
കര്‍ത്താവിന്റെ തിരുനാളുകള്‍ നിങ്ങള്‍ക്ക് എത്രയും പ്രാധാന്യമേറിയതും വിശുദ്ധ സമ്മേളനത്തിനുള്ളതുമായിരിക്കണം

അക്കാലത്ത്, കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിശ്ചിത കാലത്ത് നിങ്ങള്‍ പ്രഖ്യാപിക്കേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍, വിശുദ്ധ സമ്മേളനങ്ങള്‍ ഇവയാണ്. ഒന്നാം മാസം പതിന്നാലാം ദിവസം വൈകുന്നേരം കര്‍ത്താവിന്റെ പെസഹായാണ്. ആ മാസം പതിനഞ്ചാം ദിവസം കര്‍ത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്കു വിശുദ്ധ സമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്. ഏഴു ദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍ പോകുന്ന ദേശത്ത് എത്തിച്ചേരുകയും അവിടെ നിങ്ങള്‍ വിളവെടുക്കുകയും ചെയ്യുമ്പോള്‍ കൊയ്ത്തിലെ ആദ്യഫലമായ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. നിങ്ങള്‍ കര്‍ത്താവിനു സ്വീകാര്യരാകാന്‍ വേണ്ടി ആ കറ്റ പുരോഹിതന്‍ അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം; സാബത്തിന്റെ പിറ്റേദിവസം അവന്‍ അതു ചെയ്യട്ടെ.
സാബത്തിന്റെ പിറ്റേദിവസം മുതല്‍, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതല്‍ ഏഴു പൂര്‍ണമായ ആഴ്ചകള്‍ നിങ്ങള്‍ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേ ദിവസം, അതായത് അന്‍പതാം ദിവസം കര്‍ത്താവിനു പുതിയ ധാന്യങ്ങള്‍കൊണ്ടു നിങ്ങള്‍ ധാന്യബലി അര്‍പ്പിക്കണം. ഏഴാം മാസം പത്താംദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കര്‍ത്താവിന് ദഹനബലി അര്‍പ്പിക്കുകയും വേണം.
ഇസ്രായേല്‍ ജനത്തോടു പറയുക, ഏഴാം മാസം പതിനഞ്ചാം ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് കര്‍ത്താവിന്റെ കൂടാരത്തിരുനാളാണ്. ആദ്യദിവസം ഒരു വിശുദ്ധ സമ്മേളനം കൂടണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്. ഏഴു ദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. എട്ടാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; കര്‍ത്താവിനു ദഹനബലിയും അര്‍പ്പിക്കണം. ഇത് ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്. കര്‍ത്താവിനു ദഹനബലിയും ധാന്യബലിയും പാനീയബലിയും മറ്റു ബലികളും അര്‍പ്പിക്കേണ്ടതും വിശുദ്ധ സമ്മേളനമായി നിങ്ങള്‍ പ്രഖ്യാപിക്കേണ്ടതും ആയ കര്‍ത്താവിന്റെ നിര്‍ദിഷ്ട തിരുനാളുകളാണ് ഇവ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 81:2-3,4-5,9-10

നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

തപ്പുകൊട്ടിയും കിന്നരവും വീണയും
ഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.
അമാവാസിയിലും നമ്മുടെ ഉത്സവദിനമായ
പൗര്‍ണമിയിലും കാഹളമൂതുവിന്‍.

നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

എന്തെന്നാല്‍, അത് ഇസ്രായേലിലെ ചട്ടവും
യാക്കോബിന്റെ ദൈവം നല്‍കിയ പ്രമാണവുമാണ്.
ഈജിപ്തിലേക്കു തിരിച്ചപ്പോള്‍ ജോസഫിനും
അവിടുന്ന് ഈ നിയമം നല്‍കി.

നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്;
ഒരന്യദൈവത്തെയും നീ വണങ്ങരുത്.
ഈജിപ്തു ദേശത്തുനിന്നു നിന്നെ മോചിപ്പിച്ച
ദൈവമായ കര്‍ത്താവു ഞാനാണ്.

നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 13:54-58
ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ?

അക്കാലത്ത്, യേശു സ്വദേശത്തു വന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്? അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി
തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍ തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment