Daily Readings

ദിവ്യബലി വായനകൾ The Transfiguration of the Lord –  Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 6/8/2021

The Transfiguration of the Lord – Feast 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ഏകജാതന്റെ
മഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍
വിശ്വാസരഹസ്യങ്ങള്‍ പൂര്‍വപിതാക്കന്മാരുടെ
സാക്ഷ്യത്താല്‍ അങ്ങ് സ്ഥിരീകരിക്കുകയും
സമ്പൂര്‍ണ ദത്തുപുത്രസ്ഥാനം വിസ്മയകരമായി
സൂചിപ്പിക്കുകയും ചെയ്തുവല്ലോ.
അങ്ങേ പ്രിയപുത്രന്റെ സ്വരം ശ്രവിച്ചുകൊണ്ട്,
അവിടത്തെ കൂട്ടവകാശികളായി ഭവിക്കാന്‍
അങ്ങേ ദാസരായ ഞങ്ങള്‍ക്കും അര്‍ഹത നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ദാനി 7:9-10,13-14
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം.


ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി,
പുരാതനനായവന്‍ ഉപവിഷ്ടനായി.
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം;
തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ!
തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം;
അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി.
അവന്റെ മുന്‍പില്‍ നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു.
ആയിരമായിരം പേര്‍ അവനെ സേവിച്ചു;
പതിനായിരം പതിനായിരം പേര്‍ അവന്റെ മുന്‍പില്‍ നിന്നു.
ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി.
ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു.

നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു,
ഇതാ, വാനമേഘങ്ങളോടുകൂടെ
മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.
അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും
അവനെ സേവിക്കേണ്ടതിന്
ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി.
അവന്റെ ആധിപത്യം ശാശ്വതമാണ്;
അത് ഒരിക്കലും ഇല്ലാതാവുകയില്ല.
അവന്റെ രാജത്വം അനശ്വരമാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 97:1-2,5-6,9

കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.

കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്;
നീതിയും ന്യായവും
അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.

കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.

കര്‍ത്താവിന്റെ മുന്‍പില്‍,
ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.

കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.

കര്‍ത്താവേ, അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്;
എല്ലാ ദേവന്മാരെയുംകാള്‍ ഉന്നതനാണ്.

കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മാര്‍ക്കോ 9:2-10
ഇവന്‍ എന്റെ പ്രിയപുത്രന്‍.

അക്കാലത്ത്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. അവര്‍ ചുറ്റുംനോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല.
അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍ നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു. മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ഞങ്ങളര്‍പ്പിച്ച കാണിക്കകള്‍
അങ്ങേ ഏക ജാതന്റെ മഹത്ത്വമേറിയ
രൂപാന്തരണത്താല്‍ പവിത്രീകരിക്കുകയും
അവിടത്തെ പ്രഭാപൂരത്താല്‍ പാപമാലിന്യങ്ങളില്‍ നിന്ന്
ഞങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. 1 യോഹ 3: 2

ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍,
നാം അവിടത്തോട് സദൃശരാകും;
എന്തെന്നാല്‍, അവിടന്ന് ആയിരിക്കുന്നപോലെ
നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ തേജസ്സ്
മഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍ വെളിപ്പെടുത്താന്‍
അങ്ങ് തിരുവുള്ളമായല്ലോ.
ഞങ്ങള്‍ സ്വീകരിച്ച സ്വര്‍ഗീയ ഭോജനം
അവിടത്തെ സാദൃശ്യത്തിലേക്ക് ഞങ്ങളെ
രൂപാന്തരപ്പെടുത്തണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും
വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s