🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ, 11/8/2021
Saint Clare, Virgin
on Wednesday of week 19 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ ക്ലാരയെ
ദാരിദ്ര്യത്തോടുള്ള സ്‌നേഹത്തിലേക്ക്
കാരുണ്യപൂര്‍വം അങ്ങ് നയിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,
ദാരിദ്ര്യാരൂപിയില്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്,
അങ്ങയെ ധ്യാനിക്കാന്‍
സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാനുളള അര്‍ഹത
ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
നിയ 34:1-12
കര്‍ത്താവ് അരുളിച്ചെയ്തതുപോലെ മോശ മൊവാബ് ദേശത്തുവച്ച് മരിച്ചു. അദ്ദേഹത്തെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഉണ്ടായിട്ടില്ല.
അക്കാലത്ത്, മോശ മൊവാബു സമതലത്തില്‍ നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന നെബോമലയിലെ പിസ്ഗായുടെ മുകളില്‍ കയറി. കര്‍ത്താവ് അവന് എല്ലാ പ്രദേശങ്ങളും കാണിച്ചു കൊടുത്തു – ഗിലയാദു മുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും നഫ്താലി മുഴുവനും എഫ്രായിമിന്റെയും മനാസ്സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രം വരെയുള്ള യൂദാദേശവും നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്‌വരയിലെ സോവാര്‍ വരെയുള്ള സമതലവും. അനന്തരം, കര്‍ത്താവ് അവനോടു പറഞ്ഞു: നിന്റെ സന്തതികള്‍ക്കു നല്‍കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്ത ദേശമാണിത്. ഇതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല. കര്‍ത്താവിന്റെ ദാസനായ മോശ അവിടുന്ന് അരുളിച്ചെയ്തതുപോലെ മൊവാബു ദേശത്തു വച്ചു മരിച്ചു. മൊവാബു ദേശത്തു ബത്‌പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിവില്ല. മരിക്കുമ്പാള്‍ മോശയ്ക്കു നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു. അവന്റെ കണ്ണു മങ്ങുകയോ ശക്തി ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. ഇസ്രായേല്‍ മുപ്പതുദിവസം മൊവാബുതാഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി. നൂനിന്റെ പുത്രനായ ജോഷ്വ ജ്ഞാനത്തിന്റെ ആത്മാവിനാല്‍ പൂരിതനായിരുന്നു; എന്തെന്നാല്‍, മോശ അവന്റെമേല്‍ കൈകള്‍ വച്ചിരുന്നു. ഇസ്രായേല്‍ ജനം അവന്റെ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്‍പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. കര്‍ത്താവിനാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും, ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 66:1-3a,5,8,16-17
നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്ന ദൈവം വാഴ്ത്തപ്പെടട്ടെ.
ഭൂവാസികളേ, ആഹ്‌ളാദത്തോടെ
ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍;
സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം!
നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്ന ദൈവം വാഴ്ത്തപ്പെടട്ടെ.
ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍,
മനുഷ്യരുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്.
ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍!
അവിടുത്തെ സ്തുതിക്കുന്ന സ്വരം ഉയരട്ടെ!
നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്ന ദൈവം വാഴ്ത്തപ്പെടട്ടെ.
ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍,
അവിടുന്ന് എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാന്‍ വിവരിക്കാം.
ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു;
എന്റെ നാവുകൊണ്ടു ഞാന്‍ അവിടുത്തെ പുകഴ്ത്തി.
നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്ന ദൈവം വാഴ്ത്തപ്പെടട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 18:15-20
നിന്റെ സഹോദരന്‍ നിന്റെ വാക്കു കേള്‍ക്കുന്നപക്ഷം നീ അവനെ നേടിക്കഴിഞ്ഞു.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵