ദിവ്യബലി വായനകൾ Saint Pius X, Pope 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 21/8/2021


Saint Pius X, Pope 
on Saturday of week 20 in Ordinary Time

Liturgical Colour: White.


സമിതിപ്രാര്‍ത്ഥന

ദൈവമേ, കത്തോലിക്കാവിശ്വാസം സംരക്ഷിക്കുന്നതിനും
ക്രിസ്തുവില്‍ സര്‍വവും പുനരുദ്ധരിക്കുന്നതിനും വേണ്ടി
വിശുദ്ധ പീയൂസ് പാപ്പായെ സ്വര്‍ഗീയജ്ഞാനവും
അപ്പസ്‌തോലിക സ്ഥൈര്യവും കൊണ്ട് അങ്ങ് നിറച്ചുവല്ലോ.
അദ്ദേഹത്തിന്റെ പ്രബോധനങ്ങളും മാതൃകയും പിഞ്ചെന്ന്,
നിത്യസമ്മാനം പ്രാപിക്കാന്‍
കാരുണ്യപൂര്‍വം ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റൂത്ത് 2:1-3,8-11,4:13-17
നിന്റെ കുടുംബം അന്യംനിന്നുപോകാതെ കര്‍ത്താവു കാത്തുരക്ഷിച്ചു. ഓബദ് ദാവീദിന്റെ പിതാവായ ജെസ്സെയുടെ പിതാവാണ്.

നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു. ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് നവോമിയോടു ചോദിച്ചു. അവള്‍ പറഞ്ഞു: പോയ്ക്കൊള്ളുക. റൂത്ത് വയലില്‍ച്ചെന്ന് കൊയ്ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിന്റെ കുടുംബത്തില്‍പ്പെട്ട ബോവാസിന്റെ വയലിലാണ് അവള്‍ എത്തിച്ചേര്‍ന്നത്.
അപ്പോള്‍ ബോവാസ് റൂത്തിനോടു പറഞ്ഞു: മകളേ, കാലാ പെറുക്കാന്‍ ഇവിടം വിട്ടു മറ്റു വയലുകളില്‍ പോകേണ്ടാ. എന്റെ ദാസിമാരോടുകൂടെ ചേര്‍ന്നുകൊള്ളുക. അവര്‍ കൊയ്യുന്നതെവിടെയെന്നു നോക്കി അവരെ പിന്തുടരുക. നിന്നെ ശല്യപ്പെടുത്തരുതെന്നു ഭൃത്യന്മാരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോള്‍ അവര്‍ കോരിവച്ചിട്ടുള്ള വെള്ളം കുടിക്കാം. അവള്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു ബോവാസിനോടു പറഞ്ഞു: അന്യനാട്ടുകാരിയായ എന്നോടു കരുണ തോന്നാന്‍ ഞാന്‍ അങ്ങേക്ക് എന്തു നന്മ ചെയ്തു? ബോവാസ് പറഞ്ഞു: ഭര്‍ത്താവിന്റെ മരണത്തിനുശേഷം നീ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്തതും മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട് അപരിചിതരായ ജനത്തിന്റെ ഇടയില്‍ വന്നതുമെല്ലാം എനിക്ക് അറിയാം.
അങ്ങനെ, ബോവാസ് റൂത്തിനെ സ്വീകരിച്ചു. അവള്‍ അവന്റെ ഭാര്യയായി. അവന്‍ അവളെ പ്രാപിച്ചു. കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ അവള്‍ ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിച്ചു. അപ്പോള്‍ സ്ത്രീകള്‍ നവോമിയോടു പറഞ്ഞു: നിനക്ക് ഒരു പിന്തുടര്‍ച്ചാവകാശിയെ നല്‍കിയ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ! ആ അവകാശി ഇസ്രായേലില്‍ പ്രസിദ്ധി ആര്‍ജിക്കട്ടെ! അവന്‍ നിനക്കു നവജീവന്‍ പകരും; വാര്‍ധക്യത്തില്‍ നിനക്കു താങ്ങായിരിക്കും. നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവളും ആയ നിന്റെ മരുമകളാണ് അവനെ പ്രസവിച്ചത്. നവോമി ശിശുവിനെ മാറോടണച്ചു. അവള്‍ അവനെ പരിചരിച്ചു. അയല്‍ക്കാരായ സ്ത്രീകള്‍, നവോമിക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്നുപറഞ്ഞ് ഓബദ് എന്ന് അവനു പേരിട്ടു. അവന്‍ ദാവീദിന്റെ പിതാവായ ജസ്സെയുടെ പിതാവാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 128:1-2,3,4-5

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അനുഗൃഹീതനാകും.

കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അനുഗൃഹീതനാകും.

നിന്റെ ഭാര്യ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും;
നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെയും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അനുഗൃഹീതനാകും.

കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അനുഗൃഹീതനാകും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 23:1-12
അവര്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം അങ്ങു സ്വീകരിച്ച
ഞങ്ങളുടെ ബലിവസ്തുക്കള്‍വഴി, ഞങ്ങളെ അനുഗ്രഹിക്കണമേ.
വിശുദ്ധ പീയൂസ് പാപ്പായുടെ ഉദ്‌ബോധനങ്ങള്‍ പിന്‍തുടരുന്ന ഞങ്ങള്‍
ആത്മാര്‍ഥമായ വിധേയത്വത്തോടെ ഈ ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കുകയും
വിശ്വസ്തമനസ്സോടെ സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ പീയൂസ് പാപ്പായുടെ സ്മരണ
ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സ്വര്‍ഗീയ ഭോജനത്തിന്റെ ശക്തിയാല്‍,
ഞങ്ങള്‍ വിശ്വാസത്തില്‍ സ്ഥിരതയോടെ നിലനില്ക്കുകയും
അങ്ങേ സ്‌നേഹത്തില്‍ ഒരുമയുള്ളവരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


🔵

Advertisements

Leave a comment