ദിവ്യബലി വായനകൾ Saint Rose of Lima, Virgin 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 23/8/2021

Monday of week 21 in Ordinary Time 
or Saint Rose of Lima, Virgin 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,
അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും
അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം
അങ്ങേ ജനത്തിനു നല്കണമേ.
അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,
എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,
ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തെസ 1:1-5,8-10
യേശു സ്വര്‍ഗത്തില്‍ നിന്നു വരുന്നതു കാത്തിരിക്കാതെ, നിങ്ങള്‍ വിഗ്രഹങ്ങളെ ഉപേക്ഷിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു.

പൗലോസും സില്‍വാനോസും തിമോത്തേയോസും ചേര്‍ന്ന് പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെഴുതുന്നത്. നിങ്ങള്‍ക്കു കൃപയും സമാധാനവും. ഞങ്ങളുടെ പ്രാര്‍ഥനകളില്‍ സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ദൈവത്തിനു ഞങ്ങള്‍ നന്ദിപറയുന്നു. നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തിയും സ്‌നേഹത്തിന്റെ പ്രയത്‌നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങള്‍ അനുസ്മരിക്കുന്നു.
ദൈവത്തിന്റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടുന്നു തെരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചതു വചനത്തില്‍ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോധ്യത്തോടെയുമത്രേ. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കു വേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ. തന്മൂലം, അതേക്കുറിച്ചു കൂടുതലായി ഒന്നുംതന്നെ ഞങ്ങള്‍ പറയേണ്ടതില്ല.
ഞങ്ങള്‍ക്ക് ഏതുവിധത്തിലുള്ള സ്വാഗതമാണു നിങ്ങളില്‍ നിന്നു ലഭിച്ചതെന്നും ജീവിക്കുന്ന സത്യദൈവത്തെ സേവിക്കുന്നതിനും, അവിടുന്നു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍ നിന്നു നമ്മെ മോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളില്‍ നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 149:1b-2,3-4,5-6a,9b

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍
തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

നൃത്തം ചെയ്തുകൊണ്ട് അവര്‍
അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍
ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍
ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 23:13-22
അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം.

അക്കാലത്ത്, ഈശോ അരുളിച്ചെയ്തു: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ ദേവാലയത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല. ദേവാലയത്തിലെ സ്വര്‍ണത്തെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്. അന്ധരും മൂഢരുമായവരേ, ഏതാണു വലുത്? സ്വര്‍ണമോ സ്വര്‍ണത്തെ പവിത്രമാക്കുന്ന ദേവാലയമോ? നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്ചവസ്തുവിനെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്. അന്ധരേ, ഏതാണു വലുത്? കാഴ്ചവസ്തുവോ കാഴ്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ? ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്മേലുള്ള എല്ലാ വസ്തുക്കളെക്കൊണ്ടും ആണയിടുന്നു. ദേവാലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു. സ്വര്‍ഗത്തെക്കൊണ്ട് ആണയിടുന്നവന്‍ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, എന്നേക്കുമായി അര്‍പ്പിക്കപ്പെട്ട ഏകബലിയാല്‍,
ദത്തെടുപ്പിന്റെ ജനതയെ അങ്ങേക്കു വേണ്ടി അങ്ങു നേടിയെടുത്തുവല്ലോ.
അങ്ങേ സഭയില്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ദാനങ്ങള്‍ കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു പ്രദാനംചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 104:13-15

കര്‍ത്താവേ, അങ്ങേ പ്രവൃത്തികളുടെ ഫലങ്ങളാല്‍
ഭൂമി തൃപ്തിയടയുന്നു.
ഭൂമിയില്‍നിന്ന് അപ്പവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും
അങ്ങ് പ്രദാനംചെയ്യുന്നു.


Or:
cf. യോഹ 6:54

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം
പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.
അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും.

🔵

Advertisements

Leave a comment