ദിവ്യബലി വായനകൾ Wednesday of week 22 in Ordinary Time 

🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 1/9/2021

Wednesday of week 22 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

കൊളോ 1:1-8
സുവിശേഷ സത്യത്തിന്റെ വചനം ലോകത്തില്‍ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലുമെത്തി.

ദൈവഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസും സഹോദരനായ തിമോത്തേയോസും കൂടെ ക്രിസ്തുവില്‍ വിശുദ്ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും!
ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോഴൊക്കെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു നന്ദിപറയുന്നു. എന്തെന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്‌നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു. നിങ്ങളോട് അറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്റെ വചനത്തില്‍ നിന്ന് ഈ പ്രത്യാശയെക്കുറിച്ചു മുമ്പുതന്നെ നിങ്ങള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്റെ കൃപ പൂര്‍ണമായി മനസ്സിലാക്കുകയും ചെയ്ത നാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തും എന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും സഹശുശ്രൂഷകന്‍ എപ്പഫ്രാസില്‍ നിന്നാണല്ലോ നിങ്ങള്‍ ഇതു ഗ്രഹിച്ചത്. നിങ്ങള്‍ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ വിശ്വസ്തനായ ശുശ്രൂഷകനാണ് അവന്‍. ആത്മാവിലുള്ള നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് അവന്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 52:8-9

ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന
ഒലിവുമരം പോലെയാണു ഞാന്‍;
ദൈവത്തിന്റെ കാരുണ്യത്തില്‍
ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി
ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും;
അങ്ങേ ഭക്തരുടെ മുന്‍പില്‍
ഞാന്‍ അങ്ങേ നാമം പ്രകീര്‍ത്തിക്കും;
എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്.

ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 4:38-44
മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശു സിനഗോഗില്‍ നിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടു സഹായം അപേക്ഷിച്ചു. അവന്‍ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി. ഉടനെ അവള്‍ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു. വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈവച്ച് അവന്‍ അവരെ സുഖപ്പെടുത്തി. നീ ദൈവപുത്രനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അനേകരില്‍ നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവയെ ശാസിച്ചു. താന്‍ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല.
പ്രഭാതമായപ്പോള്‍ അവന്‍ ഒരു വിജനസ്ഥലത്തേക്കു പോയി. ജനക്കൂട്ടം അവനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവനെ നിര്‍ബന്ധിച്ചു. എന്നാല്‍, അവന്‍ പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. അവന്‍ യൂദയായിലെ സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 31:19

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!
അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.


Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി
അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്‌നേഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment