ദിവ്യബലി വായനകൾ 24th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ,12/9/2021

24th Sunday in Ordinary Time 

Liturgical Colour: Green.


സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,
ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 50:5-9
അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു.


ദൈവമായ കര്‍ത്താവ് എന്റെ കാതുകള്‍ തുറന്നു.
ഞാന്‍ എതിര്‍ക്കുകയോ പിന്മാറുകയോ ചെയ്തില്ല.
അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു
കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു.
നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല.

ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍
ഞാന്‍ പതറുകയില്ല.
ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി.
എനിക്കു ലജ്ജിക്കേണ്ടി വരുകയില്ലെന്നു ഞാനറിയുന്നു.
എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്റെ അടുത്തുണ്ട്.
ആരുണ്ട് എന്നോടു മത്സരിക്കാന്‍?
നമുക്ക് നേരിടാം, ആരാണ് എന്റെ എതിരാളി?
അവന്‍ അടുത്തു വരട്ടെ!

ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നു.
ആര് എന്നെ കുറ്റം വിധിക്കും?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 116:1-2,3-4,5-6,8-9

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു,
എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രവിച്ചു.
അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു,
ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

മരണക്കെണി എന്നെ വലയംചെയ്തു;
പാതാളപാശങ്ങള്‍ എന്നെ ചുറ്റി;
ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു;
കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു;
എന്റെ ജീവന്‍ രക്ഷിക്കണമേ!

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

കര്‍ത്താവു കരുണാമയനും നീതിമാനും ആണ്;
നമ്മുടെ ദൈവം കൃപാലുവാണ്.
എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു;
ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

അവിടുന്ന് എന്റെ പ്രാണനെ മരണത്തില്‍ നിന്നും
ദൃഷ്ടികളെ കണ്ണീരില്‍ നിന്നും
കാലുകളെ ഇടര്‍ച്ചയില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍
കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

രണ്ടാം വായന

യാക്കോ 2:14-18b
പ്രവൃത്തി കൂടാതെയുള്ള വിശ്വാസം മൃതമാണ്.

എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്. എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 8:27-35
നീ ക്രിസ്തുവാണ്… മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്മാരില്‍ ഒരുവന്‍ എന്നും പറയുന്നു. അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.
മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്സം പറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍ നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
യേശു ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും
അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!
മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.


Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം
ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം
ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment