ദിവ്യബലി വായനകൾ Thursday of week 24 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 16/9/2021

Saints Cornelius, Pope, and Cyprian, Bishop, Martyrs 
on Thursday of week 24 in Ordinary Time

Liturgical Colour: Red.


സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും
അങ്ങേ ജനത്തിനുവേണ്ടി, തീക്ഷ്ണതയുള്ള അജപാലകരും
അജയ്യരായ രക്തസാക്ഷികളുമായി അങ്ങു നല്കിയല്ലോ.
അവരുടെ മാധ്യസ്ഥ്യത്താല്‍,
വിശ്വാസത്താലും സ്ഥിരതയാലും ഞങ്ങള്‍ ശക്തരാകാനും
സഭയുടെ ഐക്യത്തിനുവേണ്ടി
തീവ്രമായി പരിശ്രമിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തിമോ 4:12-16
നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.

വാത്സല്യമുള്ളവനേ, ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാക്കരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്കു മാതൃകയായിരിക്കുക.
ഞാന്‍ വരുന്നതുവരെ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്‍കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം. പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പുവഴിയും നിനക്കു നല്‍കപ്പെട്ട കൃപാവരം അവഗണിക്കരുത്. ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ഠിക്കുക; അവയ്ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതി കാണാന്‍ ഇടയാകട്ടെ. നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്‍ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 111:7-8,9,10

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.
or
അല്ലേലൂയ!

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാണ്.
അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്;
വിശ്വസ്തതയോടും പരമാര്‍ഥതയോടുംകൂടെ പാലിക്കപ്പെടാന്‍,
അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.
or
അല്ലേലൂയ!

അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു;
അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു;
വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെ നാമം.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.
or
അല്ലേലൂയ!

ദൈവഭക്തിയാണു ജ്ഞാനത്തിന്റെ ആരംഭം;
അതു പരിശീലിക്കുന്നവര്‍ വിവേകികളാകും.
അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും!

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.
or
അല്ലേലൂയ!


സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 7:36-50
ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു.

അക്കാലത്ത്, ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്ഷണം കഴിക്കാന്‍ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്റെ വീട്ടില്‍ അവന്‍ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു. അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയന്‍ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവന്‍ പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്പര്‍ശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി ആണല്ലോ. യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവന്‍ പറഞ്ഞു. ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്‌നേഹിക്കുക? ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്‌തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെ നേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കു വെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടി കൊണ്ട് തുടയ്ക്കുകയും ചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍ നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു. അവന്‍ അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍ പരസ്പരം പറയാന്‍ തുടങ്ങി: പാപങ്ങള്‍ ക്ഷമിക്കുക പോലും ചെയ്യുന്ന ഇവന്‍ ആരാണ്? അവന്‍ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷികളായ വിശുദ്ധരുടെ
പീഡാസഹനത്തെ പ്രതി അര്‍പ്പിച്ച
അങ്ങേ ജനത്തിന്റെ കാണിക്കകള്‍ സ്വീകരിക്കണമേ.
വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും
മതപീഡനത്തില്‍ ധീരതയോടെ ശുശ്രൂഷചെയ്യാന്‍
സഹായിച്ച ഈ കാണിക്കകള്‍,
ഞങ്ങള്‍ക്കും പ്രതിസന്ധികളില്‍
സ്ഥിരത പ്രദാനം ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 22:28-30

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പരീക്ഷകളില്‍ എന്നോടു കൂടെ നിലനിന്നവരാണ് നിങ്ങള്‍.
ഞാന്‍ നിങ്ങള്‍ക്ക് രാജ്യം തരുന്നു;
അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍,
എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും
പാനം ചെയ്യുകയും ചെയ്യുന്നതിനു വേണ്ടിയത്രേ.


Or:

ഇതാ, ദൈവത്തിന്റെ മുമ്പില്‍,
വിശുദ്ധരുടെ സമ്മാനം വളരെ അമൂല്യമാണ്;
അവര്‍ തന്നെ കര്‍ത്താവിനുവേണ്ടി
യഥാര്‍ഥത്തില്‍ മരണം വരിക്കുകയും
എന്നേക്കും ജീവിക്കുകയും ചെയ്യുന്നു.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച
ഈ രഹസ്യങ്ങള്‍ വഴി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
രക്തസാക്ഷികളായ വിശുദ്ധരായ കൊര്‍ണേലിയൂസിന്റെയും
സിപ്രിയന്റെയും മാതൃകയാല്‍
അങ്ങേ ചൈതന്യത്തിന്റെ ശക്തിയാല്‍ സ്ഥിരീകരിക്കപ്പെട്ട്,
സുവിശേഷ സത്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍
ഞങ്ങള്‍ക്കും കഴിയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment