ദിവ്യബലി വായനകൾ Padre Pio

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 23/9/2021


Saint Pius of Pietrelcina (Padre Pio) 
on Thursday of week 25 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
നിസ്തുലമായ കൃപയാല്‍, വൈദികനായ വിശുദ്ധ പീയൂസിനെ
അങ്ങേ പുത്രന്റെ കുരിശില്‍ പങ്കുചേരാന്‍
അങ്ങ് അനുഗ്രഹിക്കുകയും
അദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍
അങ്ങേ കൃപയുടെ അദ്ഭുതപ്രവൃത്തികള്‍
നവീകരിക്കുകയും ചെയ്തുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിന്റെ സഹനങ്ങളോട്
ഞങ്ങള്‍ നിരന്തരം ഐക്യപ്പെടാനും
ഉയിര്‍പ്പിന്റെ മഹത്ത്വത്തില്‍ സന്തോഷത്തോടെ
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹഗ്ഗാ 1:1-8
എനിക്കു സ്വീകാര്യമായ ആലയം പണിയുവിന്‍.

ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവര്‍ഷം ആറാം മാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലിനും, യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിതനുമായ ജോഷ്വയ്ക്കും ഹഗ്ഗായി പ്രവാചകന്‍ വഴി ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു. അപ്പോള്‍ ഹഗ്ഗായി പ്രവാചകന്‍ വഴി കര്‍ത്താവ് അരുളിച്ചെയ്തു: ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ? അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍. നിങ്ങള്‍ ഏറെ വിതച്ചു, കുറച്ചുമാത്രം കൊയ്തു. നിങ്ങള്‍ ഭക്ഷിക്കുന്നു, ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങള്‍ പാനം ചെയ്യുന്നു, തൃപ്തി വരുന്നില്ല. നിങ്ങള്‍ വസ്ത്രം ധരിക്കുന്നു, ആര്‍ക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന് അതു ലഭിക്കുന്നത് ഓട്ടസഞ്ചിയില്‍ ഇടാന്‍ മാത്രം! സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഈ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍. നിങ്ങള്‍ മലയില്‍ ചെന്ന് തടി കൊണ്ടുവന്ന് ആലയം പണിയുവിന്‍; ഞാന്‍ അതില്‍ സംപ്രീതനാകും. മഹത്വത്തോടെ ഞാന്‍ അതില്‍ പ്രത്യക്ഷനാകും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 149:1b-2,3-4,5-6a,9b

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍;
കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

നൃത്തം ചെയ്തുകൊണ്ട്
അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:7-9
ഞാന്‍ യോഹന്നാനെ ശിരച്ഛേദം ചെയ്തു; പിന്നെ ആരെപ്പറ്റിയാണു ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്.

അക്കാലത്ത്, സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍, യോഹന്നാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്മാരില്‍ ഒരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരശ്‌ഛേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവന്‍ ആരാണ്? അവനെ കാണാന്‍ ഹേറോദേസ് ആഗ്രഹിച്ചു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.


Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment