ദിവ്യബലി വായനകൾ Saturday of week 25 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 25/9/2021

Saturday of week 25 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സഖ 2:5-9,14-15
ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും.

അക്കാലത്ത്, ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍. നീ എവിടെ പോകുന്നു? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ജറുസലെമിനെ അളന്ന് അതിന്റെ നീളവും വീതിയും എത്രയെന്നു നോക്കാന്‍ പോകുന്നു. എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ മുന്നോട്ടുവന്നു. അവനെ സ്വീകരിക്കാന്‍ മറ്റൊരു ദൂതനും വന്നു. അവന്‍ പറഞ്ഞു: ഓടിച്ചെന്ന് ആ യുവാവിനോടു പറയുക. ജറുസലെം മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍പോലെ കിടക്കും. ഞാന്‍ അതിനു ചുറ്റും അഗ്നികൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.
സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ജെറ 31:10-12a,13

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍,
വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍;
ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും
ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും
എന്നുപറയുവിന്‍.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;
ബലിഷ്ഠകരങ്ങളില്‍ നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
ആഹ്ളാദാരവത്തോടെ അവര്‍ സീയോന്‍ മലയിലേക്കു വരും.
കര്‍ത്താവിന്റെ വിശിഷ്ടദാനങ്ങളായ
ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍
എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും;
യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും.
ഞാന്‍ അവരുടെ വിലാപം ആഹ്ളാദമാക്കി മാറ്റും;
അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്യും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:43-45
മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും. അതിനെപ്പറ്റി ചോദിക്കുവാന്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു.

അക്കാലത്ത്, ജനക്കൂട്ടം മുഴുവന്‍ യേശുവിന്റെ പ്രവര്‍ത്തനങ്ങളില്‍ വിസ്മയഭരിതരായിരിക്കുമ്പോള്‍, അവിടുന്നു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. അവര്‍ക്ക് ഈ വചനം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരു ന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment