ദിവ്യബലി വായനകൾ Saint John XXIII, Pope 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 11/10/2021

Saint John XXIII, Pope 
or Monday of week 28 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
നല്ലിടയനായ ക്രിസ്തുവിന്‍റെ സജീവപ്രതിരൂപം,
പാപ്പായായ വിശുദ്ധ ജോണില്‍
ലോകമെങ്ങും പ്രശോഭിക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അദ്ദേഹത്തിന്‍റെ മാതൃകയാല്‍,
ക്രിസ്തീയ സ്‌നേഹത്തിന്‍റെ സമ്പൂര്‍ണത
സന്തോഷപൂര്‍വം വ്യാപിപ്പിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 1:1-7
ദാവീദിന്റെ സന്തതിയില്‍ നിന്നു ജനിച്ച യേശുക്രിസ്തു ദൈവപുത്രനാണ്‌.

യേശുക്രിസ്തുവിന്റെ ദാസനും അപ്പോസ്തലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്. ഈ സുവിശേഷം വിശുദ്ധലിഖിതങ്ങളില്‍ പ്രവാചകന്മാര്‍ മുഖേന ദൈവം മുന്‍കൂട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ഇത് അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന്‍, ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍ നിന്നു ജനിച്ചവനും മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനം വഴി വിശുദ്ധിയുടെ ആത്മാവിനു ചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്. അവന്റെ നാമത്തെപ്രതി, വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെയിടയിലും ഉളവാകേണ്ടതിന്, ഞങ്ങള്‍ കൃപയും അപ്പോസ്തലസ്ഥാനവും പ്രാപിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ സ്വന്തമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരില്‍ ഉള്‍പ്പെടുന്നു. ദൈവത്തിന്റെ സ്‌നേഹഭാജനങ്ങളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1bcde,2-3ab,3cd-4

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധ ഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം
ലൂക്കാ 11:29-32
യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല.

അക്കാലത്ത്, ജനക്കൂട്ടം വര്‍ധിച്ചുവന്നപ്പോള്‍ യേശു അരുളിച്ചെയ്തു: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍! നിനെവേ നിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗംകേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍
തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment