ദിവ്യബലി വായനകൾ 29th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 17/10/2021

29th Sunday in Ordinary Time 

Liturgical Colour: Green.


സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴും
അങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനും
ആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനും
ഞങ്ങള്‍ക്കിടവരുത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 53:10-11b
പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും;


അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്.
പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍
അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും
ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും;
കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.

തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും.
നീതിമാനായ എന്റെ ദാസന്‍
തന്റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും;
അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:4-5,18-19,20,22

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ
മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

നാം കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ!
ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

രണ്ടാം വായന

ഹെബ്രാ 4:14-16
നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

പ്രിയ സഹോദരരേ, സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ . അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 10:35-45
മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനത്രേ.

സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: അങ്ങേ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങേ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ! യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം നിങ്ങള്‍ സ്വീകരിക്കും. എന്നാല്‍, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക് യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി. യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വതന്ത്രമനസ്സോടെ അങ്ങേ ദാനങ്ങള്‍
ആദരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷിക്കുന്ന അതേ രഹസ്യങ്ങള്‍വഴി,
ഞങ്ങള്‍ നിര്‍മലരായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 33:18-19

ഇതാ, തന്നെ ഭയപ്പെടുന്നവരുടെ മേലും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരുടെ മേലും
കര്‍ത്താവിന്റെ നയനങ്ങള്‍ ഉണ്ടായിരിക്കും.
അവിടന്ന് അവരുടെ പ്രാണന്‍ മരണത്തില്‍ നിന്നു രക്ഷിക്കുന്നു,
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.


Or:
മര്‍ക്കോ 10:45

മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്
തന്റെ ജീവന്‍ അനേകര്‍ക്കു വേണ്ടി
മോചനദ്രവ്യമായി നല്കാനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ വസ്തുക്കളുടെ പങ്കാളിത്തം
ഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങള്‍ ഇഹലോക നന്മകളാല്‍ സംപൂരിതരും
പരലോക നന്മകളാല്‍ ഉദ്‌ബോധിതരും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment