ദിവ്യബലി വായനകൾ Tuesday of week 29 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 19/10/2021


Tuesday of week 29 in Ordinary Time 
or Saints John de Brébeuf and Isaac Jogues, priests, and their Companions, Martyrs 
or Saint Paul of the Cross, Priest 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴും
അങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനും
ആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനും
ഞങ്ങള്‍ക്കിടവരുത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 5:12,15,17-21
ഒരു മനുഷ്യന്‍ മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, ഒരു മനുഷ്യന്‍ മൂലം എത്രയോ അധികമായി അവര്‍ ജീവനില്‍ വാഴും.

സഹോദരരേ, ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. ഒരു മനുഷ്യന്റെ പാപം മൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു! ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍ മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍ മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!
അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും. എന്നാല്‍, പാപം വര്‍ധിച്ചിടത്ത് കൃപ അതിലേറെ വര്‍ധിച്ചു. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 40:6-8,16

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

അങ്ങയെ അന്വേഷിക്കുന്നവര്‍
അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ!
അങ്ങേ രക്ഷയെ സ്‌നേഹിക്കുന്നവര്‍
കര്‍ത്താവു വലിയവനാണെന്നു
നിരന്തരം ഉദ്‌ഘോഷിക്കട്ടെ!

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 12:36-38
യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍. തങ്ങളുടെ യജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍. യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവന്‍ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായി കണ്ടാല്‍ ആ ഭ്യത്യന്മാര്‍ ഭാഗ്യവാന്മാര്‍.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വതന്ത്രമനസ്സോടെ അങ്ങേ ദാനങ്ങള്‍
ആദരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷിക്കുന്ന അതേ രഹസ്യങ്ങള്‍വഴി,
ഞങ്ങള്‍ നിര്‍മലരായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 33:18-19

ഇതാ, തന്നെ ഭയപ്പെടുന്നവരുടെ മേലും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരുടെ മേലും
കര്‍ത്താവിന്റെ നയനങ്ങള്‍ ഉണ്ടായിരിക്കും.
അവിടന്ന് അവരുടെ പ്രാണന്‍ മരണത്തില്‍ നിന്നു രക്ഷിക്കുന്നു,
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.


Or:
മര്‍ക്കോ 10:45

മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്
തന്റെ ജീവന്‍ അനേകര്‍ക്കു വേണ്ടി
മോചനദ്രവ്യമായി നല്കാനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ വസ്തുക്കളുടെ പങ്കാളിത്തം
ഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങള്‍ ഇഹലോക നന്മകളാല്‍ സംപൂരിതരും
പരലോക നന്മകളാല്‍ ഉദ്‌ബോധിതരും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment