ദിവ്യബലി വായനകൾ Wednesday of week 29 in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

20-Oct-2021, ബുധൻ

Wednesday of week 29 in Ordinary Time 

Liturgical Colour: Green.

____

ഒന്നാം വായന

റോമാ 6:12-18

മരിച്ചവരില്‍ നിന്ന് ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുവിന്‍.

സഹോദരരേ, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്; പ്രത്യുത, മരിച്ചവരില്‍ നിന്നു ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍. പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്. അതുകൊണ്ടെന്ത്? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്ക്കു കീഴ്‌പ്പെട്ടവരാണ് എന്നതുകൊണ്ട് നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല.
നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്റെ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകള്‍. ഒരിക്കല്‍ നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനം ഹൃദയപൂര്‍വം അനുസരിച്ച്, പാപത്തില്‍ നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക് അടിമകളായതിനാല്‍ ദൈവത്തിനു നന്ദി.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 124:1b-3,4-6,7-8

R. കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവു നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍, അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.

R. കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു;
മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു. ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു. നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!

R. കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു; കെണി തകര്‍ന്നു നാം രക്ഷപെട്ടു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

R. കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

____

സുവിശേഷ പ്രഘോഷണവാക്യം

യോഹ 10:27

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
അല്ലേലൂയാ!


Or:

മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും
മനുഷ്യപുത്രന്‍ വരുന്നത്.
അല്ലേലൂയാ!

____

സുവിശേഷം

ലൂക്കാ 12:39-48

അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഇത് അറിഞ്ഞു കൊള്ളുവിന്‍: കള്ളന്‍ ഏതു മണിക്കൂറില്‍ വരുമെന്ന് ഗൃഹനായകന്‍ അറിഞ്ഞിരുന്നുവെങ്കില്‍. തന്റെ വീടുകുത്തിത്തുറക്കാന്‍ അനുവദിക്കുമായിരുന്നില്നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്.
പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ ഈ ഉപമ പറയുന്നത് ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ? അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: വീട്ടുജോലിക്കാര്‍ക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥന്‍ ആരാണ്?യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകല സ്വത്തുക്കളുടെയും മേല്‍ അവനെ നിയമിക്കും. ഉന്മത്തനാകാനും തുടങ്ങിയാല്‍, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും. എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍ നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment