🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ, 7/11/2021
32nd Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 17:10-16
വിധവ ചെറിയ ഒരപ്പം ഉണ്ടാക്കി ഏലിയായ്ക്ക് കൊടുത്തു.
ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവന് അടുത്തുചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നുപറഞ്ഞു. അവള് വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍ അവന് അവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക. അവള് പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്പം എണ്ണയുമാണ്. ഞാന്‍ രണ്ടു ചുള്ളിവിറക് പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും. ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍ നിന്നു ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു കൊണ്ടുവരണം; പിന്നെ നിനക്കും മകനും വേണ്ടി ഉണ്ടാക്കിക്കൊള്ളുക. എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതു വരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ല; ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവള് ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം കഴിച്ചു. ഏലിയാ വഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 146:7,8-9a,9bc-10
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്.
മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാല്‍, ദുഷ്ടരുടെ വഴി
അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
രണ്ടാം വായന
ഹെബ്രാ 9:24-28
ക്രിസ്തു വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനു വേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു.
മനുഷ്യനിര്‍മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്ക്കാന് സ്വര്‍ഗത്തിലേക്കു തന്നെയാണ് യേശു പ്രവേശിച്ചത്. അത്, പ്രധാനപുരോഹിതന്‍ തന്റെതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോറും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല. ആയിരുന്നെങ്കില്‍ ലോകാരംഭം മുതല്‍ പലപ്രാവശ്യം അവന് പീഡ സഹിക്കേണ്ടിവരുമായിരുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെ നശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന് ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മനുഷ്യന് ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന് വീണ്ടും വരും – പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 12:38-44
ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില് നിക്ഷേപിച്ചിരിക്കുന്നു.
അക്കാലത്ത്, യേശു ജനങ്ങളെ ഇപ്രകാരം പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളില്‍ മുഖ്യസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.
അവന് ഭണ്ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്ഡാരത്തില് നാണയത്തുട്ടുകള്‍ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകള്‍ നിക്ഷേപിച്ചു. അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു. അവന് ശിഷ്യന്മാരെ അടുത്തു വിളിച്ചുപറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില് നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍
സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:1-2
കര്‍ത്താവ് എന്നെ നയിക്കുന്നു,
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.
Or:
cf. ലൂക്കാ 24:35
അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര് തിരിച്ചറിഞ്ഞു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵