🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ശനി, 27/11/2021
Saturday of week 34 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ
മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ദാനി 7:15-27
രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധന്മാര്ക്കു നല്കപ്പെടും.
ഞാന്‍, ദാനിയേല്‍, ഉത്കണ്ഠാകുലനായി. ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി. ഞാന്‍ അവിടെ നിന്നിരുന്നവരില്‍ ഒരുവനെ സമീപിച്ച്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവന് എനിക്കു പറഞ്ഞുതന്നു. ഭൂമിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന നാലു രാജാക്കന്മാരാണ് ഈ നാലു മഹാമൃഗങ്ങള്‍. എന്നാല്‍, അത്യുന്നതന്റെ പരിശുദ്ധര്‍ക്കു രാജ്യം ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു.
മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിന്റെ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണുകളും വന്‍പുപറയുന്ന വായും ഉള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച സത്യം അറിയുന്നതിന് ഞാന്‍ ആഗ്രഹിച്ചു. പുരാതനനായവന്‍ വന്ന് അത്യുന്നതന്റെ പരിശുദ്ധര്‍ക്കുവേണ്ടി ന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധര്‍ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.
അവന് പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ രാജ്യങ്ങളിലും നിന്ന് അത് വ്യത്യസ്തമായിരിക്കും; അതു ഭൂമി മുഴുവന്‍ വെട്ടിവിഴുങ്ങുകയും, ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും. ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തു രാജാക്കന്മാരാണ് പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന് അവരുടെ പിന്നാലെ വരും; തന്റെ മുന്ഗാമികളില് നിന്ന് അവന് ഭിന്നനായിരിക്കും. അവന് മൂന്നു രാജാക്കന്മാരെ താഴെയിറക്കും. അവന് അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന് പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന് ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും. എന്നാല്‍, ന്യായാധിപസഭ വിധിപ്രസ്താവിക്കാന്‍ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂര്‍ണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ. ആകാശത്തിന്‍കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധന്മാര്ക്കു നല്കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദാനി 3:82-87
കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
ഇസ്രായേലേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
കര്‍ത്താവിന്റെ പുരോഹിതരേ, അവിടുത്തെ വാഴ്ത്തുവിന്‍;
കര്‍ത്താവിന്റെ ദാസരേ അവിടുത്തെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ആത്മാക്കളേ, നീതിമാന്മാരുടെ ചേതസ്സുകളേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
വിശുദ്ധരേ, വിനീതഹൃദയരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 21:34-36
സംഭവിക്കാനിരിക്കുന്നവയില്‍ നിന്നു രക്ഷപ്പെടാന്‍ ജാഗരൂകരായിരിക്കുവിന്‍.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്
അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള് സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള് എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2
സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്നേഹം സുദൃഢമാണ്.
Or:
മത്താ 28:20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵
Categories: Daily Readings, Readings