Daily Saints, November 27 | അനുദിന വിശുദ്ധർ, നവംബർ 27

⚜️⚜️⚜️ November 2️⃣7️⃣⚜️⚜️⚜️
റെയിസിലെ വിശുദ്ധ മാക്സിമസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു.

426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ വിശുദ്ധന്റെ കീഴില്‍ ആശ്രമത്തിനു ഒരു പുതിയ ചൈതന്യം കൈവന്നു. നല്ല സ്വഭാവവും, തിളക്കമുള്ള മാതൃകയുമായിരുന്ന മാക്സിമസിന്റെ കീഴില്‍ അവിടത്തെ സന്യാസിമാര്‍ ആശ്രമനിയമങ്ങളൊന്നും നോക്കാതെ അദ്ദേഹത്തെ വളരെ സന്തോഷപൂര്‍വ്വം അനുസരിച്ച് വന്നു.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൈവീക വരദാനം മൂലം വളരെയേറെ കീര്‍ത്തിക്ക് കാരണമാകുകയും അദ്ദേഹത്തിന്റെ ദിവ്യത്വത്തിനു ഇത് വളരെയേറെ സഹായകമാവുകയും ചെയ്തു. ഒരുപാട് പേര്‍ അദ്ദേഹത്തോട് ഉപദേശങ്ങളും അനുഗ്രഹങ്ങളും തേടി വരിക പതിവായിരുന്നു. ഇതു മൂലം പലപ്പോഴും വിശുദ്ധന്‍ തന്നെ മെത്രാനാക്കി വാഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി വനങ്ങളില്‍ പോയി ഒളിച്ചിരിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി 434-ല്‍ അദ്ദേഹം വിശുദ്ധ ഹിലാരിയാല്‍ പ്രോവെന്‍സിലെ റെയിസ് സഭയുടെ പിതാവായി വാഴിക്കപ്പെട്ടു.

വിശുദ്ധ മാക്സിമസ് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഗൌളിലെ സഭയിലെ ഏറ്റവും പ്രമുഖ സഭാദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്നു. തന്റെ ഔദ്യോഗിക കാലം മുഴുവനും അദ്ദേഹം തന്റെ ഔദ്യോഗിക മുടിയും, മേലങ്കിയും ധരിക്കുകയും ആശ്രമ നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. യൂസേബിയൂസ്‌ എമിസെനൂസിന്റെതായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പല പ്രബോധനങ്ങളും പിന്നീട് മാക്സിന്റെതായി തീര്‍ന്നിട്ടുണ്ട്. വിശുദ്ധ മാക്സിമസ് 439-ല്‍ റെയിസിലേയും, 441-ല്‍ ഓറഞ്ചിലേയും, 454-ല്‍ ആള്‍സിലെയും സഭാ സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്. റെയിസിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തിട്ടുള്ളത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അര്‍മീനിയായിലെ ഹിറെനാര്‍ക്കുസ്, അക്കാസിയൂസു

2. നോയോണ്‍ ടൂര്‍ണായി ബിഷപ്പായിരുന്ന അക്കാരിയൂസ്

3. മേയിന്‍സിലെ ബില്‍ഹില്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 27th – St. Maximus of Reiz

Advertisements
അനുദിന വിശുദ്ധർ (Saint of the Day) November 27th – St. Maximus of Reiz
 
Bishop of Riez, France, ordained by St. Hilary. Maximus was born near Digne and became a monk at Lerins. He was made abbot of Lerins in 426, having been trained by St. Honoratus. Maximus refused the see of Frejus and was made bishop of Riez against his will.
Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തി ഏഴാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷


ഗാഗുല്‍ത്താമലയില്‍ സത്യ ദൈവമായ ഈശോമിശിഹാ തന്നെത്തന്നെ ബലിയായി നിത്യപിതാവിനു സമര്‍പ്പിച്ചു. ഈ ബലിയും തിരുസഭയില്‍ നടത്തപ്പെടുന്ന ദിവ്യബലിയായ കുര്‍ബാനയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടിലും പ്രധാന കാര്‍മ്മികന്‍ ഈശോ മിശിഹാ തന്നെ. ഒരു പ്രതിപുരുഷന്‍റെ സ്ഥാനമേ വൈദികനുള്ളൂ. ഇതുകൊണ്ടാണ് കുര്‍ബ്ബാനയുടെ ഫലത്തിന് അറുതിയില്ലെന്ന് പറഞ്ഞത്. ഈ ദിവ്യബലി ഇല്ലായിരുന്നു എങ്കില്‍ ലോകത്തെ അതിന്‍റെ അവര്‍ണ്ണനീയമായ പാപം മൂലം പണ്ടേയ്ക്ക് പണ്ടേ ദൈവം നശിപ്പിക്കുമായിരുന്നു. അതുകൊണ്ട് ദൈവാനുഗ്രഹവും പാപപരിഹാരവും നിരവധിയായി നല്‍കുന്ന ദിവ്യപൂജയില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുകൊള്ളുന്നതായാല്‍ അതു നമുക്കും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും എത്രയോ പ്രയോജനകരമായിരിക്കും.

ദിവ്യപൂജ ചൊല്ലിക്കുന്നതിനു എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമല്ല. എന്നാല്‍ കാണുന്നതിനെന്താണ് പ്രയാസം? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് കുര്‍ബാന ചൊല്ലിക്കുന്നതിനു ശക്തിയില്ലാത്തവര്‍ അതിനെ കണ്ടുകൊണ്ടെങ്കിലും അവരെ സഹായിക്കേണ്ടതാണ്. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസത്തേക്ക് അവര്‍ക്കു വേണ്ടി കുര്‍ബാന കാണും. പിന്നീട് അവരെ തീരെ വിസ്മരിച്ചു കളയുന്നു. വിശ്വാസികള്‍ സാമാന്യമായി കുര്‍ബാന കണ്ടിട്ടേ മറ്റു ജോലിക്കു പോകാറുള്ളൂ. ഇങ്ങനെ എല്ലാവരും ചെയ്‌താല്‍ അതു ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് എത്രയോ ആശ്വാസമായിരിക്കും.

ജപം
🔷🔷

ഞങ്ങളുടെ ജീവനും പ്രതീക്ഷയുമായ ഈശോയേ! അങ്ങ് ലോകത്തെ വിട്ടുപിരിയുന്ന സമയങ്ങളില്‍ അങ്ങേ തിരുശരീരത്തെയും തിരുരക്തത്തെയും ഞങ്ങള്‍ക്കു ഭക്ഷ്യപാനീയങ്ങളായിട്ട് തന്നരുളുന്നതിന് തിരുമനസ്സായല്ലോ. ഇതിന്‍വണ്ണമുള്ള അങ്ങേ അളവില്ലാത്ത സ്നേഹത്തെക്കുറിച്ച് മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് ദയ ചെയ്യണമേ. വിശേഷമായി മറ്റൊരാശ്വാസവുമില്ലാതെ കിടക്കുന്നവരുടെമേല്‍ അധികമായി അനുഗ്രഹിച്ച് എല്ലാവരെയും നിത്യായുസ്സിന്‍റെ ഉറവയായിരിക്കുന്ന അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമേ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ .

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് ദിവ്യബലി അര്‍പ്പിക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

കർത്താവ് അരുളിച്ചെയ്യുന്നു.. വരുവിൻ, നമുക്കു രമ്യതപ്പെടാം.. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായി തീരും.. അവ രക്തവർണമെങ്കിലും കമ്പിളി പോലെ വെളുക്കും.. (ഏശയ്യാ: 1/18)
പരമ കാരുണ്യവാനായ എന്റെ ദൈവമേ..

അങ്ങാണ് ഞങ്ങളുടെ രക്ഷാകവചവും ശക്തിയും ബലവും എന്ന് ആത്മാവിൽ ഉത്ഘോഷിച്ചു കൊണ്ട് ഈ പ്രഭാതത്തിലും അത്യധികം ഉണർവോടെ ഞങ്ങളങ്ങയെ ആരാധിക്കുന്നു.. സഹജീവികളുടെ ജീവനും ജീവിതത്തിനുമൊന്നും യാതൊരു മാനുഷിക പരിഗണനയും നൽകാത്ത ഒരു സാമൂഹിക ചുറ്റുപാടിലാണ് ഞങ്ങളിന്നു ജീവിക്കുന്നത്.. തങ്ങളുടെ സുഖത്തിനും സന്തോഷത്തിനും സ്വാർത്ഥതാല്പര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരെ അതി ക്രൂരമായി ഉപദ്രവിച്ചും.. അവരുടെ ജീവനെ യാതൊരു ദയയുമില്ലാതെ നശിപ്പിച്ചും കു റ്റവാളികളായി പിടിക്കപ്പെട്ടിട്ടും യാതൊരു കുറ്റബോധവുമില്ലാതെ ജീവിക്കുന്നവർ ഇന്നും ഞങ്ങൾക്കു ചുറ്റുമുണ്ട്.. അങ്ങനെയുള്ളവരെക്കുറിച്ച് കേൾക്കുമ്പോൾ മറ്റെല്ലാവരെയും പോലെ വിദ്വേഷവും പകയും രോഷപ്രകടനവുമൊക്കെയായി ഞങ്ങളും അവരെ വിധിക്കാൻ മുന്നിട്ടിറങ്ങും.. ഏറ്റവും ക്രൂരമായ വേദനകളിലൂടെ അവരും കടന്നു പോകണമെന്നും.. അതികഠിനമായി തന്നെ ശിക്ഷിക്കപ്പെടണമെന്നുമൊക്കെ മനസ്സിലെങ്കിലും അവരെക്കുറിച്ച് ഞങ്ങൾ ആഗ്രഹിക്കുമ്പോൾ ആരോഗ്യമുള്ളവരെക്കാളധികമായി പാപത്താൽ മുറിവേൽക്കപ്പെട്ടവർക്ക് എന്റെ പ്രാർത്ഥനയുടെ സുഗന്ധതൈലം ആവശ്യമുണ്ടെന്ന ബോധ്യം പലപ്പോഴും ഞാൻ വിസ്മരിക്കുന്നു..
ഈശോയേ.. പാപികളിൽ ഒന്നാമനാണു ഞാൻ.. എങ്കിലും മറ്റുള്ളവരുടെ പാപസാഹചര്യങ്ങളെ വിലയിരുത്തി എല്ലാവരോടുമൊപ്പം ചേർന്ന് ആരെയും വിധിക്കാതെ എല്ലാവരുടെയും മനസാന്തരത്തിനായി ആഗ്രഹിച്ചു പ്രാർത്ഥിക്കാൻ ആത്മാവിൽ ഞങ്ങളെ ഒരുക്കേണമേ.. ഞങ്ങളുടെ മേന്മകളാലല്ല..കുരിശിൽ അങ്ങു ബലിയണച്ച തിരുശരീരരക്തങ്ങളുടെ പുണ്യയോഗ്യതകളാൽ അവരെയും വീണ്ടെടുക്കാൻ കനിവുണ്ടാകേണമേ.. അപ്പോൾ അനുതപിക്കുന്ന പാപിയെക്കുറിച്ചോർത്ത് സന്തോഷിക്കുന്ന സ്വർഗം..ഞങ്ങളുടെ എളിയ പ്രാർത്ഥനകളെയും വിലമതിക്കുകയും.. കരുണാമയ സ്നേഹത്താൽ അവിടുത്തെ ഹൃദയമിടത്തിൽ ഞങ്ങളെയും ചേർത്തു വയ്ക്കുകയും ചെയ്യും..

വിശുദ്ധ മിഖായേൽ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

കര്‍ത്താവിനെ പാടിപ്പുകഴ്‌ത്തുവിന്‍.
അവിടുത്തെനാമത്തെ വാഴ്‌ത്തുവിന്‍;
അവിടുത്തെ രക്‌ഷയെ പ്രതിദിനംപ്രകീര്‍ത്തിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 96 : 2

നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ്‌ അവിടുത്തെ കാരുണ്യവും.
പ്രഭാഷകന്‍ 2 : 18

Advertisements

Leave a comment