ദിവ്യബലി വായനകൾ | Thursday of the 1st week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 2/12/2021


Thursday of the 1st week of Advent 

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ശക്തി ഉദ്ദീപിപ്പിക്കണമേ.
ഞങ്ങളുടെ പാപങ്ങളാല്‍ തടസ്സപ്പെടുന്നവ,
അങ്ങേ വലിയ ശക്തിയാല്‍
അങ്ങേ കരുണയുടെ കൃപ സുഗമമാക്കാന്‍
അങ്ങു ഞങ്ങളെ സഹായിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 26:1-6
വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍.


അന്ന് യൂദാദേശത്ത് ഈ കീര്‍ത്തനം ആലപിക്കും:
നമുക്കു പ്രബലമായ ഒരു നഗരം ഉണ്ട്.
കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി
കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു.
വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു
പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍.
അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ
അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു.
എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.
കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍;
ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്.
ഗിരിശൃംഗത്തില്‍ പണിത കോട്ടകളില്‍ വസിക്കുന്നവരെ
അവിടുന്ന് താഴെയിറക്കി;
അതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്ത്തി.
ദരിദ്രരുടെയും അഗതികളുടെയും പാദങ്ങള്‍
അതിനെ ചവിട്ടിമെതിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 118:1, 8-9, 19-21, 25-27a

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.
or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍
കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍
കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.
or
അല്ലേലൂയ!

നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നുതരുക;
ഞാന്‍ അവയിലൂടെ പ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.
ഇതാണു കര്‍ത്താവിന്റെ കവാടം;
നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.
അവിടുന്ന് എനിക്കുത്തരമരുളി;
അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു.

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.
or
അല്ലേലൂയ!

കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങളെ രക്ഷിക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍;
ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു
നിങ്ങളെ ആശീര്‍വദിക്കും.
കര്‍ത്താവാണു ദൈവം;
അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്.

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 7:21,24-27
എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വരദാനങ്ങളില്‍നിന്നു ശേഖരിച്ച്
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുകയും
ഞങ്ങളുടെ കാലാനുസൃതമായ വണക്കത്തിന്റെ ഫലമായി
അങ്ങു നല്കുന്നത് ഞങ്ങള്‍ക്ക് നിത്യരക്ഷയുടെ
സമ്മാനമായി ഭവിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
തീത്തോ 2:12-13
അനുഗൃഹീതമായ പ്രത്യാശയും
അത്യുന്നത ദൈവത്തിന്റെ മഹത്ത്വത്തിന്റെ
ആഗമനവും പ്രതീക്ഷിച്ചുകൊണ്ട്
നീതിയോടും ഭക്തിയോടുംകൂടെ
ഈ ലോകത്ത് നമുക്കു ജീവിക്കാം.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളാചരിച്ച ദിവ്യരഹസ്യങ്ങള്‍
ഞങ്ങള്‍ക്ക് ഫലദായകമാകണമേ.
നശ്വരമായ വഴിയിലൂടെ ചരിക്കുന്ന ഞങ്ങളെ
ഇപ്പോള്‍ത്തന്നെ ഈ രഹസ്യങ്ങളിലൂടെ
സ്വര്‍ഗീയകാര്യങ്ങളില്‍ തത്പരരാകുന്നതിനും
അനശ്വരമായവ മുറുകെപ്പിടിക്കുന്നതിനും പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment