നോമ്പുകാല വചനതീർത്ഥാടനം – 13
1 യോഹന്നാൻ 3 : 21
” ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ, ദൈവത്തിന്റെ മുൻപിൽ നമുക്ക് ആത്മധൈര്യമുണ്ട്”
മരണാനന്തര ജീവിതത്തിലെ ന്യായവിധിയെ പശ്ചാത്തലമാക്കി വി. യോഹന്നാൻ വെളിപ്പെടുത്തുന്ന വചനവാക്യമാണിത്. വിശ്വാസത്തിൽനിന്ന് പുറപ്പെടുന്ന സ്നേഹത്തിന്റെ ജീവിതമാണ് ഹൃദയം നമ്മെ കുറ്റപ്പെടുത്താതെ ദൈവതിരുമുമ്പിൽ നമുക്ക് ആത്മധൈര്യം പകരുന്നതു്. എന്നാൽ, ദൈവസ്നേഹത്തോട് തുലനംചെയ്യുമ്പോൾ നമ്മുടെ സ്നേഹത്തിന്റെ പോരായ്മകൾ നമ്മുടെ ഹൃദയത്തെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ടെങ്കിലും ദൈവം നമ്മുടെ ഹൃദയത്തേക്കാൾ വലിയവനാണെന്നുള്ള അവബോധം നമുക്ക് സമാധാനം നൽകും. ദൈവത്തിന്റെ അളവില്ലാത്ത സ്നേഹവും കരുണയും ഉദാരതയുമാണ് നമ്മെ എപ്പോഴും സമാധാനത്തിലേക്ക് നയിക്കുന്നത്. ഈ സമാധാനം നൽകുന്ന ആത്മ ധൈര്യമാണ് നമ്മുടെ ദൈനംദിന പ്രാർത്ഥനകളിൽ നിഴലിക്കുന്നതും നിഴലിക്കേണ്ടതും. നമ്മൾ ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നതു് ജ്ഞാനസ്നാനംവഴിയാണ്. ആ വിശ്വാസത്തിന്റെ മുഖമുദ്രയെന്നു പറയുന്നത് സഹോദരസ്നേഹമാണ്. അതിനാലാണ് വി. യോഹന്നാൻ പറയുന്നത്, സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണെന്ന്.
ദൈവസന്നിധിയിൽ നമുക്ക് ആത്മധൈര്യമുണ്ടാകണമെങ്കിൽ രണ്ട് കാര്യങ്ങൾ നിർവ്വഹിച്ചേ മതിയാകൂ. ഒന്ന്, യേശു ദൈവപുത്രനായ മിശിഹായാണെന്ന സത്യത്തെ മുറുകെപ്പിടിക്കണം. രണ്ട്, മനുഷ്യരായ നമ്മൾ അന്യോന്യം സ്നേഹത്തിൽ വർത്തിക്കണം. വിശ്വസിക്കുന്നവരുടെ പ്രത്യേകത സ്നേഹമാണ്. വിശ്വസിക്കാത്തവരുടേതോ വിദ്വേഷവും. വിദ്വേഷം നമ്മെ മരണതുല്യരാക്കുമ്പോൾ സ്നേഹം നമ്മെ ജീവനുള്ളവരാക്കുന്നു. ക്രിസ്തീയ സ്നേഹത്തിന്റെ തനിമ കുരിശിലെ യേ രക്ഷാകര ബലിയാണ്. ദൈവത്തിന്റെ സ്നേഹം യേശുവിലൂടെ നാം അനുഭവിക്കുന്നതു കൊണ്ടാണ് ആ സ്നേഹം നമ്മുടെ സഹോദരങ്ങളുമായി പങ്കുവെയ്ക്കുവാൻ കടപ്പെട്ടിരിക്കുന്നത്. അതിനാൽ ദൈവസന്നിധിയിൽ ആത്മധൈര്യത്തോടെ നിലകൊള്ളാൻ വിശ്വാസപൂർവ്വം നോമ്പനുഷ്ഠിച്ചുകൊണ്ട് കാൽവരിയിലേക്ക് നമുക്ക് യാത്ര ചെയ്യാം.
ഫാ. ആന്റണി പൂതവേലിൽ
14.03.2022.