നോമ്പുകാല വചനതീർത്ഥാടനം 15

നോമ്പുകാല വചനതീർത്ഥാടനം – 15

ഗലാത്തിയർ 6 :8
” സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവൻ കൊയ്തെടുക്കും.”

കാലദേശങ്ങളെ അതിജീവിക്കുന്ന അതിശ്രേഷ്ഠമായ സന്ദേശമാണ് വി.പൗലോസ് ശ്ലീഹ ഗലാത്തിയാക്കാർക്ക് നൽകുന്നത്. ക്രിസ്തുവിശ്വാസത്തിലായിരിക്കുന്നവർ അവരുടെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും അവലംബിക്കേണ്ട ജീവിതശൈലി എന്തായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ചില പ്രായോഗികനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകുകയാണിവിടെ. ഇതുവഴി ഗലാത്തിയായിലെ സഭാസമൂഹത്തിൽപ്പെട്ടവരെ വിശ്വാസജീവിതത്തിൽ . ഉറപ്പിച്ചുനിർത്തുകയാണ് അപ്പസ്തോലൻ ലക്ഷ്യമിടുന്നത്. ക്രിസ്തുവിലായിരിക്കുന്ന സഹോദരങ്ങൾ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനു വിധേയമായി ക്രിസ്തുവിന്റെ സ്നേഹപ്രമാണത്തിന് അനുയോജ്യമാംവിധമായിരിക്കണം ജീവിക്കേണ്ടത്. തെറ്റുകളിൽ അകപ്പെട്ടു കഴിയുന്നവരെ സൗമ്യമായി തിരുത്തുക, പരസ്പരം ഭാരങ്ങൾ പങ്കിടുക, ആത്മവഞ്ചന കാട്ടാതിരിക്കുക, സ്വന്തം ചെയ്തികളെക്കുറിച്ച് ആത്മശോധന നടത്തുക, നന്മ ചെയ്യുന്നതിൽ മടുപ്പ് തോന്നാതിരിക്കുക തുടങ്ങിയ ചില പ്രായോഗിക നിർദ്ദേശങ്ങളോടൊപ്പം ഏതാനും മുന്നറിയിപ്പുകളും ഇതിനായി പൗലോസ് ശ്ലീഹ നൽകുന്നു. ജഡത്തിന്റെ വ്യാപാരങ്ങളെക്കുറിച്ചും ആത്മാവിന്റെ ഫലങ്ങളെക്കുറിച്ചും അനുഭവസ്ഥനായ അദ്ദേഹം വിചാരത്തിലും പ്രവൃത്തിയിലും ആസക്തി നിറഞ്ഞതും പാപകരവുമായ ആഗ്രഹങ്ങൾ വിതയ്ക്കുന്നവൻ അനീതിയുടെ വിളവെടുപ്പായിരിക്കും നടത്തുകയെന്നു മുന്നറിയിപ്പ് നൽകുന്നു. അതിനാൽ നമ്മുടെ ശരീരത്തെ അതിന്റെ അധമവാസനകളിൽനിന്ന് വിമോചിപ്പിക്കുകയും മനസ്സിനെയും ഹൃദയത്തെയും ആത്മാവിനു അനുരൂപമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതുവഴി മാത്രമേ നിത്യജീവൻ നേടിയെടുക്കാൻ കഴിയൂ. ജഡികമായ ജീവിതരീതിയും ആത്മാവിലുളള വ്യാപാരവും തമ്മിൽ വിവേചിച്ചറിഞ്ഞ് ആത്മാവിനായി വിതച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസം വളർത്തിയെടുക്കാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. അപ്രകാരം ചെയ്യുമ്പോൾ ക്രിസ്തു നമ്മിൽ രൂപപ്പെടാൻ ഇടയാകുന്നു. വ്യക്തിപരവും സാമൂഹികവുമായ ഫലങ്ങൾ ഉളവാക്കുന്ന ഈ ജീവിതശൈലിയാണ് നമ്മൾ പിന്തുടരേണ്ടത്. നമ്മുടെ നോമ്പുകാലയത്നങ്ങൾ ആ ലക്ഷ്യത്തെ മുൻനിർത്തിയുള്ളതാകട്ടെ.

ഫാ. ആന്റണി പൂതവേലിൽ
16.03.2022.

Advertisements

Leave a comment