പുറപ്പാട് പുസ്തകം, അദ്ധ്യായം 11
അവസാനത്തെ മഹാമാരി
1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിന്റെയുംമേല്‍ ഒരു മഹാമാരികൂടി അയയ്ക്കും. അപ്പോള്‍ അവന്‍ നിങ്ങളെ പോകാന്‍ അനുവദിക്കും; അല്ല, നിങ്ങളെ ബഹിഷ്‌കരിക്കുകതന്നെചെയ്യും.2 ഓരോ പുരുഷനും തന്റെ അയല്‍ക്കാരനോടും ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും സ്വര്‍ണ വും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ചോദിച്ചു വാങ്ങണമെന്ന് നീ ജനത്തോടു പറയണം.3 ഈജിപ്തുകാര്‍ ഇസ്രായേല്‍ക്കാരെ ബഹുമാനിക്കാന്‍ കര്‍ത്താവ് ഇടയാക്കി. ഫറവോയുടെ സേവകരും ജനങ്ങളും മോശയെ ഈജിപ്തിലെ ഒരു മഹാപുരുഷ നായി കരുതി.4 മോശ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അര്‍ധരാത്രിയില്‍ ഈജിപ്തിലൂടെ കടന്നുപോകും.5 സിംഹാസനത്തിലിരിക്കുന്ന ഫറവോ മുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെയുള്ള എല്ലാ ഈജിപ്തുകാരുടെയും ആദ്യജാതന്‍മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചാകും.6 ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേള്‍ക്കാനിടയില്ലാത്തതുമായ ഒരു വലിയ നിലവിളി ഈജിപ്തില്‍ നിന്നുയരും.7 എന്നാല്‍, ഇസ്രായേല്‍ക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്ദിക്കയില്ല. ഈജിപ്തുകാര്‍ക്കും ഇസ്രായേല്‍ക്കാര്‍ക്കും തമ്മില്‍ കര്‍ത്താവു ഭേദം കല്‍പിക്കുന്നുവെന്ന് അങ്ങനെ നിങ്ങള്‍ മനസ്‌സിലാക്കും.8 അപ്പോള്‍ നിന്റെ ഈ സേവകരെല്ലാം എന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ച്, നീയും കൂടെയുള്ള ജനങ്ങളും പൊയ്‌ക്കൊള്ളുക എന്നുപറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും. മോശ ഉഗ്രകോപത്തോടെ ഫറവോയുടെ മുന്‍പില്‍നിന്ന് ഇറങ്ങിപ്പോയി.9 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈജിപ്തില്‍ എന്റെ അദ്ഭുതങ്ങള്‍ വര്‍ധിക്കാനിടയാവുംവിധം ഫറവോ നിങ്ങളുടെ വാക്ക് അവഗണിക്കും.10 മോശയും അഹറോനും ഫറവോയുടെ സന്നിധിയില്‍ ഈ അദ്ഭുതങ്ങളെല്ലാം പ്രവര്‍ത്തിച്ചു. എന്നാല്‍, കര്‍ത്താവു ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ ഇസ്രായേല്‍ക്കാരെ തന്റെ രാജ്യത്തുനിന്നു വിട്ടയച്ചില്ല.
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

