പുറപ്പാട് പുസ്തകം, അദ്ധ്യായം 13
ആദ്യജാതര്‍ ദൈവത്തിന്
1 കര്‍ത്താവു മോശയോടു കല്‍പിച്ചു:2 ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമര്‍പ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ എനിക്കുള്ളതാണ്.
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍
3 മോശ ജനത്തോടു പറഞ്ഞു: അടിമ ത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്നു പുറത്തുവന്ന ഈ ദിവസം നിങ്ങള്‍ അനുസ്മരിക്കണം; കര്‍ത്താവാണു തന്റെ ശക്ത മായ കരത്താല്‍ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചത്. ഈ ദിവസം ആരും പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്.4 ആബീബു മാസത്തിലെ ഈ ദിവസമാണ് നിങ്ങള്‍ പുറപ്പെട്ടത്.5 കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക് – നിങ്ങള്‍ക്കു നല്കാമെന്നു കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശത്തേക്ക് – അവിടുന്നു നിങ്ങളെ പ്രവേശിപ്പിച്ചുകഴിയുമ്പോള്‍, ഈ മാസത്തില്‍ ഈ കര്‍മം നിങ്ങള്‍ അനുഷ്ഠിക്കണം.6 നിങ്ങള്‍ ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം കര്‍ത്താവിന്റെ തിരുനാളായി ആചരിക്കണം.7 ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ. പുളിപ്പുള്ള അപ്പം നിങ്ങളുടെ പക്കല്‍ കാണരുത്. പുളിമാവ് നിങ്ങളുടെ നാട്ടിലെങ്ങും ഉണ്ടായിരിക്കരുത്.8 ആദിവസം നിന്റെ മകനോടു പറയണം: ഈജിപ്തില്‍ നിന്നു ഞാന്‍ പുറത്തുപോന്നപ്പോള്‍ കര്‍ത്താവ് എനിക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണിത്.9 ഇതു നിന്റെ ഭുജത്തില്‍ ഒരടയാളവും നെററിയില്‍ ഒരു സ്മാരകവുമെന്നപോലെ ആയിരിക്കണം. അങ്ങനെ കര്‍ത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ. എന്തെന്നാല്‍, ശക്തമായ കരത്താലാണു കര്‍ത്താവു നിങ്ങളെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചത്.10 വര്‍ഷംതോറും നിശ്ചിതസമയത്ത് ഇത് ആചരിക്കണം.
ആദ്യജാതരുടെ സമര്‍പ്പണം
11 നിങ്ങളോടും നിങ്ങളുടെ പിതാക്കന്‍മാരോടും വാഗ്ദാനം ചെയ്തതുപോലെ കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്‍കുകയും ചെയ്യുമ്പോള്‍12 നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.13 എന്നാല്‍, ഒരു ആട്ടിന്‍കുട്ടിയെ പകരം കൊടുത്തു കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിന്റെ കഴുത്തു ഞെരിച്ചു കൊന്നുകളയണം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം.14 ഇതിന്റെ അര്‍ഥമെന്താണെന്ന് പില്‍ക്കാലത്ത് നിന്റെ മകന്‍ ചോദിച്ചാല്‍ നീ പറയണം: അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്ന് കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മെ മോചിപ്പിച്ചു.15 നമ്മെ വിട്ടയയ്ക്കാന്‍ ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ ആദ്യജാതരെ – മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം – കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയെല്ലാം ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നത്. എന്നാല്‍ എന്റെ കടിഞ്ഞൂല്‍പുത്രന്‍മാരെ ഞാന്‍ വീണ്ടെടുക്കുന്നു.16 ഇതു നിന്റെ ഭുജത്തില്‍ ഒരടയാളവും നെററിയില്‍ ഒരു സ്മാരകവുമെന്ന പോലെയായിരിക്കണം. എന്തെന്നാല്‍, തന്റെ ശക്തമായ കരത്താല്‍ കര്‍ത്താവു നമ്മെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നു.
മേഘസ്തംഭവും അഗ്‌നിസ്തംഭവും
17 ഫറവോ ജനത്തെ വിട്ടയച്ചപ്പോള്‍ ഫിലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴിയായിരുന്നു എളുപ്പമെങ്കിലും അതിലെയല്ലദൈവം അവരെ നയിച്ചത്. കാരണം, യുദ്ധം ചെയ്യേണ്ടിവരുമോ എന്നു ഭയപ്പെട്ട്, മന സ്‌സുമാറി, ജനം ഈജിപ്തിലേക്കു മടങ്ങിയേക്കുമെന്ന് അവിടുന്ന് വിചാരിച്ചു.18 ദൈവം ജനത്തെ മരുഭൂമിയിലുള്ള വഴിയിലേക്കു തിരിച്ചുവിട്ട് ചെങ്കടലിനു നേരേ നയിച്ചു. അവര്‍ ഈജിപ്തില്‍നിന്നു പുറത്തേക്കു പോയത് ആയുധധാരികളായിട്ടാണ്.19 ജോസഫ് ഇസ്രായേല്‍ക്കാരെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ചു മോശ ജോസഫിന്റെ അസ്ഥികളും കൂടെക്കൊണ്ടുപോയി. ജോസഫ് അവരോടു പറഞ്ഞിരുന്നു: ദൈവം തീര്‍ച്ചയായും നിങ്ങളെ സന്ദര്‍ശിക്കും. അപ്പോള്‍ എന്റെ അസ്ഥികള്‍ ഇവിടെനിന്നു നിങ്ങളുടെകൂടെ കൊണ്ടുപോകണം.20 അവര്‍ സുക്കോത്തില്‍ നിന്നു മുന്‍പോട്ടു നീങ്ങി മരുഭൂമിയുടെ അരികിലുള്ള ഏത്താമില്‍ കൂടാരമടിച്ചു.21 അവര്‍ക്കു രാവും പക ലുംയാത്ര ചെയ്യാനാവുംവിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്കാന്‍ ഒരു അഗ്‌നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു.22 പകല്‍ മേഘസ്തംഭമോ, രാത്രി അഗ്‌നിസ്തംഭമോ അവരുടെ മുന്‍പില്‍ നിന്നു മാറിയില്ല.
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

