നോമ്പുകാല വചനതീർത്ഥാടനം 29

നോമ്പുകാല
വചനതീർത്ഥാടനം – 29

സങ്കീർത്തനങ്ങൾ 55 : 22
” നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക. അവിടുന്നു നിന്നെ താങ്ങിക്കൊള്ളും.”

ദാവീദ് രാജാവ് സ്വന്തം ജീവിതത്തിൽ അനുഭവിച്ച ശാരീരികവും മനസികവുമായ ക്ലേശങ്ങളിൽ നടത്തിയ പ്രതികരണങ്ങളുടെ ആത്മകഥനമാണ് അൻപത്തിയഞ്ചാം അദ്ധ്യായം. സ്വന്തം മകനായ അബ്ശലോം തനിക്കെതിരെ സൈന്യ സന്നാഹമൊരുക്കി ഭീഷണി മുഴക്കിയതും ഉറ്റമിത്രങ്ങളുടെ ഒറ്റിക്കൊടുക്കലും ദാവീദ് രാജാവിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഈ തളർച്ചയുടെ പശ്ചാത്തലത്തിൽ യാഥാർത്ഥ്യബോധത്തോടെ രാജാവ് നടത്തിയ പ്രതികരണം ആരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. നിരാശയുടെ നെരിപ്പോടിൽ നീറിപ്പുകയുമ്പോൾ ഏതൊരു സാധാരണ മനുഷ്യനും ചെയ്തുപോകുന്നതു പോലെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാനാണ് അദ്ദേഹം ആദ്യമെ ശ്രമിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഉരുവിട്ടത്, ‘ എനിക്ക് പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു.'(55:6) ജീവിതത്തിൽ സംഭവിക്കുന്ന പ്രാതികൂല്യങ്ങളെ നേരിടാനുള്ള ആത്മധൈര്യം നഷ്ടമാകുമ്പോൾ പലരും വീട് വിട്ട് ഇറങ്ങിപ്പോവുകയും, ജോലി ചെയ്യാതിരിക്കുകയും, പള്ളിയിൽനിന്നും സഭയിൽനിന്നുപോലും വിട്ടുനില്ക്കുകയും ചെയ്യാറുണ്ടല്ലോ. മനശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണത്തിൽ പലരും ഇമ്മാതിരി സാഹചര്യങ്ങളിൽ സ്വപ്നലോകത്തിലൂടെ സഞ്ചരിക്കുന്നതും വിട്ടുമാറാത്ത പല രോഗങ്ങൾക്ക് അടിപ്പെട്ടുപോകുന്നതും, മദ്യപാനത്തിലേക്കും, ആത്മഹത്യയിലേക്ക്പോലും കൂപ്പുകുത്തിപ്പോകുന്നതും സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്. ദാവീദ് ആ വഴിക്കൊക്കെ ചിന്തിച്ചു പോയെങ്കിലും പിന്നീട് പിന്മാറുകയാണുണ്ടായത്. രണ്ടാമതായി അദ്ദേഹം ആലോചിച്ചത്, പ്രതികാരത്തിന്റെയും വിദ്വേഷത്തിന്റെയും മാർഗ്ഗത്തെക്കുറിച്ചാണ്.
‘ കർത്താവേ, അവരുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്തണമെ'(വാ. 9).’ അവരെ മരണം പിടികൂടട്ടെ, ജീവനോടെ അവർ പാതാളത്തിൽ പതിക്കട്ടെ'(വാ .15) എന്നിങ്ങനെ പ്രാർത്ഥിച്ചതു വിദ്വേഷചിന്ത കൊണ്ടായിരുന്നു. പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടാൻ ദാവീദ് സ്വീകരിച്ച രണ്ട് നടപടികളും ശരിയല്ലെന്ന് പിന്നീട് അദ്ദേഹത്തിനു മനസ്സിലായി. കാരണം, വിദ്വേഷവും പ്രതികാരചിന്തയും മനസ്സിനെ കലുഷിതമാക്കുക മാത്രമല്ല അതു് ശാരീരികാരോഗ്യത്തെ നശിപ്പിച്ചുകളയും. കൂടാതെ ആ രണ്ടു മാർഗ്ഗങ്ങളും ദൈവഹിതത്തിനു നിരക്കാത്ത മാർഗ്ഗങ്ങളുമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഒടുവിൽ ദാവീദിന്റെ പ്രതികരണം ഇപ്രകാരമായി രുന്നു :’ ഞാൻ ദൈവത്തെ വിളിച്ച് അപേക്ഷിക്കുന്നു; കർത്താവ് എന്നെ രക്ഷിക്കും'(വാ.16) പ്രാർത്ഥനയാണ് നമ്മുടെ സകലപ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. പ്രാർത്ഥനയിൽ നാം നമ്മുടെ നിസ്സാരതയും നിസ്സഹായതയും സമ്മതിക്കുകയാണ്. വിനയത്തോടും വിശ്വാസത്തോടും നാം ദൈവത്തിലേക്ക് തിരിയുന്ന നിമിഷങ്ങളാണ് പ്രാർത്ഥന. അതുകൊണ്ടാണ് ദാവീദ് പറയുന്നത്, ” നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക. അവിടുന്നു നിന്നെ താങ്ങിക്കൊള്ളും.” നോമ്പുകാലം ഉപവാസത്തോടൊപ്പം പ്രാർത്ഥനയ്ക്കുമുള്ള അവസരമാണെന്നോർക്കാം.

ഫാ. ആന്റണി പൂതവേലിൽ
30.03.2022.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s