പുറപ്പാട് പുസ്തകം, അദ്ധ്യായം 17
പാറയില്‍നിന്നു ജലം
1 ഇസ്രായേല്‍ സമൂഹം മുഴുവന്‍ സീന്‍മരുഭൂമിയില്‍ നിന്നു പുറപ്പെട്ടു കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് പടിപടിയായിയാത്ര ചെയ്ത് റഫിദീമില്‍ എത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ള മുണ്ടായിരുന്നില്ല.2 ജനം മോശയെ കുററപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ക്കു കുടിക്കാന്‍വെള്ളം തരിക എന്നു പറഞ്ഞു. മോശ അവരോടു പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ കുററപ്പെടുത്തുന്നു?എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?3 ദാഹിച്ചു വലഞ്ഞജനം മോശയ്ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ എന്നു കരുതിയാണോ?4 മോശ കര്‍ത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാന്‍ എന്താണു ചെയ്യുക? ഏറെത്താമസിയാതെ അവര്‍ എന്നെ കല്ലെറിയും.5 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഏതാനും ഇസ്രായേല്‍ ശ്രേഷ്ഠന്മാരുമൊത്ത് നീ ജനത്തിന്റെ മുന്‍പേ പോകുക. നദിയുടെമേല്‍ അടിക്കാന്‍ ഉപയോഗിച്ചവടിയും കൈയിലെടുത്തുകൊള്ളുക.6 ഇതാ, നിനക്കു മുന്പില് ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ ആ പാറയില്‍ അടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാന്‍ വെള്ളം പുറപ്പെടും. ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍മോശ അങ്ങനെ ചെയ്തു.7 ഇസ്രായേല്‍ക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു.
അമലേക്യരുമായിയുദ്ധം
8 അമലേക്യര്‍ റഫിദീമില്‍ വന്ന് ഇസ്രായേല്‍ക്കാരെ ആക്രമിച്ചു.9 അപ്പോള്‍ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായിയുദ്ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്തു മലമുകളില്‍ നില്ക്കും.10 മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായിയുദ്ധം ചെയ്തു. മോശ, അഹറോന്, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു.11 മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.12 മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേല് ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്റെ കൈകള്‍ ഉയര്‍ന്നുതന്നെ നിന്നു.13 ജോഷ്വ അമലേക്കിനെയും അവന്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി.14 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇതിന്റെ ഓര്മ നിലനിര്‍ത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചു കേള്‍പ്പിക്കുക. ആകാശത്തിന് കീഴില്‍ നിന്ന് അമലേക്കിന്റെ സ്മ രണ ഞാന്‍ നിശ്ശേഷം മായിച്ചുകളയും.15 മോശ അവിടെ ഒരു ബലിപീഠം നിര്‍മിച്ച് അതിനുയാഹ്വെനിസ്സി എന്നു പേരു നല്കി.16 എന്തെന്നാല്‍, അവന് പറഞ്ഞു: കര്‍ത്താവിന്റെ പതാക കൈയിലെടുക്കുവിന്‍. തലമുറതോറും കര്‍ത്താവ് അമലേക്കിനെതിരായിയുദ്ധംചെയ്തുകൊണ്ടിരിക്കും.
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

