The Book of Exodus, Chapter 21 | പുറപ്പാട്, അദ്ധ്യായം 21 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 21

അടിമകളെ സംബന്ധിച്ച നിയമങ്ങള്‍

1 നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്:2 ഹെബ്രായനായ ഒരു അടിമയെ വിലയ്ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാംവര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.3 അവന്‍ തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു പൊയ്‌ക്കൊള്ളട്ടെ.4 ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവന് അവളില്‍ പുത്രന്‍മാരോ പുത്രിമാരോ ജനിക്കുകയും ചെയ്താല്‍ അവളും കുട്ടികളുംയജമാനന്റെ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം.5 എന്നാല്‍ ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുട്ടികളെയും സ്‌നേഹിക്കുന്നു;ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല എന്ന് ദാസന്‍ തീര്‍ത്തു പറഞ്ഞാല്‍6 യജമാനന്‍ അവനെ ദൈവസമക്ഷം കൊണ്ടു ചെന്ന് കതകിന്റെ യോ കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്റെ കാത് തോലുളികൊണ്ട് തുളയ്ക്കണം. അവന്‍ എന്നേക്കും അവന്റെ അടിമയായിരിക്കും.7 ഒരുവന്‍ തന്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല.8 എന്നാല്‍, യജമാനന്‍ അവള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കിയശേഷം അവന് അവളില്‍ അതൃപ്തി തോന്നിയാല്‍ അവള്‍ വീണ്ടെടുക്കപ്പെടാന്‍ അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് അവളെ വില്‍ക്കാന്‍ അവന് അവകാശമുണ്ടായിരിക്കുകയില്ല.9 അവന്‍ അവളെ തന്റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടു പെരുമാറണം.10 അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്.11 ഇവ മൂന്നും അവന്‍ അവള്‍ക്കു നല്‍കുന്നില്ലെങ്കില്‍ വിലയൊടുക്കാതെ അവള്‍ക്കു സ്വതന്ത്രയായിപ്പോകാം.

ദേഹോപദ്രവത്തിനു ശിക്ഷ

12 മനുഷ്യനെ അടിച്ചു കൊല്ലുന്നവന്‍ വധിക്കപ്പെടണം.13 എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവന്റെ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവം ഇടവരുത്തിയാല്‍ അവന് ഓടിയൊളിക്കാന്‍ ഞാന്‍ ഒരു സ്ഥലം നിശ്ചയിക്കും.14 ഒരുവന്‍ തന്റെ അയല്‍ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍ അവനെ എന്റെ ബലിപീഠത്തിങ്കല്‍ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.15 പിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം.16 മനുഷ്യനെ മോഷ്ടിച്ചു വില്‍്ക്കുകയോ തന്റെ യടുക്കല്‍ സൂക്ഷിക്കുകയോ ചെയ്യുന്നവന്‍ വധിക്കപ്പെടണം.17 പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന്‍ വധിക്കപ്പെടണം.18 ആ ളുകള്‍ തമ്മിലുള്ള കലഹത്തിനിടയില്‍ ഒരുവന്‍ മറ്റൊരുവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിക്കുകയും, ഇടികൊണ്ടവന്‍മരിച്ചില്ലെങ്കിലും കിടപ്പിലാവുകയും ചെയ്‌തെന്നിരിക്കട്ടെ;19 പിന്നീട് അവന് എഴുന്നേറ്റ് വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്ഷാര്‍ഹനല്ല; എങ്കിലും അവനു സമയനഷ്ടത്തിനു പരിഹാരം നല്‍കുകയും പൂര്‍ണസുഖമാകുന്നതുവരെ അവന്റെ കാര്യം ശ്രദ്ധിക്കുകയും വേണം.20 ഒരുവന്‍ തന്റെ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടി കൊണ്ടയാള്‍ അവന്റെ യടുക്കല്‍തന്നെ വീണു മരിക്കുകയും ചെയ്താല്‍ അവന്‍ ശിക്ഷിക്കപ്പെടണം.21 എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍ അടിച്ചവന്‍ ശിക്ഷിക്കപ്പെടരുത്. കാരണം, അടിമ അവന്റെ സ്വത്താണ്.22 ആളുകള്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്കു ദേഹോപദ്രവമേല്‍ക്കുകയാല്‍ ഗര്‍ഭച്ഛിദ്രത്തിനിടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അവളുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയുംന്യായാധിപന്‍മാര്‍ നിശ്ചയിക്കുകയും ചെയ്യുന്നതുക അവളെ ഉപദ്രവിച്ച ആള്‍ പിഴയായി നല്‍കണം.23 എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനു പകരം ജീവന്‍ കൊടുക്കണം.24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്.25 പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം.26 ഒരുവന്‍ തന്റെ ദാസന്റെ യോ ദാസിയുടെയോ കണ്ണ് അടിച്ചുപൊട്ടിച്ചാല്‍ അതിനു പകരം ആ അടിമയ്ക്ക് സ്വാതന്ത്ര്യം നല്‍കണം.27 ഒരുവന്‍ തന്റെ ദാസന്റെ യോ ദാസിയുടെയോ പല്ല് അടിച്ചു പറിച്ചാല്‍ അതിനു പകരം ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്‍കണം.

ഉടമസ്ഥന്റെ ഉത്തരവാദിത്വം

28 ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍, അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിന്റെ മാംസം ഭക്ഷിക്കരുത്; കാളയുടെ ഉടമസ്ഥന്‍ നിരപരാധനായിരിക്കും.29 എന്നാല്‍, കാള പതിവായി ആളുകളെ കുത്തി മുറിവേല്‍പിക്കുകയും അതിന്റെ ഉടമസ്ഥനെ വിവരമറിയിച്ചിട്ടും അവന്‍ അതിനെ കെട്ടിയിടായ്കയാല്‍ അത് ആരെയെങ്കിലും കുത്തിക്കൊല്ലുകയും ചെയ്താല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും വധിക്കപ്പെടണം.30 മോചനദ്രവ്യം നിശ്ചയിക്കപ്പെട്ടാല്‍ നിശ്ചയിച്ച തുകകൊടുത്ത് അവന് ജീവന്‍ വീണ്ടെടുക്കാം.31 കാള ഒരു ബാലനെയോ ബാലികയെയോ കുത്തിമുറിവേല്‍പിച്ചാലും ഇതേ നിയമം ബാധകമാണ്;32 ദാസനേയോ ദാസിയേയോ കുത്തി മുറിവേല്‍പിക്കുകയാണെങ്കില്‍ അവരുടെയജമാനന് കാളയുടെ ഉടമസ്ഥന്‍മുപ്പതു ഷെക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.33 ഒരുവന്‍ കിണര്‍ തുറന്നിടുകയോ അതു കുഴിച്ചതിനുശേഷം34 അടയ്ക്കാതിരിക്കുകയോ ചെയ്തതുകൊണ്ട് അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിന്റെ ഉടമസ്ഥന്‍മൃഗത്തിന്റെ ഉടമസ്ഥനു നഷ്ട പരിഹാരം ചെയ്യണം. എന്നാല്‍, ചത്ത മൃഗം അവനുള്ളതായിരിക്കും.35 ഒരുവന്റെ കാള മറ്റൊരുവന്റെ കാളയെ കുത്തിമുറിവേല്‍പിക്കുകയും അതു ചാകുകയും ചെയ്താല്‍, അവര്‍ ജീവനുള്ള കാളയെ വില്‍ക്കുകയും കിട്ടുന്ന പണം പങ്കിട്ടെടുക്കുകയും വേണം; ചത്ത കാളയെയും പങ്കിട്ടെടുക്കണം.36 എന്നാല്‍, തന്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും അതിനെ കെട്ടിനിര്‍ത്തുന്നില്ലെങ്കില്‍ അവന്‍ കാളയ്ക്കു പകരം കാളയെ കൊടുക്കണം; ചത്ത കാള അവനുള്ളതായിരിക്കും.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment