The Book of Exodus, Chapter 28 | പുറപ്പാട്, അദ്ധ്യായം 28 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 28

പുരോഹിതവസ്ത്രങ്ങള്‍

1 പുരോഹിതന്‍മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്‍മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍നിന്നു നിന്റെ യടുക്കലേക്കു വിളിക്കുക.2 നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മിക്കുക.3 അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാന വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ധന്‍മാരോടും നീ ആവശ്യപ്പെടുക.4 അവര്‍ നിര്‍മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട. എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഹറോനും പുത്രന്‍മാര്‍ക്കും വേണ്ടി അവര്‍ വിശുദ്ധ വസ്ത്രങ്ങള്‍ നിര്‍മിക്കട്ടെ.5 സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവ അവര്‍ ഉപയോഗിക്കണം.6 സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവ ഉപയോഗിച്ച് വിദഗ്ധമായി അവര്‍ എഫോദ് നിര്‍മിക്കണം.7 അതിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.8 എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്‍മേലുള്ള പട്ടയും സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ട് അതേ രീതിയില്‍ത്തന്നെ വിദഗ്ധമായി നിര്‍മിച്ചതായിരിക്കണം.9 രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത് അവയില്‍ ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകള്‍ കൊത്തണം.10 അവരുടെ പ്രായക്രമമനുസരിച്ച് ഓരോ കല്ലിലും ആറു പേരുകള്‍വീതം കൊത്തുക.11 രത്‌ന ശില്പി മുദ്രകൊത്തുന്നതുപോലെ ഇസ്രായേ ലിന്റെ പുത്രന്‍മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തണം. കല്ലുകള്‍ സ്വര്‍ണത്തകിടില്‍ പതിക്കണം.12 ഇസ്രായേല്‍ പുത്രന്‍മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിന്റെ മുന്‍പില്‍ ഒരു സ്മാരകമായി അഹറോന്‍ തന്റെ ഇരുതോളുകളിലും വഹിക്കട്ടെ.13 രത്‌നം പതിക്കാനുള്ള തകിടുകള്‍ സ്വര്‍ണംകൊണ്ട് ഉണ്ടാക്കുക.14 തനി സ്വര്‍ണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത രണ്ടു തുടലുകള്‍ നിര്‍മിച്ച്, അവ സ്വര്‍ണത്തകിടുകളുമായി യോജിപ്പിക്കുക.15 ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിര്‍മിക്കണം. അത് എഫോദെന്നപോലെ സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ടാണ് ഉണ്ടാക്കേണ്ടത്.16 അതു സമ ചതുരത്തില്‍ രണ്ടു മടക്കുള്ളതായിരിക്കണം. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയും വേണം.17 അതിനുമേല്‍ നാലു നിര രത്‌നങ്ങള്‍ പതിക്കണം. ആദ്യത്തെനിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;18 രണ്ടാമത്തെനിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;19 മൂന്നാമത്തെനിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;20 നാലാമത്തെനിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. രത്‌നങ്ങളെല്ലാം സ്വര്‍ണത്തകിടിലാണ് പതിക്കേണ്ടത്.21 ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്‌നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്‌നത്തിലും മുദ്രപോലെ, കൊത്തിയിരിക്കണം.22 ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിയണം.23 സ്വര്‍ണംകൊണ്ടു രണ്ടു വളയങ്ങള്‍ നിര്‍മിച്ച് ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിക്കണം.24 ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള രണ്ടു വളയങ്ങളിലൂടെ രണ്ടു സ്വര്‍ണത്തുടലുകളിടണം.25 തുടലുകളുടെ മറ്റേയറ്റങ്ങള്‍ രത്‌നംപതിച്ച സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച എഫോദിന്റെ തോള്‍വാറിന്റെ മുന്‍ഭാഗവുമായി ബന്ധിക്കണം.26 രണ്ടു സ്വര്‍ണവളയങ്ങള്‍ പണിത് അവ ഉരസ്ത്രാണത്തിന്റെ താഴത്തെ കോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത്, എഫോദിനോടു ചേര്‍ത്ത് ബന്ധിക്കണം.27 രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച്, അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത് അവയുടെ തുന്നലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിക്കണം.28 ഉരസ്ത്രാണത്തിന്റെയും എഫോദിന്റെയും വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിക്കണം. അപ്പോള്‍ ഉരസ്ത്രാണം എഫോദിന്റെ അ ലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോവുകയില്ല.29 അഹറോന്‍ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകള്‍ കൊത്തിയിട്ടുള്ളന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടും.30 ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ ഉറീം, തുമ്മീം എന്നിവനിക്‌ഷേപിക്കുക. അഹറോന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രവേ ശിക്കുമ്പോള്‍ അവ അവന്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോന്‍ തന്റെ മാറില്‍ ഇസ്രായേലിന്റെന്യായവിധി കര്‍ത്താവിന്റെ സന്നിധിയില്‍ നിരന്തരം വഹിക്കട്ടെ.31 എഫോദിന്റെ നിലയങ്കി നീല നിറമായിരിക്കണം.32 തല കടത്താന്‍ അതിനു നടുവില്‍ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, നെയ്‌തെടുത്ത ഒരു നാട, ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം.33 നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ മാത ളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണമണികള്‍ ബന്ധിക്കണം.34 ഒന്നിടവിട്ടായിരിക്കണം സ്വര്‍ണമണികളും മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കുന്നത്.35 അഹറോന്‍ പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ ഇതു ധരിക്കണം. അവന്‍ വിശുദ്ധ സ്ഥലത്ത് കര്‍ത്താവിന്റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിന്റെ ശബ്ദം കേള്‍ക്കട്ടെ. ഇല്ലെങ്കില്‍ അവന്‍ മരിക്കും.36 തനി സ്വര്‍ണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിന്‍മേല്‍ ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവയ്ക്കുക.37 ഒരു നീലച്ചരടുകൊണ്ട് അത് തലപ്പാവിന്റെ മുന്‍വശത്ത് ബന്ധിക്കണം. അഹറോന്‍ അതു നെറ്റിയില്‍ ധരിക്കണം.38 അങ്ങനെ ഇസ്രായേല്‍ക്കാര്‍ വിശുദ്ധവസ്തുക്കള്‍ കാഴ്ച സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന്‍ വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന് ആ തകിട് അഹറോന്റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കണം.39 നേര്‍മയായി പിരിച്ചെടുത്ത ചണംകൊണ്ട് ഒരു അങ്കിയുണ്ടാക്കി അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം. നേര്‍മയായി പിരിച്ചെടുത്ത ചണംകൊണ്ട് തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയും ഉണ്ടാക്കണം.40 അഹറോന്റെ പുത്രന്‍മാര്‍ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന് അവര്‍ക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മിക്കണം.41 ഇവയെല്ലാം നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്‍മാരെയും നീ അണിയിക്കുക. അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അവരെ അഭിഷേചിച്ചു നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുക.42 അവരുടെ നഗ്‌നത മറയ്ക്കാന്‍ ചണത്തുണികൊണ്ട് അരമുതല്‍ തുടവരെയെത്തുന്ന കാല്‍ച്ചട്ടകളുണ്ടാക്കണം.43 അഹറോനും പുത്രന്‍മാരും സമാഗമ കൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിന് ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികള്‍ക്കും എന്നേക്കുമുള്ള നിയമമാണ്.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment