The Book of Exodus, Chapter 33 | പുറപ്പാട്, അദ്ധ്യായം 33 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 33

സീനായ് വിടാന്‍ കല്‍പന

1 കര്‍ത്താവു മോശയോടു കല്‍പിച്ചു: നീയും ഈജിപ്തില്‍ നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്‍കുമെന്നു ഞാന്‍ ശപഥം ചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.2 ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ഒരു ദൂതനെ അയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.3 തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യം നിമിത്തം വഴിയില്‍വച്ചു നിങ്ങളെ നശിപ്പിച്ചുകളയും.4 അശുഭമായ ഈ വാര്‍ത്തകേട്ട് അവര്‍ വിലപിച്ചു. ആരും ആഭരങ്ങളണിഞ്ഞില്ല.5 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു: നീ ഇസ്രായേല്‍ക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.6 ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങള്‍ അഴിച്ചു മാറ്റി.

സമാഗമകൂടാരം

7 പാളയത്തിനു പുറത്ത് അകലെയായിമോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു. അവന്‍ അതിനെ സമാഗമകൂടാരമെന്നു വിളിച്ചു. കര്‍ത്താവിന്റെ ഹിതം അറിയാന്‍ ആഗ്രഹിച്ചവരൊക്കെ പാളയത്തിനു വെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു.8 മോശ ഈ കൂടാരത്തിലേക്കു പോകുന്ന അവസരങ്ങളിലൊക്കെ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട്, മോശ കൂടാരത്തിനുള്ളില്‍ കടക്കുന്നതുവരെ അവനെ വീക്ഷിച്ചിരുന്നു.9 മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്‍ക്കല്‍ നില്‍ക്കും. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും.10 മേഘസ്തംഭം കൂടാരവാതില്‍ക്കല്‍ നില്‍ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്റെ വാതില്‍ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നു.11 സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാല്‍ അവന്റെ സേവ കനും നൂനിന്റെ പുത്രനുമായ ജോഷ്വ എന്നയുവാവ് കൂടാരത്തെ വിട്ടു പോയിരുന്നില്ല.

കര്‍ത്താവ് ജനത്തോടുകൂടെ

12 മോശ കര്‍ത്താവിനോടു പറഞ്ഞു: ഈ ജനത്തെനയിക്കുക എന്ന് അങ്ങ് എന്നോട് ആജ്ഞാപിക്കുന്നു. എന്നാല്‍, ആരെയാണ് എന്റെ കൂടെ അയയ്ക്കുക എന്ന് അറിയിച്ചിട്ടില്ല. എന്നിട്ടും, എനിക്കു നിന്നെ നന്നായിട്ടറിയാം, നീ എന്റെ പ്രീതി നേടിയിരിക്കുന്നു എന്ന് അവിടുന്നു പറയുന്നു.13 അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികള്‍ എനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാന്‍ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തം ജനമാണെന്ന് ഓര്‍മിച്ചാലും.14 കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.15 മോശ പറഞ്ഞു: അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുത്.16 അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ് എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ വെളിപ്പെടും? അങ്ങു ഞങ്ങളോടൊത്തുയാത്ര ചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു വ്യത്യസ്തരായിരിക്കും.17 കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.18 മോശ പറഞ്ഞു: അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.19 അവിടുന്ന് അരുളിച്ചെയ്തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എന്റെ നാമം നിന്റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും.20 അവിടുന്നു തുടര്‍ന്നു: നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.21 കര്‍ത്താവു പറഞ്ഞു: ഇതാ എന്റെ അടുത്തുള്ള ഈ പാറമേല്‍ നീ നില്‍ക്കുക.22 എന്റെ മഹത്വം കടന്നു പോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിര്‍ത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.23 അ തിനുശേഷം ഞാന്‍ കൈ മാറ്റും. അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എന്റെ മുഖം നീ കാണുകയില്ല.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment