The Book of Exodus, Chapter 35 | പുറപ്പാട്, അദ്ധ്യായം 35 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 35

സാബത്തു വിശ്രമം

1 മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്‍പിച്ചിട്ടുള്ളത് ഇവയാണ്:2 ആറു ദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ ദിനമായിരിക്കണം – കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലി ചെയ്യുന്ന ഏവനും വധിക്കപ്പെടണം.3 നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്.

കൂടാരനിര്‍മാണത്തിനു കാഴ്ചകള്‍

4 ഇസ്രായേല്‍ സമൂഹത്തോടു മോശ പറഞ്ഞു: ഇതാണ് കര്‍ത്താവു കല്‍പിച്ചിരിക്കുന്നത്.5 നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്‌കര്‍ കര്‍ത്താവിനു കാഴ്ചകൊണ്ടുവരട്ടെ: സ്വര്‍ണം, വെള്ളി, ഓട്,6 നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകള്‍, നേര്‍മയില്‍നെയ്‌തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം;7 ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,8 വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍;9 ഗോമേദകരത്‌നങ്ങള്‍, എഫോദിനും ഉര സ്ത്രാണത്തിനുമുള്ള രത്‌നങ്ങള്‍.10 നിങ്ങളില്‍ ശില്പവൈദഗ്ധ്യമുള്ളവര്‍ മുന്‍പോട്ടുവന്ന് കര്‍ത്താവ് ആജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്‍മിക്കട്ടെ: വിശുദ്ധ കൂടാരം,11 അതിന്റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;12 പേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;13 മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;14 വിളക്കുകാല്, അതിന്റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ,15 ധൂപ പീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗന്ധദ്രവ്യം, കൂടാരവാതിലിനുവേണ്ടയവനിക;16 ദഹന ബലിപീഠം, ഓടുകൊണ്ടുള്ള അതിന്റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;17 അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിന്റെ യവനിക;18 കൂടാരത്തിനും അങ്കണത്തിനും വേണ്ട കുറ്റികള്‍, കയറുകള്‍;19 വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോനും പുരോഹിതശുശ്രൂഷ ചെയ്യുന്ന അവന്റെ പുത്രന്‍മാര്‍ക്കും അണിയാനുള്ള വിശുദ്ധ വസ്ത്രങ്ങള്‍.20 ഇസ്രായേല്‍സമൂഹം മോശയുടെ മുന്‍പില്‍നിന്നു പിരിഞ്ഞുപോയി.21 ആന്തരികപ്രചോദനം ലഭിച്ച ഉദാരമനസ്‌കര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു. അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധ വസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു.22 ഉദാരമന സ്‌കരായ സ്ത്രീപുരുഷന്‍മാര്‍ കാഴ്ചകളുമായിവന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണവളയങ്ങളും അംഗുലീയങ്ങളും തോള്‍വളകളും എല്ലാത്തരം സ്വര്‍ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ഓരോരുത്തരും കര്‍ത്താവിനു സ്വര്‍ണം കൊണ്ടുള്ള കാഴ്ച സമര്‍പ്പിച്ചു.23 ഓരോരുത്തരും കൈവശം ഉണ്ടായിരുന്ന നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകളും നേര്‍മയുള്ള ചണത്തുണിയും കോലാട്ടിന്‍ രോമവും ഊറയ്ക്കിട്ട മുട്ടാടിന്‍തോലും നിലക്കരടിത്തോലും കൊണ്ടുവന്നു.24 വെള്ളിയോ, ഓടോ അര്‍പ്പിക്കാന്‍ കഴിവുണ്ടായിരുന്നവര്‍ അതു കൊണ്ടുവന്നു കര്‍ത്താവിനു കാഴ്ചവെച്ചു. ഏതെങ്കിലും പണിക്കുതകുന്ന കരുവേലത്തടി കൈവശമുണ്ടായിരുന്നവര്‍ അതുകൊണ്ടുവന്നു.25 കരവിരുതുള്ള സ്ത്രീകള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ സ്വന്തം കൈകൊണ്ടു പിരിച്ചെടുത്തനൂലുകളും നേര്‍മയില്‍ നെയ്ത ചണത്തുണിയും കൊണ്ടുവന്നു.26 നൈപുണ്യവും സന്നദ്ധതയുമുണ്ടായിരുന്ന സ്ത്രീകള്‍ കോലാട്ടിന്‍ രോമംകൊണ്ടു നൂലുണ്ടാക്കി.27 നേതാക്കന്‍മാര്‍ എഫോദിനും ഉരസ്ത്രാണത്തിനും വേണ്ട ഗോമേദകങ്ങളും മറ്റുരത്‌നങ്ങളും,28 വിളക്കിനും അഭിഷേകതൈലത്തിനും ധൂപത്തിനും ആവശ്യമായ സുഗന്ധദ്രവ്യങ്ങളും എണ്ണയും കൊണ്ടുവന്നു.29 കര്‍ത്താവു മോശവഴി ആജ്ഞാപിച്ച ജോലികളുടെ നിര്‍വഹണത്തിന് ഇസ്രായേലിലെ സ്ത്രീപുരുഷന്‍മാരോരുത്തരും തങ്ങളുടെ ഉള്‍പ്രേരണയനുസരിച്ച് ഓരോ സാധനം കൊണ്ടുവന്ന് സ്വമേധയാ കര്‍ത്താവിനു കാഴ്ചവച്ചു.30 മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: യൂദാഗോത്രത്തിലെ ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ കര്‍ത്താവു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു.31 അവിടുന്ന് അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്ത രം ശില്‍പവേലകളിലുമുള്ള വൈദഗ്ധ്യവും നല്‍കി അവനെ അനുഗ്രഹിച്ചിരിക്കുന്നു.32 കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക,33 പതിക്കാനുള്ള രത്‌നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്‍പവേല കള്‍ക്കും വേണ്ടിയാണിത്.34 അവിടുന്ന് അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിന്റെ പുത്രന്‍ ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍ തക്ക കഴിവു നല്‍കിയിരിക്കുന്നു.35 കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്‍പകലാവിദഗ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടുന്നതിനും വേണ്ട തികഞ്ഞകഴിവ് അവിടുന്ന് അവര്‍ക്കു നല്‍കി.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment