നോമ്പുകാല വചനതീർത്ഥാടനം 35

നോമ്പുകാല
വചനതീർത്ഥാടനം – 35

എഫേസൂസ് 4 : 25
” വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയൽക്കാരോട് സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്.”

യഹൂദജനം പൊതുവെ വിജാതീയരുടെ സന്മാർഗ്ഗജീവിതശൈലിയാണു് പിൻതുടർന്നു പോന്നത്. എന്നാൽ, അവരുടെ തെറ്റായ ജീവിതശൈലി ക്രിസ്തുവിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ച ക്രിസ്ത്യാനികൾ അവലംബിക്കരുതെന്ന് പൗലോസ് ശ്ലീഹ എഫേസൂസിലെ വിശ്വാസികളോട് നിഷ്ക്കർഷിക്കുന്നതാണ് സന്ദർഭം. ക്രിസ്ത്യാനികൾ അവരുടെ ഉള്ളിലെ പഴയ മനുഷ്യന്റെ ഭാവങ്ങൾ ദൂരെയെറിഞ്ഞ് പുതിയ മനുഷ്യന്റെ ഭാവങ്ങൾ പ്രായോഗികമായി ഉൾക്കൊണ്ടു ജീവിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മാത്രമല്ല, ക്രൈസ്തവർ സമ്പൂർണ്ണമായും ക്രിസ്തുവിൽ നവീകരിക്കപ്പെട്ട് മനസ്സിൽ പുത്തൻചൈതന്യംപേറി ജീവിക്കുന്നവരായി മാറണം. ഇതിനായി നാല് പ്രായോഗികമാർഗ്ഗങ്ങളാണ് പൗലോസ് ശ്ലീഹ മുന്നോട്ടു വയ്ക്കുന്നത്. ഒന്ന്, വ്യാജം വെടിഞ്ഞ് അയൽക്കാരോട് സത്യം സംസാരിക്കുക രണ്ട്, കോപിച്ചാലും പാപമാകാതെ സൂക്ഷിക്കുക, മൂന്ന്, മോഷ്ടാക്കളായിട്ടുള്ളവർ ഇനിമേൽ മോഷ്ടിക്കാതിരിക്കുക, നാല്, തിന്മനിറഞ്ഞ വാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഈ നാലു കാര്യങ്ങളും അനുവർത്തിച്ചു ജീവിക്കേണ്ടതിന്റെ കാരണംകൂടി പൗലോസ് ശ്ലീഹ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒരേ ശരീരത്തിന്റെ അവയവങ്ങളായതുകൊണ്ട് അവരുടെയിടയിൽ വ്യാജത്തിന് സ്ഥാനമില്ല. എന്തെന്നാൽ വ്യാജം പരസ്പരമുളള സംഭാഷണത്തെ ഉലയ്ക്കുകയും സഭാംഗങ്ങൾക്കിടയിൽ സംശയം ജനിപ്പിക്കുകയും ചെയ്യും. സ്നേഹത്തിലധിഷ്ഠിതമായി സത്യം പറയുകവഴിയാണ് സഭാഗാത്രത്തെ വളർത്തുവാൻ സാധിക്കുക. അതുപോലെ കോപവും സഭാശരീരത്തിൽ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു ഘടകമാണ്. വിശ്വാസികൾ സാധാരണഗതിയിൽ കോപിക്കുവാൻ പാടുളളതല്ല. എന്നാൽ കോപിക്കുവാൻ ഇടയായാൽ സൂര്യാസ്തമനത്തിനുമുമ്പ് തന്നെ അനുരഞ്ജനപ്പെടണം. വിശ്വാസികൾ തങ്ങളുടെ കരങ്ങൾകൊണ്ട് അദ്ധ്വാനിച്ചാണ് ജീവിക്കേണ്ടത്, അല്ലാതെ, മോഷണം നടത്തിയല്ല. വിശ്വാസികൾ തമ്മിൽത്തമ്മിലും മറ്റാരുമായും നടത്തുന്ന സംഭാഷണങ്ങൾ അപരനെ ആത്മീകമായി വളർത്തുവാൻ ഉപകരിക്കുന്നതാവണം. ചുരുക്കത്തിൽ, സാമൂഹ്യബോധത്തിൽ അധിഷ്ഠിതമായ ഒരു കൂട്ടായ്മാജീവിതമാണ് ക്രിസ്ത്യാനികൾ നയിക്കേണ്ടത്. ഈ നോമ്പുകാലത്തിൽ നമ്മൾ അനുഷ്ഠിക്കുന്ന എല്ലാ ആത്മീക ജീവിതചര്യകളും നമ്മുടെ ലക്ഷ്യം സാധിതമാക്കുവാൻ സഹായിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.


ഫാ. ആന്റണി പൂതവേലിൽ 05.04.2022

Advertisements

Leave a comment