നോമ്പുകാല വചനതീർത്ഥാടനം 38

നോമ്പുകാല
വചനതീർത്ഥാടനം – 38

റോമ 5 : 4
” കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു.”

വി.പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടിൽ വിശ്വാസമാണ് നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം. നീതീകരണ (Justification, Righteousness) മെന്നു പറയുന്നത് ദൈവത്തിന്റെ കൃപാദാനമായ രക്ഷയാണ്. (റോമ 5 : 16). ആദിമാതാപിതാക്കളുടെ ദുരാഗ്രഹം മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷയ്ക്ക് കാരണമായെങ്കിൽ യേശുക്രിസ്തുവിലൂടെ കൈവന്ന ദൈവകൃപ എല്ലാവരുടെയും നീതീകരണത്തിന്, അതായത്, രക്ഷയ്ക്ക് വഴിതെളിച്ചു. ഇതുവഴിയാണ് ദൈവ-മനുഷ്യബന്ധം പുന:സ്ഥാപിക്കപ്പെട്ടതും, അനുരഞ്ജനം സാധ്യമായതും. ഈ സത്യം വിശ്വസിച്ച് ജീവിക്കുന്നവരാണ് രക്ഷയുടെ പാതയിലൂടെ ചരിക്കുന്നത്. വി.പൗലോസ് വിശ്വാസത്തെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്. യേശുക്രിസ്തു തന്റെ രക്ഷാകരപദ്ധതിയിലൂടെ മനുഷ്യകുലത്തെ വീണ്ടെടുത്തു എന്ന അവബോധത്താൽ പ്രേരിതനായി ഒരുവൻ തന്നെത്തന്നെ യേശുവിനോടും അവിടുത്തെ വചനത്തോടും അനുരൂപപ്പെടുത്തി ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതാണ്. “പ്രവൃത്തി കൂടാതെയുളള വിശ്വാസം അതിൽത്തന്നെ നിർജ്ജീവമാണ്” (വി. യാക്കോബ്  2 : 17) എന്ന വി. യാക്കോബ് ശ്ലീഹായുടെ കാഴ്ചപ്പാടിനെ അതിശയിക്കുന്ന നിലപാടല്ലെന്ന് നമ്മൾ പ്രത്യേകം മനസ്സിലാക്കണം. കാരണം, വിശ്വാസം പൂർണ്ണമാകുന്നത് പ്രവൃത്തിയിലൂടെയാണ്. ഒരുവന്റെ വിശ്വാസജീവിതം ഒട്ടേറെ സഹനങ്ങൾ നിറഞ്ഞതാണ്. വി. പൗലോസിന്റെ ജീവിതംതന്നെ ഇതിന് നല്ലൊരു ഉദാഹരണമാണ്. അദ്ദേഹം മർദ്ദനമേറ്റ് കാരാഗൃഹത്തിൽ കിടന്നതും, സ്വന്തക്കാരിൽ നിന്നും വിജാതീയരിൽ നിന്നും അപകടങ്ങൾ നേരിട്ടതും, കല്ലെറിയപ്പെട്ട തുമായ സംഭവങ്ങൾ വിശ്വാസത്തിന്റെ പേരിലായിരുന്നു. ഈ കഷ്ടതകളെല്ലാം അദ്ദേഹത്തിന് സഹനശീലം സ്വന്തമാക്കാൻ സഹായിച്ചു. മാത്രമല്ല ഈ ശീലം അദ്ദേഹത്തിന് ക്രിസ്തുവിനുവേണ്ടി ആത്മധൈര്യത്തോടെ പ്രസംഗിക്കാനുള്ള ശേഷി നൽകി. ഒടുവിൽ ആത്മധൈര്യം അദ്ദേഹത്തിന്റെ ജീവിതത്തെ പ്രത്യാശാഭരിതമാക്കി. കാരണം യേശുക്രിസ്തുവിനുവേണ്ടിയുള്ള മരണം അവിടുത്തെ പുനരാഗമനത്തിൽ അവിടുത്തോടൊപ്പം മഹത്ത്വീകരിക്കപ്പെടുമെന്നുളളതിൽ പൗലോസിന് സംശയമൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, നീതീകരണത്തിന്റെ ഫലമായാണ് ഒരു വിശ്വാസിക്ക് സുകൃതജീവിതം നയിക്കാനും
സമാധാനത്തിൽ കഴിയാനും പ്രത്യാശയോടെ എന്തിനെയും അതിജീവിക്കാനും സാധിക്കുന്നത്.

ഫാ. ആന്റണി പൂതവേലിൽ
08.04.2022

Advertisements

Leave a comment