നോമ്പുകാല വചനതീർത്ഥാടനം 39

നോമ്പുകാല
വചനതീർത്ഥാടനം – 39

1 തെസലോനിക്കാ 4 : 4
” നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്നു അറിയണം.”

വി. പൗലോസിന്റെയും സഹപ്രവർത്തകരായിരുന്ന സിൽവാനോസിന്റെയും തിമോത്തിയുടെയും സുവിശേഷപ്രഘോഷണംവഴിയാണ് തെസലോണിയാക്കാർ മാനസാന്തരപ്പെട്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. തങ്ങൾ സ്വീകരിച്ച പുത്തൻവിശ്വാസത്തിന്റെയും ജീവിതശൈലിയുടെയുംപേരിൽ അവർക്ക് വിജാതീയരിൽനിന്ന് പീഢനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, വിജാതീയരുടെയിടയിൽ കഴിയേണ്ടിവന്നതിനാൽ അവർ തമ്മിൽത്തമ്മിൽ നിലനിർത്തേണ്ടിയിരുന്ന സഹോദരസ്നേഹത്തിന് വിരുദ്ധമായിട്ടുളള പല ശാരീരികബന്ധങ്ങളും അവരിൽ ശ്രദ്ധിക്കാനിടയായി. ഈ സാഹചര്യത്തിലാണ് അവരുടെ ശാരീരികവിശുദ്ധി എങ്ങനെ കാത്തുസൂക്ഷിക്കണം എന്നതിനെക്കുറിച്ച് വ്യക്തവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ പൗലോസ് അവർക്ക് നൽകുന്നത്. ദൈവത്തിൽ സഹോദരങ്ങളായിത്തീർന്ന അവർ വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാൽത്തന്നെ ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കാനും വിജാതീയരിൽനിന്ന് വിഭിന്നമായി ഉയർന്ന ധാർമ്മികനിലവാരം കാത്തുസൂക്ഷിക്കാനും അവർ പ്രതിജ്ഞാബദ്ധരാണെന്നും പൗലോസ് ഉദ്ബോധിപ്പിക്കുന്നു. തങ്ങളെ വിളിച്ചവന്റെ ലക്ഷ്യം നിറവേറ്റപ്പെടാതെവന്നാൽ അതു ദൈവത്തെത്തന്നെ അവഗണിക്കുന്നതിന് ഇടയാക്കും എന്ന് പൗലോസ് അവർക്ക് മുന്നറിയിപ്പു നൽകുന്നു. ശാരീരികബന്ധങ്ങളിലെ അശുദ്ധി ഒന്നിലധികം വ്യക്തികളുടെ ജീവിതത്തെയാണ് കളങ്കിതമാക്കുന്നതെന്നുംവിവാഹേതരബന്ധങ്ങൾ അവരുടെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നുംകൂടി മുന്നറിയിപ്പു നൽകുന്നുണ്ട്. യേശുവിൽ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിച്ച് വിശ്വാസികളുടെ സമൂഹത്തിൽ ചേർന്നവർ പരിശുദ്ധാരൂപിയുടെ പ്രചോദനമനുസരിച്ചാണ് ജീവിക്കേണ്ടത്. വിജാതീയരിൽനിന്ന് ക്രൈസ്തവരെ വ്യത്യസ്തമാക്കുന്ന സവിശേഷതയും അതുതന്നെയാണ്. പാപത്തെ നിഷേധിക്കുന്ന ഒരു തലമുറയിൽ എല്ലാം മനുഷ്യന്റെ ബലഹീനതയായി കണക്കാക്കാൻ തുടങ്ങുമ്പോൾ വിശുദ്ധമായ ജീവിതം സാദ്ധ്യമാണെന്നും അതാണ് ക്രൈസ്തവ സമൂഹത്തിന്റെ വിളിയെന്നും തെസലോണിയരെ പൗലോസ് ഓർമ്മിപ്പിക്കുന്നു. സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണം എന്ന പ്രബോധനം തെസലോണിയർക്കു മാത്രമല്ല, ഓരോ ക്രൈസ്തവ സമൂഹത്തിലും പ്രത്യേകിച്ച് ആധുനികസുഖസൗകര്യങ്ങളുടെ മദ്ധ്യേ ജീവിക്കുന്നവർക്കും ഏറെ പ്രസക്തമാണ്.

ഫാ. ആന്റണി പൂതവേലിൽ
09.04.2022.

Advertisements

Leave a comment