നോമ്പുകാല വചനതീർത്ഥാടനം 43

*നോമ്പുകാല*
*വചനതീർത്ഥാടനം – 43*



വി. ലൂക്ക 13 : 34
” പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതു പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിനു ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല.”

*ഇസ്രായേൽ* ജനതയുടെ ചരിത്രത്തിന്റെ കേന്ദ്രനഗരമാണ് ജറുസലേം. ദാവീദ് രാജാവ് കീഴടക്കിയതോടെയാണ് ഈ നഗരത്തിന്റെ ചരിത്രപ്രാധാന്യം ആരംഭിക്കുന്നത്. രാജാവിന്റെ തലസ്ഥാന നഗരി, വാഗ്ദാനപേടകത്തിന്റെ പ്രതിഷ്ഠ, സോളമൻ രാജാവിന്റെ ദേവാലയ നിർമ്മാണം എന്നിവയോടുകൂടി രാഷ്ട്രീയമായും മതപരമായും ജറുസലേം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. കാലക്രമത്തിൽ നഗരവും നഗരവാസികളും ദൈവത്തിൽനിന്ന് അകലുകയും അവിടുന്ന് അയച്ച പ്രവാചകന്മാരെയും മറ്റും കല്ലെറിയുകയും കൊല്ലുകയും ചെയ്തതോടെ നഗരത്തിന്റെ നാശം ആസന്നമായി. ദൈവം അയച്ച രക്ഷകന്റെ സംരക്ഷണവലയത്തിനുള്ളിൽ കയറാൻ വിസമ്മതിച്ചതോടെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന വിപത്തിനെയോർത്തു യേശു വിലപിക്കുകയാണ്. നഗരത്തോടും നഗരവാസികളോടും യേശുവിനുണ്ടായിരുന്ന ആഴമായ സ്നേഹത്തെ വിളംബരം ചെയ്തു കൊണ്ടെന്നോണമാണ് ഉപമാരൂപേണ അവിടുന്നു വിലപിക്കുന്നത്. ഒരു പിടക്കോഴി അതിന്റെ കുഞ്ഞുങ്ങളെ തന്റെ ചിറകിൻകീഴ് നിർത്തിക്കൊണ്ട് സംരക്ഷിക്കാൻ ശ്രമിക്കുന്നതു പോലെയാണ് യേശുവും ശ്രമിച്ചത്. A.D.70 ൽ ദേവാലയവും A.D.135 ൽ നഗരവും നാമാവശേഷമായപ്പോൾ യേശുവിന്റെ പ്രവചനവിലാപം അന്വർത്ഥമായി. യഥാർത്ഥത്തിൽ യേശുവിന്റെ സ്നേഹത്തെ മഹത്ത്വമുള്ള ദൗർബല്യമായാണ് വിശേഷിപ്പിക്കേണ്ടത്. കാരണം അവിടുന്ന് സ്നേഹത്തെ തന്റെ ജീവിതശക്തിയായിട്ടാണ് കണ്ടത്. യഹൂദജനതയുടെ പെസഹാ ആചരണത്തിന്റെ പശ്ചാത്തലത്തിൽ ഈ സ്നേഹത്തിന്റെ കുത്തൊഴുക്കാണ് ശിഷ്യന്മാരുടെ പാദക്ഷാളനംവഴി പ്രകടമാക്കിയത്. പാദക്ഷാളനം എത്ര വലിയവർക്കും എളിയവരാകാം എന്നു കാണിച്ചുകൊടുക്കാൻ വേണ്ടി നടത്തിയ ഒരു പ്രഹസനമായിരുന്നില്ല.മറിച്ച്‌, അഹന്ത മുറ്റിയ മനുഷ്യവർഗ്ഗത്തിനു നൽകിയ ഒരു വെല്ലുവിളിയായിരുന്നു.
” ഞാൻ എനിക്കുവേണ്ടി; സാധിക്കുമെങ്കിൽ മറ്റുള്ളവരും എനിക്കുവേണ്ടി” എന്ന സ്വാർത്ഥതയാണല്ലോ നമ്മുടെ പാപത്തിന്റെ ഏറ്റവും കാതലായ ഭാഗം. ഇതിൽനിന്നാണ് പ്രതികാരം, അസൂയ, അശുദ്ധി, കൊലപാതകം, മോഷണം തുടങ്ങിയ പാപങ്ങളെല്ലാം ഉത്ഭവിക്കുന്നതു്. ഈ പാപങ്ങളുടെയെല്ലാം മോചനത്തിനായി യേശു നമ്മുടെ മുമ്പിൽ സ്വയം അവതരിപ്പിക്കുന്നതിങ്ങനെയാണ്: ” ഇതാ നിങ്ങൾക്കുവേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം; ഇതാ നിങ്ങൾക്കുവേണ്ടി ചിന്ത പ്പെടുന്ന എന്റെ രക്തം.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഞാൻ നിങ്ങൾക്കുവേണ്ടി .ഞാനും എനിക്കുള്ളതും എനിക്കുവേണ്ടിയല്ല, ; നിങ്ങളുടെ പാപശാന്തിക്കു വേണ്ടിയാണ്; നിങ്ങളുടെ പാപസ്വഭാവത്തെ മാറ്റിയെടുക്കുന്നതിനുവേണ്ടിയാണ്, നിങ്ങളെ മനുഷ്യത്വമുള്ള മനുഷ്യരാക്കുന്നതിനു വേണ്ടിയാണ്.” ഇപ്രകാരമാണ് ലോകാവസാനംവരെയുള്ള അനുയായികൾക്കുവേണ്ടി ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും രൂപത്തിൽ തന്റെ ശരീര രക്തങ്ങളെ സാദൃശ്യപ്പെടുത്തിക്കൊണ്ട് അവിടുന്നു വി.കുർബാന സ്ഥാപിച്ചത്. സ്നേഹത്തിന്റെ ഈ മഹത്തായ ദൗർബല്യത്തെ പെസഹാദിനത്തിലെന്നപോലെ അനുദിനബലിയിലും നമുക്ക് ആരാധിക്കാം.


*ഫാ. ആന്റണി പൂതവേലിൽ*
15.04.2022.

Leave a comment