വിശുദ്ധ ജെർമെയ്‌ൻ കുസീൻ: ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയാത്തവർ…

“This is the saint we needed ! “

വിശുദ്ധ ജെർമെയ്‌ൻ കുസീനിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ പോപ്പ് ഗ്രിഗറി പതിനാറാമൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.

സ്വാഭാവികമായ യുക്തികൊണ്ട് ചിന്തിച്ചാൽ ഉപയോഗശൂന്യമായ ഒന്നാണ് സഹനം. സന്തോഷമുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന, ആത്മാവിൽ അപ്രിയം ജനിപ്പിക്കുന്ന, അത് പിഞ്ചെല്ലുന്ന നന്മ കാണാൻ ബുദ്ധിമുട്ടുള്ള ഒന്ന്.

സഹനത്തിന്റെ നിർവികാരമായ മുഖത്തേക്ക് നോക്കി അത് സ്വർഗത്തിൽ നിന്നുള്ള മാധുര്യമേറിയ അനുഗ്രഹമാണെന്ന് പറയുക എളുപ്പമാണോ? പക്ഷെ , അഗ്നിയുടെ ശക്തിയാൽ ഏതു കഠിനലോഹവും ഉരുകി മൃദുവാകുന്ന പോലെ ചില ആത്മാക്കളെ അത് രൂപാന്തരപ്പെടുത്തുന്നു…ആത്മാവിൽ കയ്പുനിറയുന്നതിനുപകരം ആർദ്രമായ പുണ്യങ്ങൾ വളർത്തുന്നു.

അമ്മ ചെറുപ്പത്തിലേ മരിച്ചുപോയി , പിന്നെ വന്ന രണ്ടാനമ്മയാണേൽ ക്രൂരമായി പീഡിപ്പിക്കുന്ന ആൾ , മകൾ ഏൽക്കുന്ന അടിയും ഇടിയും ചവിട്ടും വീട്ടിൽ നിന്ന് പുറത്താക്കലും ചൂടുവെള്ളമൊഴിച്ചു പൊള്ളിക്കുന്നതും ആവശ്യത്തിന് ഭക്ഷണമില്ലാതെ , വീട്ടിൽ വളർത്തുന്ന നായയുടെ ഭക്ഷണത്തിന്റെ പങ്ക് പറ്റാൻ നോക്കുന്നതും ഒന്നും കണ്ടില്ലെന്നു നടിച്ച സ്വന്തം അപ്പൻ, തനിക്ക് കിട്ടുന്ന പഴകിയ ഭക്ഷണത്തിൽ പോലും അടുപ്പിലെ ചാരം കൊണ്ടിട്ട് തിന്നാൻ പറ്റാതെ ആക്കുന്ന രണ്ടാനമ്മയുടെ മക്കൾ, ഇതൊന്നും പോരാതെ വിട്ടുമാറാത്ത അസുഖങ്ങളും കയ്യുടെ ശോഷിച്ച അവസ്ഥയും …ഇതെല്ലാം പോരെ ഒരു പെൺകുട്ടിക്ക് ജീവിതം മടുക്കാനും ദൈവത്തോട് ദേഷ്യം തോന്നാനും ?

പക്ഷെ ജെർമെയിനെ നിരാശ കൊണ്ട് കീഴ്പ്പെടുത്താൻ സാത്താന് സാധിച്ചില്ല. “ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ ” എന്ന് പറയും പോലെ അവൾ ദിവ്യകാരുണ്യ ഈശോയിലേക്കും പരിശുദ്ധഅമ്മയിലേക്കും കൂടുതൽ അടുത്തു.മറ്റാരും സംസാരിക്കാനില്ലെന്ന് പരാതി പറഞ്ഞിരിക്കാതെ അവളുടെ മനസ്സിന്റെ ഉള്ളറകളിൽ ദൈവത്തോട് സംസാരിച്ചു. ജപമാലമണികൾ സ്വാധീനമുള്ള ഇടതുകൈയിലൂടെ ഉരുണ്ടുകൊണ്ടിരുന്നു.

ദൈവം അറിയാതെയല്ല ഒന്നും എന്നറിയുന്ന , ദൈവത്തിൽ സമ്പൂർണ്ണശരണം വെക്കുന്ന ആത്മാക്കൾ ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത കൈവെടിയില്ല, അതിന് കാരണക്കാരായവരെ വെറുക്കില്ല. അനീതികളും മുറിവും ഉണ്ടാകുമ്പോൾ ഒറ്റകാര്യത്തിലേക്കു ശ്രദ്ധ വെക്കാം നമ്മുടെ നന്മക്കായാണ് ഇത് സംഭവിക്കാൻ ദൈവം തിരുമനസ്സായതെന്ന്. ‘നിങ്ങളുടെ കുരിശുമെടുത്ത്’ എന്ന കർത്താവിന്റെ വാക്കുകൾ നമ്മളെ സംബന്ധിച്ചിടത്തോളം വ്യക്തിപരമല്ലേ ? അങ്ങനെ ഒരു ബോധ്യം നമുക്കുണ്ടെങ്കിൽ അത് വഹിക്കാനും തയ്യാറാവണം. അതിനു ഭാരം കൂടുതലാണെന്ന് പറയാൻ പറ്റുമൊ ? നമ്മുടെ ശക്തിയുടെ അളവും താങ്ങാനുള്ള കഴിവും എത്രത്തോളമുണ്ടെന്ന് അറിയാവുന്നത് കർത്താവിനല്ലേ ?

നമ്മൾ നന്മ ചെയ്തവരിൽ നിന്നോ, നമ്മളെ പരിപാലിക്കാൻ കടപ്പെട്ടവരിൽ നിന്നോ ഉണ്ടാകുന്ന കുരിശാണ് ക്ഷമയോടെ വഹിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് , എനിക്കും അങ്ങനെതന്നെ. പക്ഷെ നമ്മൾ അത് വഹിക്കുമെന്ന് ദൈവം പ്രതീക്ഷിക്കുന്നുണ്ട് , പരാതി പോലും പറയാതെ. ദൈവത്തെ നിരാശപ്പെടുത്താതിരിക്കാൻ ശ്രമിക്കാം. നമ്മൾ നന്മ ചെയ്തവർ നമ്മളോട് തിരിച്ചു ചെയ്യുന്ന ഉപദ്രവം സഹിക്കുന്നത് ദൈവത്തിന് വളരെ പ്രീതികരമാണ് , കാരണം ഉള്ളിന്റെ ഉള്ളിലുള്ള നമ്മുടെ അഹങ്കാരത്തെ കീഴടക്കാൻ പറ്റുന്നത് ആ സഹനത്തിനാണ്. നമ്മളെ ക്ഷമിക്കാനും സ്നേഹിക്കാനും കർത്താവ് പഠിപ്പിക്കുന്നത് വേദനാജനകമായ അത്‌പോലുള്ള അനേകം സാഹചര്യങ്ങളിലൂടെയാണ്. ജീവിതത്തിൽ പരമപ്രധാനമായത് ദൈവഹിതത്തോടുള്ള അനുസരണമാണെങ്കിൽ സഹനത്തെ സമചിത്തതയോടെ നമ്മൾ സ്വീകരിക്കും .അതിൽനിന്ന് കാലക്രമേണ എന്ത് നന്മയാണുണ്ടാകുക എന്നറിയാവുന്നത് ദൈവത്തിനു മാത്രമാണല്ലോ.

എല്ലാ സഹനങ്ങളെയും ക്ഷമയോടെ സഹിച്ച ജെർമെയിൻ കത്തോലിക്കസഭയുടെ വിശുദ്ധ ആയി അൾത്താരവണക്കത്തിലേക്ക് ഉയർന്നെന്നു മാത്രമല്ല അവളുടെ ശരീരം അഴുകാൻ പോലും അനുവദിക്കാതെ ദൈവം അവളെ മാനിച്ചു. അനുപമമായ സ്വർഗ്ഗീയമഹത്വം അവളെ കാത്തിരുന്നിരുന്നു.

വിശുദ്ധ ജോൺ ക്രിസൊസ്റ്റമിനെ കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തിനി നാടുകടത്തിയപ്പോൾ അദ്ദേഹം എഴുതി :

” നഗരത്തിൽ നിന്ന് ഓടിരക്ഷപ്പെടുമ്പോൾ എനിക്കത് ദൗർഭാഗ്യമാണെന്ന് തോന്നിയില്ല. എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താൽ കവിഞ്ഞൊഴുകുകയായിരുന്നു.ചക്രവർത്തിനി എന്നെ ഭ്രഷ്ടനാക്കുകയാണെങ്കിൽ -ഞാൻ എന്നോട് തന്നെ പറഞ്ഞു – ഞാൻ കരുതും ഭൂമിയും അതുൾക്കൊള്ളുന്ന സകലതും കർത്താവിന്റേതാണെന്ന്. അവർ എന്നെ കടലിലെറിയുകയാണെങ്കിൽ ഞാൻ യോനായെപ്പോലെ കർത്താവിനെ വിളിച്ചപേക്ഷിക്കും. അവർ എന്നെ കല്ലെറിയാൻ കല്പിച്ചാൽ ഞാൻ വിശുദ്ധ സ്റ്റീഫന്റെ കൂട്ടാളിയാകും. അവർ എന്റെ ശിരസ്സ് ഛേദിക്കാൻ തീരുമാനിച്ചാൽ ഞാൻ വിശുദ്ധ സ്നാപകയോഹന്നാന്റെ മഹത്വം സ്വീകരിക്കും. എനിക്കുള്ളതെല്ലാം അവർ അപഹരിച്ചാൽ ഞാൻ ചിന്തിക്കും ഞാൻ നഗ്നനായി ഭൂമിയുടെ അന്തരാളങ്ങളിൽ നിന്ന് വന്നു. അങ്ങനെ തന്നെ അവിടേക്ക് മടങ്ങുകയും ചെയ്യും”.

“അന്ധകാരത്തിന്റെ എല്ലാ ശക്തികളും വളരെ പ്രബലരായി കാണപ്പെട്ടാലും ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു കാര്യം തീർച്ചയാണ്. അന്തിമവിജയം തിന്മയുടെയും മരണത്തിന്റെയും ആവില്ല . ക്രൈസ്തവപ്രത്യാശയുടെ അടിത്തറ ഈ സത്യമാണ്”…. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ .

പ്രാർത്ഥന

കർത്താവെ , സഹനത്തിന്റെ അനന്തമൂല്യം അങ്ങ് ഞങ്ങൾക്ക് മനസ്സിലാക്കി തന്നല്ലോ. സഹനനിമിഷങ്ങളിൽ അങ്ങയെ പഴിക്കാതെ ഞങ്ങൾക്ക് മുൻപ് സ്വർഗത്തിലേക്ക് കരേറിയ അനേകം വിശുദ്ധരെ പിൻചെന്ന് , സ്വർഗ്ഗവാതിൽ തുറക്കാനായി അങ്ങ് കാണിച്ചുതന്ന കുരിശിന്റെ വഴികൾ സന്തോഷത്തോടെ കയറാൻ ഞങ്ങളെ അഭ്യസിപ്പിക്കണമേ .കുരിശിനോടുള്ള ഞങ്ങളുടെ ഭയം നീക്കണമേ .പുനരുത്ഥാനത്തിന്റെ ആനന്ദം പകരണമേ. അങ്ങയുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ അങ്ങയുടെ ചട്ടങ്ങൾ ഞങ്ങൾ അഭ്യസിക്കട്ടെ .. ആമ്മേൻ

ജിൽസ ജോയ് ✍️

Jilsa Joy
Advertisements
Saint Germaine
Advertisements
Advertisement

One thought on “വിശുദ്ധ ജെർമെയ്‌ൻ കുസീൻ: ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയാത്തവർ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s