ലേവ്യ പുസ്തകം, അദ്ധ്യായം 1
ദഹനബലി
1 കര്‍ത്താവു മോശയെ വിളിച്ച് സമാഗമകൂടാരത്തില്‍ നിന്നു പറഞ്ഞു:2 ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങളില്‍ ആരെങ്കിലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ കാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍കൂട്ടത്തില്‍ നിന്നോ ബലിമൃഗത്തെ കൊണ്ടുവരണം.3 ദഹനബലിക്കുള്ള മൃഗം കാലിക്കൂട്ടത്തില്‍നിന്നാണെങ്കില്‍ ഊനമറ്റ ഒരു കാളയെ സമര്‍പ്പിക്കട്ടെ. കര്‍ത്താവിനു സ്വീകാര്യമാകാന്‍ അതിനെ സമാഗമകൂടാരത്തിന്റെ വാതില്ക്കല് സമര്‍പ്പിക്കട്ടെ.4 അവന് ബലിമൃഗത്തിന്റെ തലയില്‍ കൈകള്‍ വയ്ക്കണം. അത് അവന്റെ പാപങ്ങളുടെ പരിഹാരത്തിനായി സ്വീകരിക്കപ്പെടും.5 അവന് കര്‍ത്താവിന്റെ മുന്‍പില്‍വച്ചു കാളക്കുട്ടിയെ കൊല്ലണം. അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര് അതിന്റെ രക്തമെടുത്തു സമാഗമകൂടാരത്തിന്റെ വാതില്ക്കലുള്ള ബലിപീഠത്തിനു ചുറ്റും തളിക്കണം.6 അതിനുശേഷം ബലിമൃഗത്തെ തോലുരിഞ്ഞ് കഷണങ്ങളായി മുറിക്കണം.7 പുരോഹിതരായ അഹറോന്റെ പുത്രന്മാര് ബലിപീഠത്തില്‍ തീ കൂട്ടി അതിനു മുകളില്‍ വിറക് അടുക്കണം.8 അവര്‍ മൃഗത്തിന്റെ കഷണങ്ങളും തലയും മേദസ്സും ബലിപീഠത്തില്‍ തീയ്ക്കു മുകളിലുള്ള വിറകിനുമീതേ അടുക്കിവയ്ക്കണം.9 എന്നാല്‍, അതിന്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളത്തില്‍ കഴുകണം. പുരോഹിതന് എല്ലാം ദഹനബലിയായി, കര്‍ത്താവിനു പ്രീതികരമായ സൗര ഭ്യമായി, ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കണം.10 ദഹനബലിക്കായുള്ള കാഴ്ചമൃഗം ചെമ്മരിയാടോ കോലാടോ ആണെങ്കില്‍ അത് ഊനമറ്റ മുട്ടാടായിരിക്കണം.11 ബലിപീഠത്തിനു വടക്കുവശത്ത്, കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അതിനെ കൊല്ലണം. അതിന്റെ രക്തം അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര് ബലിപീഠത്തിനു ചുറ്റും തളിക്കണം.12 അതിനെ തലയുംമേദസ്സും ഉള്‍പ്പെടെ കഷണങ്ങളായി മുറിക്കണം; പുരോഹിതന്മാര് അവ ബലിപീഠത്തില്‍ തീയ്ക്കു മുകളിലുള്ള വിറകിന്മേല് അടുക്കിവയ്ക്കണം.13 എന്നാല്‍, അതിന്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളംകൊണ്ടു കഴുകണം. പുരോഹിതന് അതു മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ് – അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.14 ദഹനബലിയായി പക്ഷിയെയാണര്‍പ്പിക്കുന്നതെങ്കില്‍, അതു ചെങ്ങാലിയോ പ്രാവിന്‍കുഞ്ഞോ ആയിരിക്കണം.15 പുരോഹിതന് അതിനെ ബലിപീഠത്തില്‍ കൊണ്ടുവന്നു കഴുത്തു പിരിച്ചു മുറിച്ച്, ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. രക്തം ബലിപീഠത്തിന്റെ പാര്‍ശ്വത്തില്‍ ഒഴുക്കിക്കളയണം.16 അതിന്റെ ആമാശയവും തൂവലുകളും ബലിപീഠത്തിനു കിഴക്കുവശത്ത്, ചാരം ശേഖരിക്കുന്ന സ്ഥലത്തിടണം.17 അതിനെ ചിറകുകളില്‍ പിടിച്ച് വലിച്ചുകീറണം. എന്നാല്‍, രണ്ടായി വേര്‍പെടുത്തരുത്. പുരോഹിതന് അതിനെ ബലിപീഠത്തില്‍ തീയുടെ മുകളിലുള്ള വിറകിനുമീതേ വച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ്. അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.
The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation


Categories: POC Malayalam Bible