The Book of Leviticus, Chapter 10 | ലേവ്യര്‍, അദ്ധ്യായം 10 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 10

നാദാബും അബിഹുവും

1 അഹറോന്റെ പുത്രന്‍മാരായ നാദാബും അബിഹുവും തങ്ങളുടെ ധൂപകലശങ്ങളെടുത്ത് തീ കൊളുത്തി. അതില്‍ കുന്തുരുക്കമിട്ട് കര്‍ത്താവിന്റെ മുന്‍പില്‍ അര്‍പ്പിച്ചു. അവിടുന്ന് കല്‍പിച്ചിട്ടില്ലായ്കയാല്‍ ആ അഗ്‌നി അവിശുദ്ധമായിരുന്നു.2 അതിനാല്‍, കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്‌നി ഇറങ്ങിവന്ന് അവരെ വിഴുങ്ങി. അവര്‍ അവിടുത്തെ മുന്‍പില്‍വച്ചു മരിച്ചു.3 അപ്പോള്‍മോശ അഹറോനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു, എന്നെ സമീപിക്കുന്നവര്‍ക്ക് ഞാന്‍ പരിശുദ്ധനാണെന്നു കാണിച്ചുകൊടുക്കും. എല്ലാ ജനങ്ങളുടെയും മുന്‍പില്‍ എന്റെ മഹത്വം ഞാന്‍ വെളിപ്പെടുത്തും. അഹറോന്‍ നിശ്ശബ്ദനായിരുന്നു.4 മോശ അഹറോന്റെ പിതൃസഹോദര നായ ഉസിയേലിന്റെ പുത്രന്‍മാരായ മിഷായെലിനെയും എല്‍സഫാനെയും വിളിച്ചുപറഞ്ഞു: വന്നു നിങ്ങളുടെ സഹോദരന്‍മാരെ കൂടാരത്തിനു മുന്‍പില്‍നിന്നു പാളയത്തിനു വെളിയില്‍ കൊണ്ടുപോകുവിന്‍.5 മോശ പറഞ്ഞതുപോലെ അവര്‍ ചെന്ന് അവരെ കുപ്പായങ്ങളോടുകൂടെ എടുത്തു പാളയത്തിനു പുറത്തുകൊണ്ടുപോയി.6 അനന്തരം, മോശ അഹറോനോടും അവന്റെ പുത്രന്‍മാരായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: നിങ്ങള്‍ തല നഗ്‌നമാക്കുകയോ വസ്ത്രം വലിച്ചുകീറുകയോ അരുത്. അങ്ങനെ ചെയ്താല്‍, നിങ്ങള്‍ മരിക്കുകയും ജനം മുഴുവന്റെയും മേല്‍ ദൈവകോപം നിപതിക്കുകയും ചെയ്യും. എന്നാല്‍, ഇസ്രായേല്‍ ഭവനം മുഴുവനിലുമുള്ള നിങ്ങളുടെ സഹോദരര്‍ കര്‍ത്താവ് അയച്ച അഗ്‌നിയെക്കുറിച്ചു വിലപിച്ചുകൊള്ളട്ടെ.7 കര്‍ത്താവിന്റെ അഭിഷേകതൈലം നിങ്ങളുടെമേല്‍ ഉള്ളതിനാല്‍ നിങ്ങള്‍ സമാഗമകൂടാരത്തിന്റെ വാതില്‍വിട്ടു പുറത്തുപോകരുത്. പോയാല്‍, നിങ്ങള്‍ മരിക്കും. അവര്‍ മോശയുടെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു.

പുരോഹിതര്‍ക്കു നിയമങ്ങള്‍

8 കര്‍ത്താവ് അഹറോനോടു പറഞ്ഞു:9 നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.10 വിശുദ്ധ വും അവിശുദ്ധവും, ശുദ്ധവും അശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം.11 കര്‍ത്താവ്‌മോശവഴി കല്‍പിച്ചിട്ടുള്ളവയെല്ലാം അനുഷ്ഠിക്കാന്‍ നിങ്ങള്‍ ഇസ്രായേല്‍ ജനത്തെ പഠിപ്പിക്കുകയും വേണം.12 മോശ അഹറോനോടും അവന്റെ ശേഷിച്ച രണ്ടു മക്കളായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: കര്‍ത്താവിനു സമര്‍പ്പിച്ച ധാന്യബലിയില്‍നിന്ന് അഗ്‌നിയില്‍ ദഹിപ്പിച്ചതിനുശേഷമുള്ള ഭാഗമെടുത്ത് ബലിപീഠത്തിനു സമീപംവച്ച് പുളിപ്പു ചേര്‍ക്കാതെ ഭക്ഷിക്കുക. എന്തെന്നാല്‍, അത് അതിവിശുദ്ധമാണ്.13 നിങ്ങള്‍ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന്റെ ദഹനബലികളില്‍ നിന്ന് നിനക്കും നിന്റെ പുത്രന്‍മാര്‍ക്കും ഉള്ള അവകാശമാണ്. ഇങ്ങനെയാണ് എന്നോടു കല്‍പിച്ചിരിക്കുന്നത്.14 എന്നാല്‍, നീരാജനം ചെയ്ത നെഞ്ചും കാഴ്ചവച്ച കുറകും ശുദ്ധിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ച് നീയും നിന്റെ പുത്രന്‍മാരും പുത്രികളും ഭക്ഷിച്ചു കൊള്ളുവിന്‍. ഇസ്രായേല്‍ ജനത്തിന്റെ സമാധാനബലികളില്‍നിന്നു നിനക്കും നിന്റെ സന്തതികള്‍ക്കുമുള്ള അവകാശമാണത്.15 അര്‍പ്പിക്കാനുള്ള കുറകും നീരാജനംചെയ്യാനുള്ള നെഞ്ചും ദഹനബലിക്കുള്ളമേദസ്‌സോടുകൂടെ അവര്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീരാജനം ചെയ്യാന്‍ കൊണ്ടുവരണം. കര്‍ത്താവു കല്‍പിച്ചിട്ടുള്ളതുപോലെ നിനക്കും നിന്റെ മക്കള്‍ക്കും നിത്യമായി നല്‍കിയിരിക്കുന്ന അവകാശമാണത്.16 അനന്തരം, മോശ പാപപരിഹാരബലിക്കുള്ള കോലാടിനെ അന്വേഷിച്ചപ്പോള്‍ അതു ദഹിപ്പിക്കപ്പെട്ടിരിക്കുന്നതായിക്കണ്ടു. അവന്‍ അഹറോന്റെ ശേഷിച്ച പുത്രന്‍മാരായ എലെയാസറിനോടും ഇത്താമറിനോടും കോപത്തോടെ പറഞ്ഞു:17 നിങ്ങള്‍ എന്തുകൊണ്ട് പാപപരിഹാരബലി വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും, സമൂഹത്തിന്റെ കുറ്റം വഹിക്കാനും കര്‍ത്താവിന്റെ മുന്‍പില്‍ അവര്‍ക്കുവേണ്ടി പരിഹാരം അനുഷ്ഠിക്കാനും ആയി നിങ്ങള്‍ക്കു തന്നിരുന്നതുമാണല്ലോ.18 അതിന്റെ രക്തം നിങ്ങള്‍ കൂടാരത്തിനകത്തു കൊണ്ടുവന്നില്ല; ഞാന്‍ നിങ്ങളോടു കല്‍പിച്ചിരുന്നതുപോലെ നിങ്ങള്‍ അതു വിശുദ്ധ സ്ഥലത്തുവച്ചുതന്നെ ഭക്ഷിക്കേണ്ടതായിരുന്നു.19 അപ്പോള്‍ അഹറോന്‍ മോശയോടു പറഞ്ഞു: ഇതാ ഇന്ന് അവര്‍ തങ്ങളുടെ ദഹന ബലിയും പാപപരിഹാരബലിയും കര്‍ത്താവിന്റെ സന്നിധിയില്‍ അര്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും ഇവയൊക്കെ എനിക്കു സംഭവിച്ചു. ഞാന്‍ ഇന്നു പാപപരിഹാരബലി ഭക്ഷിച്ചിരുന്നുവെങ്കില്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ അതു സ്വീകാര്യമാകുമായിരുന്നോ?20 അതു കേട്ടപ്പോള്‍ മോശയ്ക്കു തൃപ്തിയായി.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Leave a comment