ലേവ്യ പുസ്തകം, അദ്ധ്യായം 18
ലൈംഗികതയുടെ വിശുദ്ധി
1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്.3 നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്.4 നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്പനകളുമനുസരിച്ചു വ്യാപരിക്കണം.5 നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്. നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക. അവ അനുസരിക്കുന്നവന് അതിനാല്‍ ജീവിക്കും. ഞാനാണ് കര്‍ത്താവ്.6 നിങ്ങളില്‍ ആരും തന്റെ ചാര്‍ച്ചക്കാരുടെ നഗ്നത അനാവൃതമാക്കാന് അവരെ സമീപിക്കരുത്. ഞാനാണ് കര്‍ത്താവ്.7 നിന്റെ മാതാവിന്റെ നഗ്നത അനാവൃതമാക്കി നിന്റെ പിതാവിനെ അപമാനിക്കരുത്. അവള് നിന്റെ അമ്മയായതുകൊണ്ടും അവളുടെ നഗ്നത അനാവൃതമാക്കരുത്.8 നിന്റെ പിതാവിന്റെ ഭാര്യയുടെ നഗ്നത നീ അനാവൃതമാക്കരുത്. അതു നിന്റെ പിതാവിന്റെ തന്നെ നഗ്നതയാണ്.9 നിന്റെ സഹോദരിയുടെ – നിന്റെ പിതാവിന്റെ യോ മാതാവിന്റെ യോ പുത്രിയുടെ, അവള് സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ – നഗ്നത അനാവൃതമാക്കരുത്.10 നിന്റെ മകന്റെ മകളുടെയോ മകളുടെ മകളുടെയോ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവരുടെ നഗ്നത നിന്റെ തന്നെ നഗ്നതയാണ്.11 നിന്റെ പിതാവിന്റെ ഭാര്യയില്‍ അവനു ജനിച്ച മകള്‍ നിന്റെ സഹോദരിയാണ്; നീ അവളുടെ നഗ്നത അനാവൃത മാക്കരുത്.12 നിന്റെ പിതാവിന്റെ സഹോദരിയുടെ നഗ്നത നീ അനാവൃതമാക്കരുത്; അവള് നിന്റെ പിതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്.13 നിന്റെ മാതാവിന്റെ സഹോദരിയുടെ നഗ്നത നീ അനാവൃതമാക്കരുത്; അവള് നിന്റെ മാതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്.14 നിന്റെ പിതൃസഹോദരനെ അവന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കി അപമാനിക്കരുത്. അവള് നിന്റെ ചാര്‍ച്ചക്കാരിയാണ്.15 നിന്റെ മരുമകളുടെ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവള് നിന്റെ പുത്രന്റെ ഭാര്യയാണ്. അവളുടെ നഗ്നത നീ അനാവൃതമാക്കരുത്.16 നിന്റെ സഹോദരന്റെ ഭാര്യയുടെ നഗ്നത നീ അനാവൃതമാക്കരുത്. അതു നിന്റെ സഹോദരന്റെ നഗ്നതയാണ്.17 ഒരു സ്ത്രീയുടെയും അവളുടെതന്നെ മകളുടെയും നഗ്നത നീ അനാവൃതമാക്കരുത്. അവളുടെ പുത്രന്റെ യോ പുത്രിയുടെയോ മകളുടെ നഗ്നത നീ അനാവൃതമാക്കരുത്. അവര്‍ അവളുടെ അടുത്ത ചാര്‍ച്ചക്കാരികളാണ്. അത് അധര്‍മമാണ്.18 ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കി അവളെ നീ പരിഗ്രഹിക്കരുത്.19 ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത നീ അനാവൃതമാക്കരുത്.20 നിന്റെ അയല്ക്കാരന്റെ ഭാര്യയോടുകൂടെ ശയിച്ച് അവള് നിമിത്തം നീ അശുദ്ധനാകരുത്.21 നിന്റെ സന്തതികളില്‍ ഒന്നിനെയും മോളെക്കിനു ബലിയര്‍പ്പിച്ച് ദൈവനാമത്തെ അശുദ്ധമാക്കരുത്. ഞാനാണ് കര്‍ത്താവ്.22 സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.23 സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്.24 ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.25 ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും.26 നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛ മായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം.27 നിങ്ങള്‍ക്കുമുന്‍പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛ തകള്കൊണ്ട് നാട് മലിനമാക്കി.28 ആകയാല്‍, ഈദേശം നിങ്ങള്ക്കുമുന്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി നിങ്ങളെയും പുറന്ത ള്ളാതിരിക്കാന് സൂക്ഷിച്ചുകൊള്ളുവിന്‍.29 ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന് സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.30 നിങ്ങള്ക്കുമുന്പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ കല്പന അനുസരിക്കുവിന്‍. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation


Categories: POC Malayalam Bible