The Book of Leviticus, Chapter 22 | ലേവ്യര്‍, അദ്ധ്യായം 22 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 22

ബലിവസ്തുഭോജനം

1 കര്‍ത്താവ് മോശയോടു കല്‍പിച്ചു:2 ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്റെ പരിശുദ്ധനാമത്തെ അശുദ്ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന് അഹറോനോടും സന്തതികളോടും പറയുക. ഞാനാണ് കര്‍ത്താവ്.3 നിങ്ങളുടെ സന്തതിപരമ്പരകളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ, ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനു സമര്‍പ്പിച്ചവിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവന്‍ എന്റെ സന്നിധിയില്‍ നിന്നു വിച്‌ഛേദിക്കപ്പെടും.4 ഞാനാണ് കര്‍ത്താവ്. അഹറോന്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗിയോ ബീജസ്രാവക്കാരനോ ആണെങ്കില്‍ അവന്‍ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.5 ബീജസ്രാവമുള്ളവനും മരിച്ചവനെയോ ഇഴജന്തുവിനെയോ മനുഷ്യനിലുള്ള ഏതെങ്കിലും മാലിന്യത്തെയോ സ്പര്‍ശിച്ച് അശുദ്ധനായവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.6 സ്‌നാനം ചെയ്തല്ലാതെ അവന്‍ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്.7 സൂര്യന്‍ അസ്തമിക്കുമ്പോള്‍ അവന്‍ ശുദ്ധിയുള്ളവനായിരിക്കും. അതിനുശേഷം അവന് വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കാം. എന്തെന്നാല്‍ അത് അവന്റെ ഭക്ഷണമാണ്.8 ചത്തതോ കാട്ടുമൃഗങ്ങള്‍ കൊന്നതോ ആയ ഒരു മൃഗത്തെയും ഭക്ഷിച്ച് അവര്‍ മാലിന്യമേല്‍ക്കരുത്. ഞാനാണ് കര്‍ത്താവ്.9 പാപം ചെയ്യാതിരിക്കുന്നതിനും, വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കി മരിക്കാതിരിക്കുന്നതിനുമായി അവര്‍ എന്റെ കല്‍പന അനുസരിക്കണം. കര്‍ത്താവായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നത്.10 അന്യര്‍ ആരും വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. പുരോഹിതന്റെ അടുക്കല്‍ വന്നു വസിക്കുന്നവനോ കൂലിവേലക്കാരനോ അതു ഭക്ഷിക്കരുത്.11 എന്നാല്‍, പുരോഹിതന്‍ വിലയ്ക്കു വാങ്ങുകയോ അവന്റെ ഭവനത്തില്‍ ജനിക്കുകയോ ചെയ്ത അടിമകള്‍ക്ക് അതു ഭക്ഷിക്കാം.12 പുരോഹിതന്റെ മകള്‍ പുരോഹിതേതര കുടുംബത്തില്‍ വിവാഹിതയായാല്‍ അവള്‍ വിശുദ്ധ വസ്തുക്കള്‍ ഭക്ഷിച്ചുകൂടാ.13 എന്നാല്‍ പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതികളില്ലാതെയൗവനത്തിലെന്നപോലെ പിതൃഭവനത്തിലേക്കു തിരിച്ചുവരുകയാണെങ്കില്‍ പിതാവിന്റെ ഓഹരി അവള്‍ക്കു ഭക്ഷിക്കാം.14 അന്യര്‍ അതു ഭക്ഷിച്ചുകൂടാ. ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിന്റെ വിലയുടെ അഞ്ചിലൊരു ഭാഗംകൂടി ചേര്‍ത്ത് പുരോഹിതനെ ഏല്‍പിക്കണം.15 ഇസ്രായേല്‍ജനം തങ്ങളുടെ കര്‍ത്താവിനു സമര്‍പ്പിച്ചവിശുദ്ധവസ്തുക്കളൊന്നും പുരോഹിതന്‍ അശുദ്ധമാക്കരുത്.16 വിശുദ്ധ വസ്തുക്കള്‍ ഭക്ഷിച്ചു തങ്ങളുടെമേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തിവയ്ക്കരുത്. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.17 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:18 അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ജനത്തോടും പറയുക, ഇസ്രായേല്‍ ഭവനത്തിലോ ഇസ്രായേലിലെ പരദേശികളിലോ ഉള്ള ആരെങ്കിലും കര്‍ത്താവിനു ദഹന ബലിയായി നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ സമര്‍പ്പിക്കുമ്പോള്‍19 അതു സ്വീകാര്യമാകണമെങ്കില്‍ കാഴ്ചവയ്ക്കുന്നത് മാടുകളിലോ ചെമ്മരിയാടുകളിലോ കോലാടുകളിലോ നിന്നെടുത്ത ഊനമറ്റ ഒരു ആണ്‍ മൃഗമായിരിക്കണം.20 ന്യൂനതയുള്ള ഒന്നിനെയും കാഴ്ചവയ്ക്കരുത്. അതു സ്വീകാര്യമാകുകയില്ല.21 ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ചയും സ്വാഭീഷ്ടക്കാഴ്ചയും സമാധാനബലിയായി അര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ കാലിക്കൂട്ടത്തിലോ ആട്ടിന്‍കൂട്ടത്തിലോ നിന്നെടുത്ത ഊനമറ്റ മൃഗത്തെ കാഴ്ചവയ്ക്കണം. അതിന് ഒരുന്യൂനതയും ഉണ്ടായിരിക്കരുത്.22 അന്ധതയുള്ളതോ അംഗഭംഗം സംഭവിച്ചതോ മുടന്തുള്ളതോ എന്തെങ്കിലും വ്രണമോ തടിപ്പോ പുഴുക്കടിയോ ഉള്ളതോ ആയ ഒന്നിനെയും കര്‍ത്താവിനു സമര്‍പ്പിക്കരുത്. ഇവയെ കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലിയായി അര്‍പ്പിക്കരുത്.23 അവയവങ്ങളില്‍ എന്തെങ്കിലും കുറവോ കൂടുതലോ ഉള്ള കാളയെയോ ആടിനെയോ സ്വാഭീഷ്ടക്കാഴ്ചയായി അര്‍പ്പിക്കാം. എന്നാല്‍, നേര്‍ച്ചയായി അതു സ്വീകാര്യമല്ല.24 വൃഷണങ്ങള്‍ ഉടച്ചതോ ചതച്ചതോ എടുത്തുകളഞ്ഞതോ മുറിച്ചതോ ആയ മൃഗത്തെനിങ്ങളുടെ ദേശത്തുവച്ച് കര്‍ത്താവിന് കാഴ്ചവയ്ക്കരുത്.25 വിദേശികളില്‍നിന്നു നിങ്ങള്‍ക്കു കിട്ടിയ ഇത്തരം ഒരു മൃഗത്തെയും നിങ്ങളുടെ ദൈവത്തിനു ഭോജനബലിയായി അര്‍പ്പിക്കരുത്. അവയ്ക്ക്‌ന്യൂനതയുണ്ട്. അംഗഭംഗമുള്ളതാകയാല്‍ അവ സ്വീകാര്യമല്ല.26 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:27 ഒരു കാളയോ ചെമ്മരിയാടോ കോലാടോ ജനിച്ചാല്‍ അതു തള്ളയോടുകൂടെ ഏഴുദിവസം നില്‍ക്കട്ടെ: എട്ടാംദിവസം മുതല്‍ കര്‍ത്താവിനു ദഹനബലിക്ക് അതു സ്വീകാര്യമായിരിക്കും.28 പശുവോ പെണ്ണാടോ എന്തുതന്നെയായാലും തള്ളയെയും കുട്ടിയെയും ഒരേ ദിവസംതന്നെ കൊല്ലരുത്.29 കൃതജ്ഞതാബലിയര്‍പ്പിക്കുമ്പോള്‍ കര്‍ത്താവിനു സ്വീകാര്യമാകുന്ന വിധത്തില്‍ വേണം അത് അര്‍പ്പിക്കാന്‍.30 അത് അന്നുതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പിറ്റേദിവസം രാവിലെവരെ ശേഷിക്കരുത്. ഞാനാണ് കര്‍ത്താവ്.31 നിങ്ങള്‍ എന്റെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. ഞാനാണ് കര്‍ത്താവ്.32 ഇസ്രായേല്‍ ജനങ്ങളുടെയിടയില്‍ എന്റെ പരിശുദ്ധി പ്രഘോഷിക്കപ്പെടേണ്ടതാകയാല്‍ നിങ്ങള്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുത്. നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണ്.33 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഞാനാണ് ഈജിപ്തുദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നത്. ഞാനാണ് കര്‍ത്താവ്.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Leave a comment