The Book of Leviticus, Chapter 5 | ലേവ്യര്‍, അദ്ധ്യായം 5 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 5

1 സാക്ഷ്യം നല്കാന്‍ ശപഥപൂര്‍വം ആവശ്യപ്പെട്ടിട്ടും താന്‍ കാണുകയോ മനസ്‌സിലാക്കുകയോ ചെയ്ത കാര്യം ഏറ്റുപറയായ്കമൂലം പാപംചെയ്യുന്നവന്‍ അതിന്റെ കുറ്റം ഏല്‍ക്കണം.2 ആരെങ്കിലും അശുദ്ധമായ വസ്തുവിനെ – അശുദ്ധമായ വന്യമൃഗം, കന്നുകാലി, ഇഴജന്തു ഇവയില്‍ ഏതിന്റെ യെങ്കിലും ശവത്തെ – സ്പര്‍ശിക്കുകയും അവന്‍ അത് അറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന്‍ അശുദ്ധനും കുറ്റക്കാരനുമായിരിക്കും.3 ഒരുവന്‍ തന്നെ അശുദ്ധനാക്കുന്ന ഏതെങ്കിലും തരത്തിലുള്ള മാനുഷിക മാലിന്യത്തെ സ്പര്‍ശിക്കുകയും അത് അറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.4 നന്‍മയാകട്ടെ, തിന്‍മയാകട്ടെ, താന്‍ അതു ചെയ്യുമെന്ന് ഒരുവന്‍ അവിവേകമായി ആണയിട്ടു പറയുകയും അക്കാര്യം വിസ്മരിക്കുകയും ചെയ്താല്‍, ഓര്‍മിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.5 ഇവയില്‍ ഏതെങ്കിലും കാര്യത്തില്‍ ഒരുവന്‍ കുറ്റക്കാരനാണെങ്കില്‍ അവന്‍ തന്റെ പാപം ഏറ്റുപറയണം.6 അവന്‍ ഒരു പെണ്‍ചെമ്മരിയാടിനെയോ പെണ്‍കോലാടിനെയോ കര്‍ത്താവിനു പാപപരിഹാരബലിയായി അര്‍പ്പിക്കണം. പുരോഹിതന്‍ അവനുവേണ്ടി പാപ പരിഹാരം ചെയ്യുകയും വേണം.7 ആട്ടിന്‍കുട്ടിയെ നല്‍കാന്‍ കഴിവില്ലെങ്കില്‍ അവന്റെ പാപത്തിനു പരിഹാരമായി രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്റെ മുന്‍പില്‍ കൊണ്ടുവരണം; ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കും.8 അവയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ ആദ്യം പാപപരിഹാരബലിക്കുള്ളതിനെ അര്‍പ്പിക്കണം; അതിന്റെ കഴുത്തു പിരിച്ചൊടിക്കണം; തല വേര്‍പെടുത്തരുത്.9 ബലിയര്‍പ്പിച്ച പക്ഷിയുടെ കുറെരക്തമെടുത്ത് പുരോഹിതന്‍ ബലിപീഠത്തിന്റെ പാര്‍ശ്വത്തില്‍ തളിക്കണം. ശേഷിച്ച രക്തം ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴുക്കിക്കളയണം. ഇതു പാപപരിഹാരബലിയാണ്.10 രണ്ടാമത്തേതിനെ വിധിപ്രകാരം ദഹന ബലിയായി സമര്‍പ്പിക്കണം. പുരോഹിതന്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.11 രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ നല്‍കാന്‍ കഴിവില്ലെങ്കില്‍ താന്‍ ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ഒരു ഏഫായുടെ പത്തിലൊന്നുനേരിയ മാവ് അവന്‍ പാപപരിഹാരബലിക്കായി നല്‍കണം. പാപപരിഹാരബലിക്കുവേണ്ടിയുള്ളതാകയാല്‍ അതില്‍ എണ്ണയൊഴിക്കുകയോ കുന്തുരുക്കമിടുകയോ അരുത്.12 അത് പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അതില്‍നിന്ന് സ്മരണാംശമായി ഒരുകൈ മാവ് എടുത്തു കര്‍ത്താവിനുള്ള ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പാപപരിഹാര ബലിയാണ്.13 മേല്‍പറഞ്ഞവയില്‍ ഒരുവന്‍ ചെയ്ത പാപത്തിന് പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും. ശേഷിച്ച മാവ് ധാന്യബലിയിലെന്നതുപോലെ പുരോഹിതനുള്ളതാണ്.

പ്രായശ്ചിത്തബലി

14 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:15 കര്‍ത്താവിനു നല്‍കേണ്ട കാണിക്ക കളുടെ കാര്യത്തില്‍ ആരെങ്കിലും അറിയാതെ തെറ്റുചെയ്താല്‍ വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് നീ നിശ്ചയിക്കുന്നത്ര ഷെക്കല്‍ വെള്ളി വിലയുള്ള ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്‍പറ്റത്തില്‍നിന്നു പ്രായശ്ചിത്തബലിയായി അര്‍പ്പിക്കണം.16 വിശുദ്ധ വസ്തുക്കള്‍ക്കു നഷ്ടം വരുത്തുന്നവന്‍ പരിഹാരത്തുകയും അതിന്റെ അഞ്ചിലൊന്നുംകൂടി പുരോഹിതനെ ഏല്‍പിക്കണം. പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള മുട്ടാടിനെ അര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യട്ടെ. അപ്പോള്‍ അവന്റെ കുറ്റം ക്ഷമിക്കപ്പെടും.17 കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച് പാപംചെയ്യുന്നവന്‍, അറിയാതെയാണ് അതു ചെയ്തതെങ്കില്‍ത്തന്നെയും, കുറ്റക്കാരനാണ്. അവന്‍ തന്റെ തെറ്റിന് ഉത്തരവാദിയായിരിക്കും.18 പ്രായശ്ചിത്തബലിയുടെ ചെലവനുസരിച്ച് നീ നിശ്ചയിക്കുന്ന വിലയ്ക്കുള്ളതും ഊനമറ്റതുമായ ഒരു മുട്ടാടിനെ അവന്‍ ആട്ടിന്‍പറ്റത്തില്‍നിന്നു പുരോഹിതന്റെ യടുക്കല്‍ കൊണ്ടുവരണം. അറിയാതെചെയ്ത പാപത്തിന് പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.19 ഇതു പ്രായശ്ചിത്തബലിയാണ്. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ കുറ്റക്കാരനാണല്ലോ.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Leave a comment